വഴിയാത്രക്കാരനെ കാറിടിച്ച് കൊലപ്പെടുത്തിയ സംഭവം: സി.ഐയ്‌ക്ക് ജാമ്യമില്ല

Tuesday 23 September 2025 1:50 AM IST

തിരുവനന്തപുരം: വഴിയാത്രക്കാരനായ കിളിമാനൂർ സ്വദേശി രാജനെ (59) കാറിടിച്ച് കൊലപ്പെടുത്തിയ കേസിൽ പാറശാല എസ്.എച്ച്.ഒ പി.അനിൽ കുമാറിന്റെ മുൻകൂർ ജാമ്യഹർജി കോടതി തള്ളി. ആറാം അഡിഷണൽ സെഷൻസ് ജഡ്ജി ആർ.രേഖയാണ് ജാമ്യഹർജി തള്ളിയത്. ജാമ്യം ലഭിക്കുന്ന കുറ്റത്തിന് മുൻകൂർ ജാമ്യഹർജിയുടെ ആവശ്യമില്ലെന്ന സാങ്കേതിക കാരണം ചൂണ്ടിക്കാണിച്ചാണ് കോടതിയുടെ ഉത്തരവ്. നിയമപാലകനായ പ്രതി സംഭവസ്ഥലത്ത് നിന്ന് 500 മീറ്റർ മാത്രം അകലെയുള്ള കിളിമാനൂർ സ്റ്റേഷനിൽ അപകടവിവരം റിപ്പോർട്ട് ചെയ്യാതെ പോയത് ഗുരുതര വീഴ്ചയായി വകുപ്പ് തല അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.

തുടർന്ന് ഇയ്യാളെ സസ്‌പെൻഡ് ചെയ്‌തിരുന്നു. നിലവിൽ റൂറൽ നാർക്കോട്ടിക്‌സ് ഡിവൈ.എസ്.പി കെ.പ്രദീപാണ് കേസ് അന്വേഷിക്കുന്നത്. എസ്.എച്ച്.ഒ ഒളിവിലാണെന്നാണ് പൊലീസ് പറയുന്നത്. സെപ്‌തംബർ ഏഴിനായിരുന്നു സംഭവം.