പ്രതിസന്ധിയിലാക്കി മഞ്ഞളിപ്പ് രോഗം: കർഷകരെ ഇഞ്ചി ചതിച്ചു

Monday 22 September 2025 11:46 PM IST
കൊയിലോത്ത് ഭാസ്‌കരൻ പേരാവൂർ ഞാണക്കരയിൽ കൃഷി ചെയ്ത ഇഞ്ചി രോഗം ബാധിച്ച് നശിച്ച നിലയിൽ

പേരാവൂർ: ഇഞ്ചിയിലെ മഞ്ഞളിപ്പും പഴുപ്പും കർഷകരെ ആശങ്കയിലാഴ്ത്തുന്നു. പേരാവൂർ, കണിച്ചാർ പഞ്ചായത്തുകളിലെ വിവിധ പ്രദേശങ്ങളിൽ കൃഷി ചെയ്ത ഇഞ്ചിയിലാണ് രോഗബാധ കൂടുതലായി കാണുന്നത്. ഇതോടെ വ്യാപകമായി ഇഞ്ചി കൃഷി നശിച്ചു. കണിച്ചാർ ചാണപ്പാറ സ്വദേശി കൊയിലോത്ത് ഭാസ്‌കരൻ പേരാവൂർ പഞ്ചായത്ത് അഞ്ചാം വാർഡ് ഞാണക്കരയിൽ സ്വകാര്യ വ്യക്തിയുടെ സ്ഥലം പാട്ടത്തിനെടുത്ത് കൃഷി ചെയ്ത ഒന്നരയേക്കറോളം സ്ഥലത്തെ ഇഞ്ചി കൃഷി പൂർണ്ണമായും നശിച്ചു. ഫംഗസ് രോഗബാധയാണ് ഇഞ്ചി കൃഷിയെ പ്രതിസന്ധിയിലാക്കുന്നതെന്നാണ് കാർഷിക മേഖലയിലുള്ളവർ പറയുന്നത്.

ഇഞ്ചി വിത്ത് നട്ട് ഒന്നര മാസം കഴിഞ്ഞ് വളപ്രയോഗവും നടത്തിക്കഴിഞ്ഞപ്പോഴേക്കും രോഗം പടർന്ന് പിടിക്കുന്ന സ്ഥിതിയിലായി. കാലാവസ്ഥയിലുണ്ടായ വ്യതിയാനമാണ് കർഷകർക്ക് തിരിച്ചടിയാകുന്നത്. ഇത്തവണ വേനൽമഴ നേരത്തേ വന്നത് ഇഞ്ചി കർഷകർക്ക് ഗുണകരമായിരുന്നു. എന്നാൽ പിന്നീട് അതിശക്തമായി തുടരുന്ന മഴയിൽ മറ്റ് കൃഷികൾ നശിക്കുന്നതിനൊപ്പം ഇഞ്ചി കൃഷിക്കും പൂപ്പൽ രോഗം ബാധിച്ച് കൃഷി നശിക്കുകയാണെന്ന് കർഷകർ പറയുന്നു. കൃഷി വിദഗ്ധരുടെ നിർദ്ദേശപ്രകാരം രോഗം തടയാൻ മരുന്ന് സ്‌പ്രേ ചെയ്‌തെങ്കിലും കൃഷി വ്യാപകമായി നശിക്കുന്ന സ്ഥിതി തുടരുന്നത് കർഷകരെ ദുരിതത്തിലാക്കുകയാണ്.

കഴിഞ്ഞ രണ്ടു വർഷമായി ഇഞ്ചി കർഷകർക്ക് ഗുണകരമായി നല്ല വിളവും വിലയും ലഭിച്ചിരുന്നു. ഇതേത്തുടർന്ന് കർഷകർ വയനാട്ടിൽ നിന്നും കർണാടകത്തിൽ നിന്നുമായി ഇഞ്ചി വിത്ത് വാങ്ങി വ്യാപകമായി ഇഞ്ചി കൃഷി ചെയ്യാൻ തുടങ്ങിയിരുന്നു. സാമാന്യം നല്ല വില ലഭിക്കുന്ന സമയത്ത് തന്നെ ഇഞ്ചി കൃഷി രോഗബാധ മൂലം നശിക്കുന്നത് കർഷകരെ കുറച്ചെന്നുമല്ല പ്രതിസന്ധിയിലാക്കുന്നത്.

നമ്മുടെ പ്രദേശത്ത് ഇപ്പോൾ ഇഞ്ചിക്ക് വ്യാപകമായി രോഗബാധ വന്ന് കർഷകർ പ്രതിസന്ധിയിലാണ്. വലിയ തോതിൽ കൃഷി ചെയ്യുന്നവർക്ക് മാത്രമല്ല വീട്ടാവശ്യത്തിന് ചെറിയ രീതിയിൽ കൃഷി ചെയ്യുന്നവർക്കും രോഗബാധയെ പ്രതിരോധിക്കാൻ കഴിയുന്നില്ല. ഇങ്ങനെ തുടർന്നാൽ ഇഞ്ചി കൃഷി അന്യം നിന്നു പോവും.

പി.കെ.മണി, കേരള കർഷക സംഘം കണിച്ചാർ വില്ലേജ് സെക്രട്ടറി

രോഗ ലക്ഷണം

ഇലകളുടെ അഗ്രഭാഗത്തു കാണുന്ന പുളളിക്കുത്തുകളും നിറവ്യത്യാസവുമാണ് ആദ്യ ലക്ഷണങ്ങൾ. ക്രമേണ എല്ലാ ഇലകളിലേക്കും തണ്ടുകളിലേക്കും മഞ്ഞളിപ്പ് രോഗം വ്യാപിക്കുന്നു. രോഗലക്ഷണങ്ങൾ പ്രകടമായി ദിവസങ്ങൾക്കുള്ളിൽത്തന്നെ ചെടി പൂർണ്ണമായും നശിക്കുകയാണ്. ഏതാനും ചെടികളിൽ പ്രത്യക്ഷപ്പെടുന്ന രോഗം ക്രമേണ പ്രദേശത്തെ മുഴുവൻ കൃഷിയേയും ബാധിക്കുന്നു.