58 വർഷത്തിനിടെ ആദ്യം: സിറിയൻ പ്രസിഡന്റ് യു.എന്നിൽ
Tuesday 23 September 2025 7:31 AM IST
ന്യൂയോർക്ക്: ഐക്യരാഷ്ട്ര സഭ (യു.എൻ) ജനറൽ അസംബ്ലിയുടെ 80 -ാം സെഷനിൽ പങ്കെടുക്കാൻ സിറിയൻ പ്രസിഡന്റ് അഹ്‌മ്മദ് അൽ-ഷറാ ന്യൂയോർക്കിലെത്തി. 1967ലാണ് ഒരു സിറിയൻ പ്രസിഡന്റ് ഇതിനു മുമ്പ് യു.എൻ ജനറൽ അസംബ്ലി സെഷനിൽ പങ്കെടുത്തത്. സിറിയയ്ക്ക് മേലുള്ള അന്താരാഷ്ട്ര ഉപരോധങ്ങൾ നീക്കണമെന്ന് അൽ ഷാറ ആവശ്യപ്പെടും. യു.എസ് സിറിയയ്ക്ക് മേൽ ചുമത്തിയ ഉപരോധങ്ങൾ നീക്കിയിരുന്നു. കഴിഞ്ഞ ഡിസംബറിൽ, ആഭ്യന്തര യുദ്ധം രൂക്ഷമായതോടെ പ്രസിഡന്റായിരുന്ന ബാഷർ അൽ അസദിനെ അട്ടിമറിച്ച് തഹ്‌രിർ അൽ-ഷാമിന്റെ (എച്ച്.ടി.എസ്) നേതൃത്വത്തിലെ വിമതസേന സിറിയയുടെ ഭരണം പിടിക്കുകയായിരുന്നു. തുടർന്നാണ് എച്ച്.ടി.എസ് മേധാവി ഷറാ പ്രസിഡന്റായത്. എച്ച്.ടി.എസിന് ആദ്യം അൽ-ഖ്വഇദയുമായി ബന്ധമുണ്ടായിരുന്നെങ്കിലും ഇപ്പോൾ ഇല്ലെന്നാണ് ഷറാ പറയുന്നത്.