അഹമ്മദാബാദ് വിമാന ദുരന്തം: അന്വേഷണം പരിശോധിക്കാൻ സുപ്രീംകോടതി

Tuesday 23 September 2025 12:45 AM IST

ന്യൂഡൽഹി: അഹമ്മദാബാദ് വിമാന ദുരന്തത്തിലെ എയർക്രാഫ്റ്റ് ആക്‌സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയുടെ (എ.എ.ഐ.ബി)​ അന്വേഷണം ശരിയായ ദിശയിലാണോയെന്ന് പരിശോധിക്കാൻ സുപ്രീംകോടതി. നീതിയുക്തവും നിഷ്‌പക്ഷവും വേഗത്തിലുള്ളതുമായ അന്വേഷണമാണോ നടക്കുന്നതെന്ന് വിലയിരുത്തും. നിലപാട് അറിയിക്കാൻ കേന്ദ്ര വ്യോമയാന മന്ത്രാലയം, എയർക്രാഫ്റ്റ് ആക്‌സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ, ഡയറക്‌ടർ ജനറൽ ഒഫ് സിവിൽ ഏവിയേഷൻ (ഡി.ജി.സി.എ) എന്നിവർക്ക് നോട്ടീസ് അയയ്ക്കാൻ ഉത്തരവിട്ടു. സേഫ്റ്റി മാറ്റേഴ്സ് എന്ന സന്നദ്ധസംഘടന സമ‌ർപ്പിച്ച ഹർജിയിലാണ് ജസ്റ്റിസുമാരായ സൂര്യകാന്ത്, എൻ. കോട്ടീശ്വ‌ർ സിംഗ് എന്നിവരടങ്ങിയ ബെഞ്ചിന്റെ നടപടി. എ.എ.ഐ.ബിയുടെ അന്വേഷണം നിഷ്‌പക്ഷമല്ലെന്നാണ് ഹർജിയിലെ ആരോപണം. കോടതി മേൽനോട്ടത്തിൽ അന്വേഷണം വേണം. പൈലറ്റിന്റെ തെറ്റാണെന്ന് വരുത്തി തീർക്കുന്ന മട്ടിലാണ് പ്രാഥമികാന്വേഷണ റിപ്പോർട്ടെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടി. റിപ്പോർട്ടിലെ ചില ഭാഗങ്ങൾ മാത്രം അടർത്തിയെടുത്ത്, പൈലറ്റ് കുറ്രക്കാരെന്ന മട്ടിൽ പ്രചരിപ്പിക്കുന്നത് ദൗർഭാഗ്യകരമെന്ന് കോടതി നിരീക്ഷിച്ചു. അന്വേഷണം കഴിയുന്നതുവരെ രഹസ്യ സ്വഭാവം കാത്തുസൂക്ഷിക്കേണ്ടത് പരമപ്രധാനമാണ്. സാധാരണനിലയിൽ ഇത്തരം അപകടമുണ്ടാകുമ്പോൾ വിമാനക്കമ്പനിയെയാണ് കുറ്റം പറയുന്നത്. അന്വേഷണം തീരുന്നതുവരെ ഊഹാപോഹങ്ങൾ ഒഴിവാക്കേണ്ടതാണെന്നും നിരീക്ഷിച്ചു.

തെളിവുകളെല്ലാം

പരസ്യമാക്കാനാകില്ല

ഫ്ലൈറ്റ് ഡേറ്ര റെക്കാഡറിലെ വിവരങ്ങൾ അടക്കം അന്വേഷണവുമായി ബന്ധപ്പെട്ട എല്ലാ രേഖകളും പരസ്യമാക്കണമെന്ന ഹർജിക്കാരുടെ ആവശ്യത്തിൽ ഇടപെടില്ലെന്ന് കോടതി നിലപാടെടുത്തു. ഉദാഹരണത്തിന്, പൈലറ്റിന് വീഴ്ച സംഭവിച്ചുവെന്ന് രേഖകളിലുണ്ടെങ്കിൽ അദ്ദേഹത്തിന്റെ കുടുംബത്തെയത് ബാധിക്കുമെന്നും കൂട്ടിച്ചേർത്തു. ദുരന്തം അന്വേഷിക്കുന്നത് അഞ്ചംഗ സംഘമാണെന്നും,​ അതിൽ മൂന്നുപേർ ഡി.ജി.സി.എ ഉദ്യോഗസ്ഥരാണെന്നും ഹർ‌ജിക്കാരുടെ അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ ചൂണ്ടിക്കാട്ടി. ഡി.ജി.സി.എയുടെ ഉത്തരവാദിത്തം ഉൾപ്പെടെ അന്വേഷിക്കേണ്ട വിഷയത്തിൽ അവരുടെ ഉദ്യോഗസ്ഥരെ സംഘത്തിൽ എങ്ങനെ ചേർക്കാനാകുമെന്നും അഭിഭാഷകൻ ചോദിച്ചു.