കെ. സദാശിവൻ നായർക്ക് അഞ്ജലി, 'ടി 003'; പത്രാധിപരുടെ സ്വന്തം...
മലയാള പത്രപ്രവർത്തന ചരിത്രത്തിലെ ഒരേയൊരു 'പത്രാധിപ"രായ കെ. സുകുമാരന്റെ സ്നേഹവാത്സല്യങ്ങൾക്ക് പാത്രമാവുക, കേരളകൗമുദിയുടെ പ്രചാരം വർദ്ധിപ്പിക്കാൻ അദ്ദേഹത്തിനൊപ്പം വീടുകൾ കയറിയിറങ്ങി വായനക്കാരുമായി സംവദിക്കുക... ആ അപൂർവഭാഗ്യം എന്നും മനസിൽ നിധിപോലെ സൂക്ഷിച്ചിരുന്ന കെ. സദാശിവൻ നായരാണ് കുറച്ചു ദിവസം മുമ്പ് ജീവിതത്തിൽ നിന്ന് വിടവാങ്ങിയത്- വിഴിഞ്ഞം കോട്ടുകാൽ ചപ്പാത്ത് 'ഗോപിക"യിൽ സദാശിവൻ നായർ!
തിരുവനന്തപുരത്ത് കേരളകൗമുദിയുടെ ആദ്യകാല ഏജന്റുമാരിൽ പ്രമുഖനായിരുന്നു 'ടി 003" എന്ന ഏജൻസിയുടെ ഉടമയായിരുന്നു സദാശിവൻനായർ. ആ ഏജൻസി സദാശിവൻ നായർക്ക് നൽകിയതാകട്ടെ, പത്രാധിപർ നേരിട്ടും! കേരളകൗമുദിയുടെ ഏജൻസിയെടുക്കുമ്പോൾ സദാശിവൻ നായർക്ക് പത്തൊമ്പതു വയസ്. ആറു പതിറ്റാണ്ടിലധികം തുടർന്ന ആ ബന്ധം, കേരളകൗമുദിയുമായുള്ള ആത്മബന്ധമായി വളർന്നു. കേരളകൗമുദിയുടെ മാത്രം ഏജന്റായി തുടങ്ങിയ അദ്ദേഹം പിന്നീട് അതിനൊപ്പം മറ്റു പത്രങ്ങളുടെയും ആനുകാലിക പ്രസിദ്ധീകരണങ്ങളുടെയും വിതരണം കൂടി ഏറ്റെടുത്ത് ഏജൻസി വിപുലമാക്കി. കോൺഗ്രസിന്റെ പ്രവർത്തനങ്ങളിൽ സജീവമായി...
പത്രത്തിന്റെ പ്രചാര പ്രവൃത്തികളുമായി ബന്ധപ്പെട്ട് നേരിട്ട് വരിക്കാരെ സമീപിക്കുന്നതായിരുന്നു പത്രാധിപർ കെ. സുകുമാരന്റെ ശൈലി. ഫോൺ ഒന്നും ഇല്ലാതിരുന്ന കാലം. വിഴിഞ്ഞം ചപ്പാത്ത് മേഖലയിൽ പ്രചാരണ പ്രവർത്തനം ഉദ്ദേശിക്കുന്ന തീയതി അറിയിച്ച് പത്രാധിപർ ഒരു കുറിപ്പെഴുതി, സദാശിവൻ നായർക്കുള്ള പത്രക്കെട്ടിനൊപ്പം വയ്ക്കും. കുറിപ്പ് കിട്ടിയാലുടൻ അദ്ദേഹം സുഹൃത്തുക്കളെയും പാർട്ടി പ്രവർത്തകരെയും അറിയിക്കും. ആ കൂടിക്കാഴ്ചകളിൽ രാഷ്ട്രീയ സംവാദങ്ങളും തർക്കങ്ങളും വാർത്താ വിശകലനവുമൊക്കെ നടക്കും. അങ്ങനെ, അവസാനമായി പത്രാധിപർ അയച്ച കുറിച്ച് ചപ്പാത്ത് ജംഗ്ഷനിൽ സദാശിവൻ നായർ നടത്തിയിരുന്ന ചെറിയ ടെക്സ്റ്റൈൽസ് ഷോപ്പിൽ രണ്ടുവർഷം മുമ്പുവരെയും അപൂർവനിധിയായി സൂക്ഷിച്ചിരുന്നു. കടമുറി മാറിയപ്പോൾ സാധനങ്ങൾ മാറ്റുന്നതിനിടെ ആ 'നിധി" എവിടെയോ നഷ്ടമാവുകയായിരുന്നുവെന്ന് മകൻ ഉണ്ണിക്കൃഷ്ണൻ സങ്കടത്തോടെ ഓർമ്മിക്കുന്നു.
ഏജന്റുമാരല്ലാതെ പ്രാദേശിക പത്രപ്രവർത്തകരൊന്നും ഇന്നത്തെപ്പോലെ ഇല്ലാതിരുന്ന കാലത്ത്, ഏജന്റുമാർ തന്നെയായിരുന്നു നാട്ടിൻപുറത്തെ ജേർണലിസ്റ്റുകൾ. പ്രാദേശിക സംഭവങ്ങളെക്കുറിച്ച് വിശദാംശങ്ങളോടെയും റിപ്പോർട്ടുകൾ തയ്യാറാക്കുന്നതിൽ സദാശിവൻ നായർ പ്രത്യേക മിടുക്ക് പുലർത്തി. രാവിലെ പത്രവിതരണം പൂർത്തിയായിക്കഴിഞ്ഞാൽ തയ്യൽ ജോലിയിൽ വ്യാപൃതനായിരുന്ന അദ്ദേഹം കോൺഗ്രസ് പ്രവർത്തകനായതിലുമുണ്ട് ഒരു കൗതുകം: ഗാന്ധിത്തൊപ്പികൾ തയ്ക്കുന്നതിൽ പ്രത്യേക കൈവേഗമുണ്ടായിരുന്ന സദാശിവൻനായർ ഗാന്ധിയൻ ആദർശങ്ങളിൽ ആകൃഷ്ടനാവുകയും, അങ്ങനെ കോൺഗ്രസ് പ്രവർത്തകനായിത്തീരുകയുമായിരുന്നു.
പുലർച്ചെ രണ്ടിനും മൂന്നിനുമിടയിൽ ഉറക്കമെഴുന്നേൽക്കുന്നതായിരുന്നു ശീലം. പുലർച്ചെ, വാഹനത്തിൽ പത്രക്കെട്ടുകൾ എത്തുന്നതോടെ, അന്ന് പെൺകുട്ടികൾ ഉൾപ്പെടെയുള്ള വിതരണക്കാരെത്തും. ഓരോരുത്തർക്കുമുള്ള പത്രങ്ങൾ എണ്ണി കെട്ടുകളാക്കി നൽകും, കണക്കുകൾ പരിശോധിക്കും. ഇക്കഴിഞ്ഞ സെപ്തംബർ 15-ന്, എൺപത്തിയേഴാം വയസിൽ മരിക്കുംവരെ ഈ ചിട്ടയ്ക്ക് ഒരു മാറ്റവുമുണ്ടായില്ല. സ്വന്തം പേരിലായിരുന്ന ടി 003 എന്ന ഏജൻസി മകന് കൈമാറുമ്പോൾ സദാശിവൻ നായർ പറഞ്ഞു: 'ഒരിക്കലും ഇത് നശിപ്പിക്കരുത്...!" മരണദിവസം രാവിലെയും പത്രക്കെട്ടുകൾ വരുന്നതും, വിതരണക്കാർ അവ എണ്ണിത്തിട്ടപ്പെടുത്തുന്നതുമൊക്കെ സദാശിവൻ നോക്കിയിരിക്കുകയായിരുന്നു. അത്രയേറെ അദ്ദേഹം പത്രത്തെ സ്നേഹിച്ചു.
25 വർഷത്തോളം ജില്ലാ കോൺഗ്രസ് കമ്മിറ്റി അംഗമായിരുന്നു. കോട്ടുകാൽ പഞ്ചായത്ത് മൂലക്കര വാർഡിൽ നിന്ന് മത്സരിച്ചെങ്കിലും നിസാരവോട്ടുകൾക്ക് പരാജയപ്പെട്ടു. കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി വൈസ് പ്രസിഡന്റ്, കോട്ടുകാൽ മണ്ഡലം പ്രസിഡന്റ്, കർഷക കോൺഗ്രസ് നേതാവ്, ചൊവ്വര ധർമശാസ്താ ക്ഷേത്രം ഭരണ സമിതി പ്രസിഡന്റ്, തയ്യൽ തൊഴിലാളി യൂണിയൻ കോട്ടുകാൽ യൂണിറ്റ് പ്രസിഡന്റ് എന്നീ നിലകളി ലും പൊതുപ്രവർത്തന രംഗത്ത് സജീവമായിരുന്നു. മികച്ച കർഷകനുള്ള അവാർഡും ലഭിച്ചു.
തയ്യൽ ജോലികളിൽ തിരക്കേറിയ കാലത്തായിരുന്നു വിവാഹം. ഓമനഅമ്മ അങ്ങനെ ജീവിതപങ്കാളിയായി. മൂന്നു മക്കൾ: അജിതയും ശശികലയും ഉണ്ണിക്കൃഷ്ണനും. ടി.ജി. ശിവാനന്ദൻ, എം. ഭാസ്കരൻ നായർ, എസ്.ശ്രീജ എന്നിവരാണ് മരുമക്കൾ. പത്രാധിപരെ ഗുരുതുല്യനായി മനസിൽ പ്രതിഷ്ഠിക്കുകയും, പത്രത്തെ ജീവിതാവസാനം വരെ പ്രാണതുല്യം സ്നേഹിക്കുകയും ചെയ്ത സദാശിവൻ നായരുടെ സഞ്ചയന ചടങ്ങുകൾ ഇന്ന് നടക്കുകയാണ്. 'ടി 003" എന്ന നമ്പർ കേരളകൗമുദിക്ക് ഒരു ഏജൻസി കോഡ് അല്ല; നാലു തലമുറകൾ നീണ്ട പാരമ്പര്യത്തിലെ ജീവസുറ്റ ഒരു കണ്ണികൂടിയാണ്. ആ ധന്യജീവിതത്തിനു മുന്നിൽ പ്രാർത്ഥനാപൂർവം ആദരാഞ്ജലി.