അരുണാചലിൽ കച്ചവടക്കാർക്കൊപ്പം 'സ്വദേശി' മന്ത്രം പ്രധാനം: മോദി

Tuesday 23 September 2025 12:43 AM IST

5100 കോടി രൂപയുടെ വികസന പദ്ധതികൾക്ക് തുടക്കം കുറിച്ചു ന്യൂഡൽഹി: ജി.എസ്.ടി പരിഷ്‌കരണത്തിന്റെ ആദ്യദിനം അരുണാചൽ പ്രദേശിന്റെ തലസ്ഥാനമായ ഇറ്റാനഗറിൽ ചെറുകിട കച്ചവടക്കാരുമായി സംസാരിച്ച്

പ്രധാനമന്ത്രി നരേന്ദ്രമോദി. 'ഗർവ് സെ കഹോ യെ സ്വദേശി ഹെ' (അഭിമാനത്തോടെ പറയൂ ഇത് സ്വദേശിയാണ്) എന്നെഴുതിയ പ്ലക്കാർഡുകൾ വ്യാപാരികൾക്ക് കൈമാറി. പ്ലക്കാർഡ് കടകൾക്ക് മുന്നിൽ സ്ഥാപിക്കുമെന്ന് വ്യാപാരികൾ പ്രതികരിച്ചു. സ്വദേശി ഉത്പന്നങ്ങൾ വാങ്ങുകയും വിൽക്കുകയും ചെയ്യുന്നതിൽ അഭിമാനമുണ്ടാകണമെന്ന് മോദി പൊതുറാലിയിൽ പറ‌ഞ്ഞു. സ്വദേശി മന്ത്രം രാജ്യത്തിന് പ്രധാനമാണ്. അരുണാചലിന്റെയും വടക്കുകിഴക്കൻ സംസ്ഥാനങ്ങളുടെയും അടക്കം വികസനത്തിന് വഴിതെളിക്കും. ഇറ്റാനഗറിൽ വിവിധ വികസന പദ്ധതികൾ അദ്ദേഹം ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്തെ 5100 കോടി രൂപയുടെ വികസന പദ്ധതികൾക്ക് തുടക്കമിട്ടു. ചൈന അതിർത്തിയിലുള്ള ഷി യോമി ജില്ലയിൽ രണ്ട് ജലവൈദ്യുത പദ്ധതികൾക്ക് തറക്കല്ലിട്ടു. ജി.എസ്.ടി സമ്പാദ്യ ഉത്സവം ആരംഭിച്ചെന്ന് പറഞ്ഞ മോദി, ജി.എസ്.ടി പരിഷ്‌കരണത്തെ പുകഴ്‌ത്തി. കോൺഗ്രസ് സർക്കാരുകൾ സ്ഥിരമായി അരുണാചലിനെയും വടക്കുകിഴക്കൻ മേഖലയെയും അവഗണിച്ചതായും എന്നാൽ താൻ ഹൃദയത്തോട് ചേർക്കുന്നതായും മോദി പറഞ്ഞു. പ്രധാനമന്ത്രി എന്ന നിലയിൽ 70ലധികം തവണ വടക്കുകിഴക്കൻ മേഖലയിലെത്തി. കോൺഗ്രസ് ഉൾപ്പെടെയുള്ള പാർട്ടികൾ കുറച്ച് ആളുകളും രണ്ട് ലോക്‌സഭാ സീറ്റുകളുമുള്ള സ്ഥലം മാത്രമായാണ് അരുണാചലിനെ കണ്ടത്. കോൺഗ്രസിന്റെ ഈ മനോഭാവം വടക്കുകിഴക്കൻ സംസ്ഥാനങ്ങളെ അപ്പാടെ ദോഷകരമായി ബാധിച്ചു. 2014ൽ ബി.ജെ.പി കോൺഗ്രസിന്റെ ഈ മനോഭാവത്തിൽ നിന്ന് ഇന്ത്യയെ രക്ഷിച്ചു. ഡൽഹി ഇപ്പോൾ വടക്കുകിഴക്കൻ മേഖലയുമായി കൂടുതൽ അടുത്തുവെന്നും മോദി ചൂണ്ടിക്കാട്ടി.

ജലവൈദ്യുത പദ്ധതികൾ

  • 3700 കോടി രൂപ ചെലവ് വരുന്ന 240 മെഗാവാട്ടിന്റെ ഹീയോ, 186 മെഗാവാട്ടിന്റെ ടാതോ ജലവൈദ്യുത പദ്ധതികൾ
  • 9820 അടി ഉയരത്തിലുള്ള തവാങ്ങിൽ നിർമ്മിക്കുന്ന കൺവെൻഷൻ സെന്റർ
  • ആരോഗ്യം, അഗ്നിരക്ഷ, ഗതാഗതം തുടങ്ങിയ മേഖലകളിൽ 1290 കോടിയുടെ അടിസ്ഥാനസൗകര്യ വികസനം.

ഉജ്ജ്വല യോജനയിൽ ചേർന്നവർക്ക് അഭിനന്ദനം

സ്ത്രീകൾക്കുള്ള പാചകവാതക പദ്ധതിയായ ഉജ്ജ്വല യോജനയിൽ പുതുതായി ചേർന്നവരെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു. 'നവരാത്രിയുടെ ശുഭവേളയിൽ ഉജ്ജ്വല കുടുംബത്തിന്റെ ഭാഗമാകുന്ന എല്ലാ അമ്മമാർക്കും സഹോദരിമാർക്കും അഭിനന്ദനങ്ങളും ആശംസകളും. ഈ ചുവടുവെപ്പ് അവർക്ക് പുതിയ സന്തോഷം നൽകുകയും സ്ത്രീശാക്തീകരണത്തിനായുള്ള ദൃഢനിശ്ചയത്തെ ശക്തിപ്പെടുത്തുകയും ചെയ്യും'- മോദി സമൂഹമാദ്ധ്യമമായ എക്‌സിൽ കുറിച്ചു. നവരാത്രി വേളയിൽ 25 ലക്ഷം പുതിയ ഉജ്ജ്വല കണക്ഷനുകൾ നൽകിയതായുള്ള കേന്ദ്ര മന്ത്രി ഹർദീപ് സിംഗ് പുരിയുടെ എക്‌സ് പോസ്റ്റ് പങ്കുവച്ചുകൊണ്ടായിരുന്നു മോദിയുടെ ആശംസ.