എസ്.എ.പി ക്യാമ്പിലെ ട്രെയിനിയുടെ ആത്മഹത്യ:അന്വേഷണം ക്രൈംബ്രാഞ്ചിന്
തിരുവനന്തപുരം: പേരൂർക്കട എസ്.എ.പി ക്യാമ്പിൽ പൊലീസുകാരൻ ജീവനൊടുക്കിയ സംഭവത്തിൽ അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറി. ക്രൈംബ്രാഞ്ച് തിരുവനന്തപുരം യൂണിറ്റ് ഡിവൈ.എസ്.പി ബിജുവിനാണ് അന്വേഷണച്ചുമതല.
വ്യാഴാഴ്ച രാവിലെയാണ് പേരൂർക്കട എസ്.എ.പി ക്യാമ്പിലെ പൊലീസ് ട്രെയിനി ആനന്ദിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പരിശീലനത്തിലായിരുന്ന ആനന്ദ് കടുത്ത മാനസിക സമ്മർദ്ദത്തിലായിരുന്നെന്നാണ് വിവരം. ആനന്ദിന് ക്യാമ്പിൽ ജാതിയുടെ പേരിലോ ശാരീരികമായോ പീഡനങ്ങൾ നടന്നിട്ടില്ലെന്നാണ് പേരൂർക്കട പൊലീസിന്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ട്. ആനന്ദിന് വിഷാദരോഗമുണ്ടെന്നും പൊലീസ് വിലയിരുത്തുന്നു. എന്നാലിത് ആനന്ദിന്റെ കുടുംബം നിഷേധിച്ചു.
പൊലീസ് കെട്ടിച്ചമയ്ക്കുന്ന കഥയാണെന്നാണ് കുടുംബത്തിന്റെ ആരോപണം.
ക്യാമ്പിൽ വീഴ്ചയുണ്ടായോ എന്നതിൽ ബറ്റാലിയൻ ഡി.ഐ.ജി അരുൾ ബി.കൃഷ്ണയുടെ മേൽനോട്ടത്തിൽ വനിതാ ബറ്റാലിയൻ കമാൻഡന്റ് അന്വേഷിക്കുന്നുണ്ട്. സെപ്തംബർ പതിനെട്ടിനാണ് ആനന്ദിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. അതിനു രണ്ടുദിവസം മുമ്പേ ആനന്ദ് കൈഞരമ്പ് മുറിച്ച് ജീവനൊടുക്കാൻ ശ്രമിച്ചിരുന്നു.