അടിമലത്തുറയിൽ കുടിവെള്ളമില്ല
പൂവാർ: കോട്ടുകാൽ പഞ്ചായത്തിലെ അമ്പലത്തുമൂല, അടിമലത്തുറ, ബീച്ച് റോഡ് എന്നിവിടങ്ങളിൽ കുടിവെള്ളം മുടങ്ങുന്നത് പതിവെന്ന് നാട്ടുകാർ. ചൊവ്വര,ചപ്പാത്ത്,മൂലക്കര എന്നീ പമ്പ് ഹൗസുകളിൽ നിന്നാണ് ഇവിടങ്ങളിൽ വെള്ളമെത്തുന്നത്. എന്നാൽ തീരപ്രദേശം ഒഴിച്ചുള്ള പ്രദേശങ്ങളിൽ കുടിവെള്ളം മുടങ്ങാറില്ലന്നും നാട്ടുകാർ ആരോപിക്കുന്നു. വോൾട്ടേജ് ക്ഷാമവും പമ്പിംഗിന് തടസമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.
കഴിഞ്ഞ മൂന്ന് ദിവസങ്ങളായി പ്രദേശത്ത് വെള്ളമില്ല. ബദൽ സംവിധാനം ഏർപ്പെടുത്തുന്നതിൽ പഞ്ചായത്തും വിമുഖത കാട്ടുന്നുണ്ട്. ദൂരസ്ഥലങ്ങളിൽ പോയാണ് പ്രദേശവാസികൾ കുടിവെള്ളം ശേഖരിക്കുന്നത്.രണ്ടും മൂന്നും കുടുംബങ്ങൾ ഒന്നുചേർന്ന് വാടക വാഹനങ്ങളിൽ പോയാണ് കുടിവെള്ളം കൊണ്ടുവരുന്നത്.
ജലജീവൻ പദ്ധതിയിലൂടെ എല്ലാ വീടുകൾക്കും വാട്ടർ കണക്ഷനുണ്ട്. എന്നാൽ ചൊവ്വര, ചപ്പാത്ത്, മൂലക്കര എന്നീ പമ്പ് ഹൗസുകളിൽ നിന്നും ഉത്പാദിപ്പിക്കുന്ന വെള്ളം എല്ലാ വീടുകളിലുമെത്തിക്കാൻ പര്യാപ്തമാകില്ലെന്നും ഉറപ്പാണ്. കുടിവെള്ളത്തിന്റെ ഉത്പാദനം കൂട്ടാനുള്ള പദ്ധതികൾ പുനരാവിഷ്കരിച്ചാലെ ഈ പ്രശ്നം പരിഹരിക്കാൻ കഴിയുകയുള്ളുവെന്നും പൊതുപ്രവർത്തകർ പറയുന്നു.