മഹാനടന്റെ ദീർഘപ്രയാണം

Tuesday 23 September 2025 1:30 AM IST

അഭിനയിപ്പിച്ച് തനിക്കു കൊതിതീരാത്ത നടനാണ് മോഹൻലാലെന്ന് അദ്ദേഹത്തിന് മികച്ച വേഷങ്ങൾ സമ്മാനിച്ച സംവിധായകരിൽ ഒരാളായ സത്യൻ അന്തിക്കാട് അടുത്തിടെ പറയുകയുണ്ടായി. പ്രേക്ഷകരെ സംബന്ധിച്ചാകട്ടെ,​ കണ്ട് ഒരിക്കലും കൊതി തീരാത്ത നടൻതന്നെയാണ് മോഹൻലാൽ. അദ്ദേഹം അഭിനയിച്ച ഓരോ കഥാപാത്രങ്ങളും സ്വീകരിച്ച മലയാളികൾ ഇനി അദ്ദേഹത്തിന്റേതായി വരാനിരിക്കുന്ന ചിത്രങ്ങളെ ആവേശത്തോടെയാണ് കാത്തിരിക്കുന്നത്. മറ്റൊരു നടനോടും തോന്നിയിട്ടില്ലാത്ത ഒരു അടുപ്പം മോഹൻലാലിനോട് മലയാളികൾക്ക് തോന്നുന്നു. അത്രമാത്രം കേരളീയ മനസുമായി ഇഴുകിച്ചേർന്ന നടനാണ് മോഹൻലാൽ. അതുകൊണ്ടാണ് അദ്ദേഹത്തിനു ലഭിക്കുന്ന അംഗീകാരങ്ങളോരോന്നും വീട്ടിലുള്ള ഒരംഗത്തിനു കിട്ടുന്ന ബഹുമതിയായി മലയാളികൾ ഹൃദയത്തിൽ ഏറ്റുവാങ്ങുന്നത്.

രാജ്യത്തെ പരമോന്നത ചലച്ചിത്ര ബഹുമതിയായ ദാദാ സാഹേബ് ഫാൽക്കെ അവാർഡ് രാഷ്ട്രപതി ദ്രൗപദി മുർമുവിൽ നിന്ന് നമ്മുടെ മോഹൻലാൽ ഇന്ന് സ്വീകരിക്കുമ്പോൾ അത് മലയാള സിനിമയ്‌ക്കു ലഭിച്ച ഏറ്റവും വലിയ ആദരവുകളിൽ ഒന്നായി മാറും. 2004-ൽ വിഖ്യാത ചലച്ചിത്ര സംവിധായകൻ അടൂർ ഗോപാലകൃഷ‌്‌ണനു മാത്രമാണ് മലയാളത്തിൽ നിന്ന് ഈ അത്യപൂർവ ബഹുമതി ലഭിച്ചിട്ടുള്ളത്. സുഹൃത്തായ അശോക് ‌കുമാർ സംവിധാനം ചെയ്ത 'തിരനോട്ടം" എന്ന സിനിമയിലാണ് മോഹൻലാൽ ക്യാമറയ്‌ക്കു മുന്നിൽ ആദ്യമായി മുഖം കാണിച്ചതെങ്കിലും 1980-ൽ ഫാസിൽ സംവിധാനം ചെയ്ത് നവോദയ അപ്പച്ചൻ നിർമ്മിച്ച 'മഞ്ഞിൽ വിരിഞ്ഞ പൂക്കളി"ലെ നരേന്ദ്രൻ എന്ന പ്രതിനായക വേഷമാണ് ലാലിനെ മലയാളികൾക്ക് സുപരിചിതനാക്കിയത്. പിന്നീട് ഒരു തിരിഞ്ഞുനോട്ടം വേണ്ടിവന്നിട്ടില്ല. ആ പൂക്കൾ പൂത്തുലഞ്ഞ് നിത്യഹരിത സൗരഭത്തോടെ ചലച്ചിത്ര ലോകത്ത് പടർന്ന് പന്തലിച്ചു നിൽക്കുകയാണ്.

ദക്ഷിണേന്ത്യൻ ഭാഷകളിലും ബോളിവുഡിലും തുടർന്ന ആ ജൈത്രയാത്ര ഇന്നും അനുസ്യൂതം മുന്നോട്ടുപോകുന്നു. അഞ്ച് ദേശീയ അവാർഡുകളും ഒമ്പത് സംസ്ഥാന പുരസ്‌കാരങ്ങളും നേടിയ മോഹൻലാലിനെ രാജ്യം പദ്‌മഭൂഷൺ ബഹുമതി നൽകി ആദരിക്കുകയും ചെയ്‌തു. മോഹൻലാൽ അവതരിപ്പിച്ച കഥാപാത്രങ്ങൾ നിത്യവിസ്‌മയം പോലെ ഇന്നും പ്രേക്ഷകർ ആവർത്തിച്ചു കാണുന്നു. എണ്ണിയെണ്ണിപ്പറയാവുന്ന വേഷങ്ങൾ. അര നൂറ്റാണ്ടോട് അടുക്കുന്ന അഭിനയ സപര്യയിൽ 360-ലധികം ചിത്രങ്ങൾ. ഇതിൽ ഏതാണ് ഏറ്റവും ഇഷ്‌ടപ്പെട്ടതെന്ന് പ്രേക്ഷകരോടു ചോദിച്ചാൽ അവർ ആശയക്കുഴപ്പത്തിലാകും. ടി.പി. ബാലഗോപാലനാണോ,​ ഗൂർഖയായി വേഷം കെട്ടിയ സേതുവാണോ, വിൻസന്റ് ഗോമസാണോ, സേതുമാധവനാണോ, ഗോപിയാണോ, കുഞ്ഞുക്കുട്ടനാണോ, ആനന്ദനാണോ, ആടുതോമയാണോ, മംഗലശ്ശേരി നീലകണ്‌ഠനാണോ, ജയകൃഷ്‌ണനാണോ, നന്ദഗോപാലാണോ, വിഷ്‌ണുവാണോ, സത്യനാഥനാണോ, സണ്ണിയാണോ, രമേശനാണോ, ശ്രീനിവാസനാണോ, സ്റ്റീഫൻ നെടുമ്പുള്ളിയാണോ തുടങ്ങി ബെൻസ് ആണോ ,സന്ദീപ് ബാലകൃഷ്‌ണനാണോ എന്നിങ്ങനെ എത്രയെത്ര കഥാപാത്രങ്ങളെ ഓർക്കേണ്ടിവരും!

ജീവിതത്തിൽ തികഞ്ഞ ലാളിത്യം പുലർത്തുന്ന വ്യക്‌തിയാണ് മോഹൻലാൽ. കഴിഞ്ഞ ദിവസം അവാർഡ് വിവരം അറിഞ്ഞശേഷം നടത്തിയ വാർത്താസമ്മേളനത്തിൽ അദ്ദേഹം ഈ അവാർഡ് മലയാള സിനിമയ്‌‌ക്കാണ് സമർപ്പിച്ചത്. ലൈറ്റ് ബോയ് മുതൽ സംവിധായകർ വരെയുള്ളവരുടെ പങ്കിനെക്കുറിച്ചും ഒപ്പം നടന്നവരെക്കുറിച്ചും കുടുംബത്തെക്കുറിച്ചുമൊക്കെ സംസാരിച്ചു. മുകളിലേക്കു കയറിപ്പോകുമ്പോൾ താഴെ നിൽക്കുന്നവരെ മറക്കരുതെന്നും,​ അങ്ങനെ ചെയ്‌താൽ ഇറങ്ങി വരുമ്പോൾ ആരും കൂടെയുണ്ടാകില്ലെന്നും ഉപദേശിച്ചു. മോഹൻലാൽ അഭിനയിക്കുമ്പോൾ മാത്രമല്ല സംസാരിക്കുമ്പോൾപ്പോലും ദൈവികമായ ഒരു അനുഗ്രഹവർഷം ചുറ്റുമുള്ളവരിലും പ്രസരിക്കും. കേരളകൗമുദിയെ സംബന്ധിച്ചിടത്തോളം ദീർഘകാലത്തെ ബന്‌ധമാണ് അദ്ദേഹവുമായുള്ളത്. ഈ ചരിത്ര മുഹൂർത്തത്തിൽ പ്രിയപ്പെട്ട മോഹൻലാലിന് ഞങ്ങൾ എല്ലാ ഭാവുകങ്ങളും നേരുന്നു.