സ്വന്തം ജനതക്കെതിരെ ആക്രമണം --- 30 പേരെ പാകിസ്ഥാൻ ബോംബിട്ടുകൊന്നു
ലക്ഷ്യം വച്ചത് ഭീകരരെ
ഇസ്ലാമാബാദ്: സ്വന്തം പൗരന്മാർക്കെതിരെ ബോംബാക്രമണം നടത്തി പാകിസ്ഥാൻ വ്യോമസേന. സ്ത്രീകളും കുട്ടികളുമടക്കം 30 പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റു. ഇന്നലെ പ്രാദേശിക സമയം, പുലർച്ചെ 2 ഓടെ ഖൈബർ പക്തൂൻഖ്വ പ്രവിശ്യയിലായിരുന്നു സംഭവം.
പാകിസ്ഥാനി താലിബാന്റെ (തെഹ്‌രീക് ഇ താലിബാൻ പാകിസ്ഥാൻ- ടി.ടി.പി) ഭീകര ക്യാമ്പുകൾ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. എന്നാൽ സാധാരണക്കാരുടെ ജീവനാണ് പൊലിഞ്ഞതെന്ന് പ്രതിപക്ഷ എം.പിമാരെയും സുരക്ഷാ ഉദ്യോഗസ്ഥരെയും ദൃക്സാക്ഷികളെയും ഉദ്ധരിച്ച് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. വ്യോമാക്രമണത്തിനെതിരെ പാക് പാർലമെന്റ് അംഗം ഇഖ്ബാൽ അഫ്രീദിയടക്കം രംഗത്തെത്തി. സ്ഫോടനങ്ങളുണ്ടായ പ്രദേശങ്ങളിൽ മൃതദേഹങ്ങൾ ഛിന്നിച്ചിതറിക്കിടക്കുന്നതിന്റെയും ജനങ്ങൾ നിസഹായരായി നിലവിളിക്കുന്നതിന്റെയും ഭയാനകമായ ദൃശ്യങ്ങളും പുറത്തുവന്നു.
അതേസമയം, വ്യോമാക്രമണം നടത്തിയെന്ന് ഫെഡറൽ, പ്രവിശ്യാ സർക്കാരുകളോ പാക് സൈന്യമോ സമ്മതിച്ചിട്ടില്ല. ഭീകരെ ക്യാമ്പിലുണ്ടായിരുന്ന സ്ഫോടക വസ്തുക്കൾ പൊട്ടിത്തെറിച്ചെന്നാണ് പൊലീസിന്റെ ഔദ്യോഗിക പ്രതികരണം. ഭീകര വിരുദ്ധ ദൗത്യമെന്ന പേരിൽ ഖൈബർ പക്തൂൻഖ്വയിലും ബലൂചിസ്ഥാനിലും സാധാരണക്കാർക്ക് നേരെ പാക് സൈന്യം മുമ്പ് ആക്രമണങ്ങൾ നടത്തിയിട്ടുണ്ട്.
സംഭവത്തിൽ അടിയന്തരമായ അന്വേഷണം നടത്തണമെന്ന് ഹ്യൂമൻ റൈറ്റ്സ് കമ്മിഷൻ ഒഫ് പാകിസ്ഥാൻ സംഘടന ആവശ്യപ്പെട്ടു. ' സാധാരണക്കാരുടെ ജീവനെടുത്തവർക്കെതിരെ നടപടി വേണം. സിവിലിയൻമാരുടെ ജീവൻ സംരക്ഷിക്കാൻ സർക്കാർ ബാദ്ധ്യസ്ഥരാണ്. എന്നാൽ അവർ അക്കാര്യത്തിൽ നിരന്തരം പരാജയപ്പെടുകയാണ്" - സംഘടന പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി. ആക്രമണത്തിനെതിരെ 2000ത്തോളം പേർ പങ്കെടുത്ത പ്രതിഷേധവും ഇന്നലെ സമീപ പട്ടണത്തിൽ നടന്നു.
# ജനം ഉറങ്ങവേ
ആക്രമണം ഖൈബർ ജില്ലയിലെ തിരാഹ് താഴ്‌വരയിലെ മാത്രെ ദാര ഗ്രാമത്തിൽ
പാകിസ്ഥാനി താലിബാൻ ഭീകരർ മേഖലയിലുണ്ടെന്ന രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന്
ചൈനീസ് നിർമ്മിത ജെ.എഫ് - 17 യുദ്ധവിമാനങ്ങൾ ഗ്രാമത്തിലേക്കെത്തി 8 എൽ.എസ് - 6 ബോംബുകൾ വർഷിച്ചു
കെട്ടിടങ്ങൾ തകർന്നടിഞ്ഞു. ഉറക്കമായതിനാൽ ജനങ്ങൾക്ക് ഓടിരക്ഷപെടാനായില്ല. കെട്ടിടാവശിഷ്ടങ്ങൾക്കിടെ നിരവധി പേർ കുടുങ്ങിയെന്നും റിപ്പോർട്ട്
# ആക്രമണം തുടർക്കഥ
ഖൈബർ പക്തൂൻഖ്വയിൽ, പാകിസ്ഥാനി താലിബാനും പാക് സൈന്യവും തമ്മിലെ ഏറ്റുമുട്ടൽ രൂക്ഷമാണ്. അടുത്തിടെ, 12 സൈനികരെ ഭീകരർ വധിച്ചിരുന്നു. 35 ഭീകരരെ വധിച്ചെന്ന് പാക് സൈന്യം അവകാശപ്പെട്ടിരുന്നു. ഭീകരരുടെ ഉറവിടം അഫ്ഗാനിസ്ഥാനാണെന്ന് കാട്ടി, അതിർത്തി പ്രദേശങ്ങളിലും പാക് സൈന്യത്തിന്റെ ആക്രമണങ്ങൾ ശക്തമാണ്. 2007 മുതൽ പാകിസ്ഥാനിലുണ്ടായ നിരവധി ആക്രമണങ്ങൾക്കും നൂറുകണക്കിന് മരണങ്ങൾക്കും ഉത്തരവാദികളാണ് പാകിസ്ഥാനി താലിബാൻ. അഫ്ഗാനിലെ താലിബാനിൽ നിന്ന് വ്യത്യസ്തമാണ് ഇവർ. എന്നാൽ ഇരുവരുടെയും പ്രത്യയശാസ്ത്രം ഒരുപോലെ.