ഗുജറാത്ത് തീരത്ത് കപ്പലിന് തീപിടിച്ചു

Tuesday 23 September 2025 12:46 AM IST

 ആളപായമില്ല, തീയണയ്ക്കാൻ ശ്രമം

പോർബന്ദർ: ഗുജറാത്ത് തീരത്ത് ചരക്ക് കപ്പലിന് തീപിടിച്ചു. ഭക്ഷ്യസാധനങ്ങളുമായി സൊമാലിയയിലേക്ക് പോകുകയായിരുന്ന കപ്പലിനാണ് തീപിടിച്ചത്. ആളപായമില്ല. ഇന്ത്യൻ കോസ്റ്റ് ഗാർഡും അഗ്നിരക്ഷാ സേനയും തുറമുഖ അധികൃതരും സംയുക്തമായി രക്ഷാപ്രവർത്തനം നടത്തി. കപ്പൽ ഉൾക്കടലിലേക്ക് മാറ്റി മണിക്കൂറുകൾ കൊണ്ട് തീ നിയന്ത്രണവിധേയമാക്കി.

ജാംനഗർ ആസ്ഥാനമായി പ്രവർത്തിക്കുന്ന എച്ച്.ആർ.എം ആൻഡ് സൺസിന്റെ ഉടമസ്ഥതയിലുള്ള പി.‌ഡി.ഐ 1383 ഹരിദാസ്രൻ എന്ന കപ്പലിന് തീപിടിച്ചത്. ഇന്നലെ രാവിലെ പോർബന്ദർ സുഭാഷ്‌നഗർ ജെട്ടിയിൽ നങ്കൂരമിട്ടിരിക്കുകയായിരുന്നുയെന്നാണ് വിവരം. 950 ടൺ അരിയും 78 ടൺ പഞ്ചസാരയും കപ്പലിലുണ്ടായിരുന്നു. എൻജിൻ റൂമിന്റെ ഭാഗത്താണ് ആദ്യം തീ കണ്ടത്. 14 ജീവനക്കാരെയും ആദ്യം തന്നെ ഒഴിപ്പിച്ചു. നിമിഷങ്ങൾക്കുള്ളിൽ കറുത്ത പുകയും തീയും പ്രദേശത്താകെ നിറഞ്ഞു. കപ്പലിന് വലിയ നാശനഷ്ടമുണ്ടായതായി അധികൃതർ അറിയിച്ചു. തീപിടിത്തത്തിന്റെ കാരണം കണ്ടെത്താൻ അന്വേഷണം ആരംഭിച്ചു.