പുണ്യ വിഗ്രഹങ്ങൾ എത്തി; നവരാത്രി ആഘോഷം തുടങ്ങി

Tuesday 23 September 2025 2:13 AM IST

തിരുവനന്തപുരം: ചരിത്രവും പാരമ്പര്യവും ഓർമ്മിപ്പിച്ച മൂന്നുദിവസത്തെ ഭക്തനിർഭരമായ ഘോഷയാത്രയ്ക്കൊടുവിൽ അനന്തപുരിയിലെത്തിയ നവരാത്രി വിഗ്രഹങ്ങളെ ഭക്തസഹസ്രങ്ങൾ ആഘോഷാരവങ്ങളോടെ എതിരേറ്റു. വിഗ്രഹങ്ങൾ പൂജയ്ക്കിരുത്തിയതോടെ നവരാത്രി സംഗീതോത്സവവും ആരംഭിച്ചു.

ഇന്നലെ വൈകിട്ട് കരമന മുതൽ നവരാത്രി ഘോഷയാത്രയ്‌ക്കൊപ്പം അണിചേരാനും രാത്രി 8 കഴിഞ്ഞ് ശ്രീപദ്മനാഭന്റെ മുന്നിൽ സരസ്വതിദേവീ വിഗ്രഹം എത്തുന്നത് കാണാനും ഭക്തർ കാത്തുനിന്നു. വാദ്യമേളങ്ങളുടെ അകമ്പടിയോടെ എത്തിയ വിഗ്രഹ ഘോഷയാത്രയെ ഭക്ത‌ർ പുഷ്പവൃഷ്ടിയോടെ സ്വീകരിക്കുകയായിരുന്നു,

പദ്മനാഭപുരം കൊട്ടാരത്തിലെ തേവാരക്കെട്ടിലേക്ക് സരസ്വതിദേവീയെ ആനപ്പുറത്തും ശുചീന്ദ്രം മുന്നൂറ്റി നങ്കയെ പല്ലക്കിലുമാണ് എഴുന്നള്ളിച്ചത്. കരമന ഗ്രാമത്തിലെ സത്യവാഗീശ്വരീക്ഷേത്രത്തിൽ മുന്നിൽ നിന്ന് വെള്ളിക്കുതിരപ്പുറത്താണ് ആയോധനകലയുടെ ദേവനായ വേളിമല കുമാരസ്വാമിയെ എഴുന്നള്ളിച്ചത്. ഘോഷയാത്ര കിഴക്കേകോട്ടയിൽ എത്തിയപ്പോൾ ശ്രീപദ്മനാഭസ്വാമി ക്ഷേത്രം സ്ഥാനി മൂലം തിരുനാൾ രാമവർമ്മ വിഗ്രഹങ്ങളെ താണുവണങ്ങി ആചാരപൂർവം വരവേറ്റു. രാജാവ് അകമ്പടി പോകുന്നതിന് സമാനമായി ഘോഷയാത്രയ്‌ക്കൊപ്പം കൊണ്ടുവരുന്ന ഉടവാൾ അദ്ദേഹം ഏറ്റുവാങ്ങി. രാജകുടുംബാംഗങ്ങളായ അശ്വതി തിരുനാൾ രാമവർമ്മ, അവിട്ടം തിരുനാൾ ആദിത്യവർമ, പൂയം തിരുനാൾ ഗൗരി പാർവതിബായി, അശ്വതി തിരുനാൾ ഗൗരിലക്ഷ്മിബായി തുടങ്ങിയവർ അക്ഷരദേവതയെയും കുമാരസ്വാമിയെയും മുന്നൂറ്റി നങ്കയെയും കരുവേലപ്പുര മാളികയ്ക്ക് മുന്നിൽ നിന്ന് വണങ്ങി വരവേറ്റു. കോട്ടയ്ക്കകത്തെ സ്വീകരണച്ചടങ്ങിൽ കൊട്ടാരം ട്രസ്റ്റ് അഡ്മിനിസ്‌ട്രേറ്റർ ആർ.രാജരാജവർമ്മ,സെക്രട്ടറി ഡി.വെങ്കിടേശ്വര അയ്യർ,ശ്രീപദ്മനാഭസ്വാമി ക്ഷേത്രം ഭരണസമിതി അംഗങ്ങളായ എ.വേലപ്പൻനായർ,കരമന ജയൻ,എക്സിക്യൂട്ടീവ് ഓഫീസർ ബി.മഹേഷ് തുടങ്ങിയവർ പങ്കെടുത്തു. പദ്മതീർത്ഥക്കുളത്തിലെ ആറാട്ടിനുശേഷം സരസ്വതീദേവിയെ പകടശാലയിൽ പൂജയ്ക്കിരുത്തി.ഇന്ന് രാവിലെ നവരാത്രി മണ്ഡപത്തിൽ പൂജ വയ്ക്കും.വേളിമല കുമാരസ്വാമിയെ വലിയശാല ദേവീക്ഷേത്രത്തിലേക്കും ശുചീന്ദ്രം മുന്നൂറ്റി നങ്കയെ ചെന്തിട്ട ദേവീക്ഷേത്രത്തിലേക്കും പൂജയ്ക്കായി കൊണ്ടുപോയി.10 ദിവസം വിഗ്രഹങ്ങൾ തലസ്ഥാനത്തുണ്ടാകും. ഒക്ടോബർ 2നാണ് പൂജയെടുപ്പ്. തുടർന്ന് കുമാരസ്വാമിയുടെ പൂജപ്പുരയിലേക്കുള്ള പള്ളിവേട്ടയാത്ര. പിറ്റേന്ന് നല്ലിരുപ്പ്. 4ന് മടക്കയാത്ര. 6ന് മാതൃക്ഷേത്രങ്ങളിൽ വിഗ്രഹങ്ങൾ എത്തിച്ചേരും.