ദ്വിദിന സന്ദർശനത്തിന് മൊറോക്കോയിൽ, പാക് അധീന കാശ്‌മീർ തിരിച്ചുപിടിക്കും: രാജ്നാഥ്
ന്യൂഡൽഹി: സൈനിക നടപടിയിലൂടെ അല്ലാതെ തന്നെ പാക് അധീന കാശ്‌മീർ ഇന്ത്യയുടെ ഭാഗമാകുമെന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്. രണ്ടു ദിവസത്തെ സന്ദർശനത്തിനായി മൊറോക്കോയിലെത്തിയ അദ്ദേഹം ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്യുകയായിരുന്നു. ആദ്യമായാണ് ഇന്ത്യൻ പ്രതിരോധ മന്ത്രി ആഫ്രിക്കൻ രാജ്യമായ മൊറോക്കോ സന്ദർശിക്കുന്നത്. ഇന്ത്യയിൽ ലയിക്കണമെന്ന് പാക് അധീന കാശ്‌മീരിലെ ജനങ്ങൾ ആഗ്രഹിക്കുന്നുവെന്നും അതിനായുള്ള മുദ്രാവാക്യങ്ങൾ അവിടെ ഉയരുകയാണെന്നും അദ്ദേഹം പറഞ്ഞു. തങ്ങളും ഭാരതീയരാണെന്ന് അവിടുത്തെ ജനങ്ങൾ പറയുന്ന ദിവസം വരും. അഞ്ചുവർഷം മുമ്പ് കാശ്മീരിൽ നടന്ന ഒരു ചടങ്ങിൽ ഇന്ത്യൻ സൈന്യത്തെ അഭിസംബോധന ചെയ്തപ്പോൾ ഇക്കാര്യം താൻ പറഞ്ഞിരുന്നതാണെന്നും വ്യക്തമാക്കി. ഓപ്പറേഷൻ സിന്ദൂറിനിടെ പാക് അധീന കാശ്മീർ പിടിച്ചെടുക്കാനുള്ള അവസരം കേന്ദ്ര സർക്കാർ നഷ്ടപ്പെടുത്തിയെന്ന ആരോപണത്തിന് മറുപടി കൂടിയാണ് അദ്ദേഹത്തിന്റെ പ്രസംഗം. പഹൽഗാമിൽ ആക്രമണത്തിനിരയായവരോട് ഭീകരർ മതം ചോദിച്ചു. ഞങ്ങൾ മതത്തിന്റെ പേരിൽ ആരെയും കൊന്നിട്ടില്ല. പാകിസ്ഥാന് അവർ ചെയ്‌ത പ്രവൃത്തിക്കുള്ള മറുപടിയാണ് നൽകിയതെന്നും പ്രതിരോധമന്ത്രി പറഞ്ഞു. പാക് അധീന കാശ്മീരിലെ റാവൽക്കോട്ടിൽ പാകിസ്ഥാനിൽ നിന്ന് സ്വാതന്ത്ര്യം ആവശ്യപ്പെട്ട് ആയിരക്കണക്കിനാളുകൾ പ്രകടനം നടത്തിയിരുന്നു. പാകിസ്ഥാനിൽ നിന്ന് തുടരുന്ന അവഗണനയും അടിസ്ഥാന സൗകര്യമില്ലായ്മയുമാണ് പ്രതിഷേധത്തിന് കാരണമെന്നാണ് റിപ്പോർട്ട്.
യു.എസ് തീരുവയിൽ
പ്രതികരിക്കാത്തത്
വിശാലമനസ്‌കത
ട്രംപ് ഭരണക്കൂടം ഇന്ത്യയ്‌ക്കുമേൽ ചുമത്തിയ പ്രതികാരതീരുവയോട് ഉടൻ പ്രതികരിക്കാതിരുന്നത് ഇന്ത്യയ്ക്ക് വിശാലമനസ്‌കതയുള്ളതുകൊണ്ടാണെന്ന് രാജ്‌നാഥ് സിംഗ് പറഞ്ഞു. ഒരു കാര്യത്തിലും എടുത്തുചാടി പ്രതികരിക്കുന്നതല്ല ഇന്ത്യയുടെ രീതിയെന്നും കൂട്ടിച്ചേർത്തു.
വിദേശത്ത് ആദ്യ
പ്രതിരോധ പ്ലാന്റ്
വിദേശത്ത് ഇന്ത്യ നിർമ്മിച്ച ആദ്യത്തെ പ്രതിരോധ നിർമ്മാണ പ്ലാന്റ് മൊറോക്കോയിൽ രാജ്നാഥ് സിംഗ് ഉദ്ഘാടനം ചെയ്യും. ബെറെചിഡിലാണ് ടാറ്റ അഡ്വാൻസ്ഡ് സിസ്റ്റംസ് പ്ലാന്റ്. മൊറോക്കോ സൈന്യവുമായി ചേർന്നാണ് പ്ലാന്റ് സ്ഥാപിച്ചത്. ടാറ്റ അഡ്വാൻസ്ഡ് സിസ്റ്റംസും ഡിഫൻസ് റിസർച്ച് ഡെവലപ്‌മെന്റ് ഓർഗനൈസേഷനും (ഡി.ആർ.ഡി.ഒ) സംയുക്തമായി വികസിപ്പിച്ച, ഏത് ഭൗമസാഹചര്യത്തിലും ഉപയോഗിക്കാനാകുന്ന സൈനിക വാഹനം ഇവിടെ നിർമ്മിക്കാനാകും. വാഹന നിർമ്മാണത്തിനായി കഴിഞ്ഞ സെപ്‌തംബറിലാണ് ടാറ്റ ഗ്രൂപ്പുമായി മൊറോക്കോ സൈന്യം കരാർ ഒപ്പുവച്ചത്. ഒരു വർഷം ഇത്തരത്തിലുള്ള 100 വാഹനങ്ങൾ നിർമ്മിക്കുകയാണ് ലക്ഷ്യം. ടാറ്റ അഡ്വാൻസ്ഡ് സിസ്റ്റംസ് നിർമ്മിച്ച 92 ആറുചക്ര സൈനിക ട്രക്കുകൾ 2023ൽ മൊറോക്കൻ സൈന്യത്തിന് കൈമാറിയിരുന്നു. 2445 ഡിഫൻസ് ഡംപ് ട്രക്കുകൾക്കായും കരാറുണ്ട്.