വിഴിഞ്ഞം ഉച്ചക്കടയിൽ വീടുകയറി മുഖമൂടി ആക്രമണം

Tuesday 23 September 2025 2:56 AM IST

വിഴിഞ്ഞം: വിഴിഞ്ഞം ഉച്ചക്കടയിൽ വീടുകയറി മുഖംമൂടി ആക്രമണം. ഗൃഹനാഥനെ മർദിച്ച് കാറിൽ തട്ടിക്കൊണ്ടുപോയി.പിന്നീട് ഇയാളെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി.തട്ടിക്കൊണ്ടുപോകലിന് പിന്നിൽ ക്വട്ടേഷനെന്ന് സംശയം.

സംഭവത്തിൽ നാലോളം പേരെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യൽ ആരംഭിച്ചു. ഉച്ചക്കട പുലിവിള ആർ.സി ഭവനിൽ വിശ്വാമിത്രനെയാണ് (61) മുഖംമൂടി സംഘം തട്ടിക്കൊണ്ടുപോയത്. ആക്രമണത്തിൽ ഇയാളുടെ കൈകൾക്കും കാലുകൾക്കും ഗുരുതര പരിക്കേറ്റു. ഇയാൾ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.

ഇന്നലെ പുലർച്ചെ അഞ്ചോടെ വാതിൽ ചവിട്ടിത്തുറന്നാണ് സംഘം വീട്ടിൽ കയറിയത്.തുട‌ർന്ന് വിശ്വാമിത്രനെ ആക്രമിച്ച സംഘം,ഇയാളുടെ തന്നെ കാറിൽ കയറ്റി കൊണ്ടുപോവുകയായിരുന്നു. തുടർന്ന് പുന്നവിളഭാഗത്ത് കാറുമായി ഉപേക്ഷിക്കുകയായിരുന്നു.

രണ്ടുവർഷം മുൻപ് വാങ്ങിയ വീടിനെ ചൊല്ലിയുള്ള തർക്കമാണ് ക്വട്ടേഷനു പിന്നിലെന്ന് വിശ്വാമിത്രന്റെ ബന്ധുക്കൾ ആരോപിക്കുന്നു.സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.