റോഡിൽ കുരുക്കാൻ നിർമ്മാണം: ട്രെയിനിൽ കുരുക്കാൻ തിരക്ക്
തൃശൂർ: ദേശീയ - സംസ്ഥാന പാതകൾ നിർമ്മാണ പ്രവർത്തനം മൂലം കുരുക്കിലായതോടെ മെമു ട്രെയിനുകളിൽ യാത്രക്കാരുടെ വൻതിരക്ക്. ഇതോടെ രാവിലെയും വൈകിട്ടുമുളള ട്രെയിൻ യാത്ര ദുരിതമായി. എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിലേക്കുള്ള യാത്രക്കാരാണ് കൂടുതലും ട്രെയിനുകളെ ആശ്രയിക്കുന്നത്. തിങ്കളാഴ്ചകളിൽ രാവിലെ തൃശൂർ ഭാഗത്ത് നിന്നും എറണാകുളത്തേക്കും വെള്ളി, ശനി ദിവസങ്ങളിൽ വൈകിട്ട് തൃശൂരിലേക്കും കോച്ചുകൾ തിങ്ങിനിറഞ്ഞാണ് ഓടുന്നത്. തിരക്കുമൂലം ടിക്കറ്റെടുത്തിട്ടും പലർക്കും ട്രെയിനിൽ കയറാനാകാത്ത അവസ്ഥയുണ്ട്. സ്ത്രീകളും കുട്ടികളും മുതിർന്ന പൗരന്മാരും വളരെ പ്രയാസപ്പെട്ടാണ് കോച്ചുകളിൽ കയറിക്കൂടുന്നത്. ഹ്രസ്വദൂരയാത്ര ദുരിതപൂർണ്ണമായതോടെ കൂടുതൽ മെമു ട്രെയിനുകളും കോച്ചുകളും കൂടുതൽ വേണമെന്ന ആവശ്യം ശക്തമാകുകയാണ്.
കോച്ചുകൾ കുറച്ച് റെയിൽവേ
യാത്രക്കാർ പ്രതിദിനം കൂടുമ്പോൾ കോച്ചുകൾ കുറച്ച് റെയിൽവേ. അറ്റകുറ്റപ്പണികളുടെ പേരിലാണ് കുറയ്ക്കുന്നത്. വൈകിട്ടുള്ള എറണാകുളം ഷൊർണൂർ മെമു 16 കോച്ചായി കൂട്ടിയെങ്കിലും പലപ്പോഴും വെള്ളി, ശനി ദിവസങ്ങളിൽ കുറയും. ഈ ട്രെയിൻ പിന്നീട് ഷൊർണൂരിൽ നിന്നും നിലമ്പൂർ വരെ പോകുന്നതിനാൽ യാത്രികരുടെ എണ്ണം കൂടിയിട്ടുണ്ട്. ആലപ്പുഴ കണ്ണൂർ എക്‌സ്പ്രസിലും വൻതിരക്കാണ്. നിലവിലെ സാഹചര്യം കണക്കിലെടുത്ത് എല്ലാ പാസഞ്ചർ/മെമു വണ്ടികളും ചുരുങ്ങിയത് 16 കോച്ചുകൾ ആക്കണമെന്ന് ആവശ്യപ്പെട്ട് തൃശൂർ റെയിൽവേ പാസഞ്ചേഴ്‌സ് അസോസിയേഷൻ കേന്ദ്രസഹമന്ത്രി സുരേഷ്‌ഗോപിക്ക് നിവേദനം നൽകി. കോച്ചുകൾ കൂട്ടി ഇവ എല്ലാ ദിവസവും ഓടണമെന്നും ഇതിനാവശ്യമായ മെമുകോച്ചുകൾ അടിയന്തരമായി തിരുവനന്തപുരം, പാലക്കാട് ഡിവിഷനുകൾക്ക് അനുവദിക്കണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു.
കോയമ്പത്തൂരിലേക്കുമില്ല
തൃശൂരിൽ നിന്നും രാവിലെ കോയമ്പത്തൂരിലേക്ക് മെമു വേണമെന്ന ആവശ്യത്തോട് മുഖം തിരിച്ച് റെയിൽവേ. കോയമ്പത്തൂരിൽ നിന്ന് വൈകിട്ട് തിരിച്ചും മെമു വേണമെന്ന ആവശ്യം ഉയർന്നിരുന്നു. ഇരുദിശകളിലും രാവിലെയും വൈകിട്ടും ഓരോ മെമു വേണമെന്നും തൃശൂരിനും ഗുരുവായൂരിനുമിടയിൽ മെമു ഷട്ടിൽ സർവീസ് അനിവാര്യമാണെന്നും റെയിൽവേ പാസഞ്ചേഴ്‌സ് അസോസിയേഷൻ കഴിഞ്ഞവർഷം ചൂണ്ടിക്കാട്ടിയിരുന്നു. അതേസമയം, കൊവിഡിന് മുമ്പ് നിറുത്തിയ ഗുരുവായൂർ - എറണാകുളം പാസഞ്ചർ ട്രെയിൻ ഉടൻ പുനഃരാരംഭിക്കുമെന്ന് കേന്ദ്രമന്ത്രി സുരേഷ്‌ഗോപി ഉറപ്പു നൽകിയിട്ടുണ്ട്. ഇക്കാര്യത്തിൽ റെയിൽവേ ഡിവിഷണൽ മാനേജർക്ക് കത്ത് നൽകിയിട്ടുണ്ടെന്നും തൃശൂർ വരെ ഒരു ഷട്ടിൽ സർവീസും ആരംഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
കൂടുതൽ മെമു വണ്ടികളും കോച്ചുകളും അടിയന്തരമായി അനുവദിച്ചില്ലെങ്കിൽ ഹ്രസ്വദൂര യാത്രകൾ ഇനിയും ദുരിതപൂർണ്ണമാകും.
പി.കൃഷ്ണകുമാർ ജനറൽ സെക്രട്ടറി