സാങ്കേതികവിദ്യയിലെ ഇന്ത്യൻ കുതിപ്പ്
സർക്കാരിൽ നിന്ന് ഒരു രേഖ ലഭിക്കുന്നത് ഒരു സുദീർഘ പ്രയത്നമായിരുന്ന കാലം ഓർമ്മയുണ്ടോ? പല തവണത്തെ യാത്രകൾ, നീണ്ട ക്യൂകൾ, ക്രമരഹിതമായ ഫീസ്... ഇപ്പോൾ അക്ഷരാർത്ഥത്തിൽ അതെല്ലാം ഓരോരുത്തരുടെയും മൊബൈൽ ഫോണിലാണ്! ഈ പരിവർത്തനം യാദൃച്ഛികമായി സംഭവിച്ചതല്ല. പ്രധാനമന്ത്രി നരേന്ദ്ര മോദി സാങ്കേതികവിദ്യയെ ഇന്ത്യയുടെ ഏറ്റവും വലിയ ആയുധമാക്കി മാറ്റിയതിന്റെ വിപ്ളവകരമായ ഫലമാണ് ഇത്.
മുംബയിലെ ഒരു വഴിയോരക്കച്ചവടക്കാരൻ, ഒരു കോർപ്പറേറ്റ് എക്സിക്യുട്ടീവിന്റെ അതേ യു.പി.ഐ പേയ്മെന്റ് സംവിധാനം ഉപയോഗിക്കുന്നു. പ്രധാനമന്ത്രിയുടെ സങ്കല്പത്തിൽ സാങ്കേതികവിദ്യ എന്നത് സ്ഥാനങ്ങൾക്കോ പദവികൾക്കോ അതീതമാണ്. ഈ പരിവർത്തനം അദ്ദേഹത്തിന്റെ 'അന്ത്യോദയ" എന്ന പ്രധാന തത്വചിന്തയെ പ്രതിഫലിപ്പിക്കുന്നു. ഒരു നിരയിലെ ഏറ്റവും അവസാന വ്യക്തിയിലേക്കു വരെ എത്തിച്ചേരുക, എല്ലാവർക്കുമായി സാങ്കേതികവിദ്യയെ ജനാധിപത്യവത്കരിക്കുക എന്നതാണ് എല്ലാ ഡിജിറ്റൽ സംരംഭങ്ങളുടെയും ലക്ഷ്യം.
ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ നരേന്ദ്ര മോദി സംസ്ഥാനത്ത് തുടക്കമിട്ട ഡിജിറ്റലൈസേഷനിൽ നിന്നുള്ള അനുഭവങ്ങളെയും പാഠങ്ങളെയും 2014-ൽ ഇന്ത്യൻ പ്രധാനമന്ത്രിയായപ്പോൾ അദ്ദേഹം ഡൽഹിയിലേക്ക് കൊണ്ടുവരികയായിരുന്നു. എന്നാൽ മാനദണ്ഡം വ്യത്യസ്തമായിരുന്നു. ജൻ ധൻ അക്കൗണ്ടുകൾ 53 കോടിയിലധികം ജനങ്ങളെ ബാങ്കിംഗ് സംവിധാനത്തിലേക്ക് കൊണ്ടുവന്നു. ഇതുവരെ 142 കോടി ആധാർ രജിസ്ട്രേഷനുകൾ നടത്തി, പൗരന്മാർക്ക് ഒരു ഡിജിറ്റൽ ഐഡന്റിറ്റി നൽകി. ഒന്നിലധികം രേഖകളുടെ പരിശോധനകൾ ആവശ്യമായി വരുന്നതിനു പകരം സർക്കാർ സേവനങ്ങൾ ലഭ്യമാകുന്നത് എളുപ്പമായി. നേരിട്ടുള്ള ആനുകൂല്യ കൈമാറ്റം ഇടനിലക്കാരെ ഇല്ലാതാക്കുകയും പണച്ചോർച്ച കുറയ്ക്കുകയും ചെയ്തു.
യു.പി.ഐ എല്ലാം
മാറ്റിമറിച്ചു
ഇന്ത്യ പണം നൽകുന്ന രീതിയെ യു.പി.ഐ മാറ്റിമറിച്ചു. ഇതുവരെ 55 കോടിയിലധികം ഉപയോക്താക്കൾ ഇടപാട് നടത്തി. ഇക്കഴിഞ്ഞ ആഗസ്റ്റിൽ മാത്രം 24.85 ലക്ഷം കോടി രൂപ മൂല്യമുള്ള 20 ബില്യണിലധികം യു.പി.ഐ ഇടപാടുകളാണ് നടന്നത്. മണിക്കൂറുകൾ ദൈർഘ്യമുള്ള ബാങ്ക് ഇടപാടുകളിൽ നിന്ന് രണ്ടു സെക്കൻഡിൽ താഴെയുള്ള ഫോൺ സ്കാനിലേക്ക് പണ കൈമാറ്റം മാറിയിരിക്കുന്നു. ഇന്ന്, ലോകത്തെ പകുതിയോളം തത്സമയ ഡിജിറ്റൽ പേയ്മെന്റുകളും ഇന്ത്യ കൈകാര്യം ചെയ്യുന്നു.
സാങ്കേതികവിദ്യ കൃഷിയെയും ആരോഗ്യ സംരക്ഷണത്തെയും അടിസ്ഥാനപരമായി മാറ്റിമറിച്ചു. പി.എം കിസാൻ പദ്ധതി 11 കോടി കർഷകർക്ക് നേരിട്ട് വരുമാന പിന്തുണ ഡിജിറ്റലായി നൽകുന്നു. ഡിജി ലോക്കറിൽ ഇപ്പോൾ 57 കോടിയിലധികം ഉപയോക്താക്കളുണ്ട്. 967 കോടി രേഖകൾ ഇവിടെ ഡിജിറ്റലായി സംഭരിച്ചിരിക്കുന്നു. ഡ്രൈവിംഗ് ലൈസൻസ്, ഡിഗ്രി സർട്ടിഫിക്കറ്റുകൾ, ആധാർ, മറ്റ് ഔദ്യോഗിക രേഖകൾ എന്നിവ നിങ്ങളുടെ ഫോണിൽ സുരക്ഷിതമായിരിക്കുന്നു. നിങ്ങൾ റോഡിലായിരിക്കുമ്പോൾ പൊലീസ് പരിശോധനകൾക്ക് ഇപ്പോൾ പേപ്പറുകൾക്കായി ബുദ്ധിമുട്ടേണ്ടതില്ല. ഡിജി ലോക്കറിൽ നിന്നുള്ള ഡിജിറ്റൽ ലൈസൻസ് കാണിച്ചാൽ മതിയാകും. ആധാർ പരിശോധനയിലൂടെ ആദായനികുതി റിട്ടേണുകൾ സമർപ്പിക്കുന്നത് ഇപ്പോൾ സുഗമമായി.
ബഹിരാകാശവും
നമുക്ക് സ്വന്തം
അസാദ്ധ്യമെന്ന് കരുതിയിരുന്നതു പോലും ഇന്ത്യ നേടിയെടുത്തു. ആദ്യ ശ്രമത്തിൽത്തന്നെ നമ്മൾ ചൊവ്വാ ഗ്രഹത്തിലെത്തി. 'മാർസ് ഓർബിറ്റർ മിഷന്" വെറും 450 കോടി രൂപയാണ് ചെലവായത്. ഇന്ത്യൻ എൻജിനിയറിംഗ് ലോകോത്തര ഫലങ്ങൾ നൽകുന്നുവെന്ന് ഇത് തെളിയിക്കുന്നു. ചന്ദ്രയാൻ-3 ഇന്ത്യയെ ചന്ദ്രനിൽ സോഫ്റ്റ് ലാൻഡിംഗ് നടത്തുന്ന നാലാമത്തെ രാജ്യമായും, ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ ആദ്യമായിറങ്ങുന്ന രാജ്യമായും മാറ്റി. ഐ.എസ്.ആർ.ഒ ഒറ്റ ദൗത്യത്തിൽ 104 ഉപഗ്രഹങ്ങൾ വിക്ഷേപിച്ച് ലോക റെക്കാഡ് സ്ഥാപിച്ചു. ഇന്ത്യൻ റോക്കറ്റുകൾ ഇപ്പോൾ 34 രാജ്യങ്ങൾക്കായി ഉപഗ്രഹങ്ങൾ വഹിക്കുന്നു. ഇനി, തദ്ദേശീയ സാങ്കേതികവിദ്യ ഉപയോഗിച്ച് മനുഷ്യരെ ബഹിരാകാശത്തേക്ക് അയയ്ക്കുന്ന നാലാമത്തെ രാജ്യമായി ഗഗൻയാൻ ദൗത്യം ഇന്ത്യയെ മാറ്റും. നാം എന്തെങ്കിലും നിർമ്മിക്കുകയാണെങ്കിൽ, അടിസ്ഥാനകാര്യങ്ങൾ പഠിക്കാതെ നേരെ ചിപ്പ് നിർമാണത്തിലേക്കു കടക്കാൻ കഴിയില്ല. ഇത് കോഡിംഗ് പഠിക്കുന്നതു പോലെയാണ്; ആപ്ലിക്കേഷനുകൾ ഉണ്ടാക്കുന്നതിനു മുമ്പ് 'ഹലോ വേൾഡ്" എന്നാകും നമ്മൾ പറഞ്ഞുതുടങ്ങുക. ഇലക്ട്രോണിക്സ് ഉത്പാദനവും ഇതേ പാതയാണ് പിന്തുടരുന്നത്. രാജ്യങ്ങൾ ആദ്യം അസംബ്ലിംഗിൽ (ഘടകഭാഗങ്ങളുടെ കൂട്ടിച്ചേർക്കൽ) വൈദഗ്ദ്ധ്യം നേടുന്നു. തുടർന്ന് ഉപ- മൊഡ്യൂളുകൾ, ഘടകങ്ങൾ, ഉപകരണങ്ങൾ എന്നിവയിലേക്കു നീങ്ങുന്നു. ഇന്ത്യയുടെ യാത്രയും ഈ പുരോഗതിയെയാണ് പ്രതിഫലിപ്പിക്കുന്നത്. ഇലക്ട്രോണിക്സ് ഉത്പാദനത്തിലെ നമ്മുടെ കരുത്തുറ്റ അടിത്തറ ഇപ്പോൾ നൂതനമായ സെമികണ്ടക്ടർ ഉത്പാദനത്തിലേക്കുള്ള കുതിച്ചുചാട്ടത്തിന് വഴിയൊരുക്കുന്നു. സാങ്കേതിക വിദ്യയെക്കുറിച്ചുള്ള പ്രധാനമന്ത്രി മോദിയുടെ കാഴ്ചപ്പാട് ഇന്ത്യയുടെ അതുല്യമായ നിർമ്മിതബുദ്ധി നിയന്ത്രണ സമീപനത്തിലും പ്രതിഫലിക്കുന്നുണ്ട്.
അദ്ദേഹം സാങ്കേതികവിദ്യയെ മനസിലാക്കുമ്പോൾത്തന്നെ, ജനങ്ങളെ അതിലേറെ മനസിലാക്കുന്നു. 'അന്ത്യോദയ"യെക്കുറിച്ചുള്ള കാഴ്ചപ്പാടാണ് എല്ലാ ഡിജിറ്റൽ സംരംഭങ്ങളെയും നയിക്കുന്നത്. യു.പി.ഐ ഇപ്പോൾ വിവിധ ഭാഷകളിൽ പ്രവർത്തിക്കുന്നു. സിംഗപ്പൂർ മുതൽ ഫ്രാൻസ് വരെയുള്ള രാജ്യങ്ങൾ യു.പി.ഐയുമായി സംയോജിപ്പിച്ചിരിക്കുന്നു. എല്ലാവരെയും ഉൾക്കൊള്ളുന്ന വളർച്ചയ്ക്ക് ഡിജിറ്റൽ പൊതു അടിസ്ഥാനസൗകര്യം അത്യാവശ്യമാണെന്ന് ജി- 20 അംഗീകരിച്ചു. ജപ്പാൻ ഇതിന് പേറ്റന്റ് നൽകിയിട്ടുണ്ട്. ഇന്ത്യയ്ക്കായുള്ള പ്രതിവിധിയായി ആരംഭിച്ചത് ഡിജിറ്റൽ ജനാധിപത്യത്തിനുള്ള ലോകത്തിന്റെ മാതൃകയായി മാറുകയായിരുന്നു. മാനുഷിക തലത്തിനൊപ്പം നേതാക്കൾ സാങ്കേതികവിദ്യയെ സ്വീകരിക്കുമ്പോൾ രാജ്യമാകെ ഭാവിയിലേക്ക് കുതിച്ചുചാട്ടം നടത്തുമെന്ന് മോദി കാണിച്ചുതരുന്നു.