കെ ജെ ഷൈനിനെതിരായുള്ള സൈബർ ആക്രമണം; പ്രതികളുടെ വിവരങ്ങൾ ഉടൻ കൈമാറുമെന്ന് മെറ്റ
കൊച്ചി: സിപിഎം നേതാവും അദ്ധ്യാപികയുമായ കെ ജെ ഷൈനിനെതിരായുള്ള സൈബർ ആക്രമണക്കേസിൽ പ്രതികളുടെ വിവരങ്ങൾ ക്രോഡീകരിക്കുകയാണെന്ന് മെറ്റ. അന്വേഷണ ഉദ്യോഗസ്ഥർക്ക് ഉടൻ വിവരങ്ങൾ കൈമാറും. അന്വേഷണം വേഗത്തിലാക്കാൻ സമീപ സ്റ്റേഷനുകളിലെ എസ്‌എച്ച്‌ഒമാരെയും സംഘത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
കേസിലെ ഒന്നാംപ്രതിയായ കോൺഗ്രസ് നേതാവ് സി കെ ഗോപാലകൃഷ്ണന്റെ വീട്ടിൽ കഴിഞ്ഞദിവസം നടത്തിയ പരിശോധനയിൽ മൊബൈൽ ഫോൺ പിടിച്ചെടുത്തു. ഇത് ഫോറൻസിക് സംഘത്തിന് കൈമാറും. ആലുവ സൈബർ പൊലീസ് സ്റ്റേഷനിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ ഗോപാലകൃഷ്ണന് നോട്ടീസും നൽകിയിരിക്കുകയാണ്. ഇയാൾ ഒളിവിലാണ്. യൂട്യൂബറായ കൊണ്ടോട്ടി അബു എന്ന യാസറിനെയും കേസിൽ പ്രതിചേർത്തിട്ടുണ്ട്. വി എസ് അച്യുതാനനന്ദന്റെ മുൻ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി കെ എം ഷാജഹാനും കേസിൽ പ്രതിയാണ്.
സൈബർ ആക്രമണത്തിൽ കെ ജെ ഷൈൻ മുഖ്യമന്ത്രി പിണറായി വിജയനും ഡിജിപിക്കും വനിതാ കമ്മീഷനും പരാതി നൽകിയിരിക്കുകയാണ്. ഷൈൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ എറണാകുളം റൂറൽ സൈബർ പോലീസാണ് കേസെടുത്തത്. സ്ത്രീത്വത്തെ അപമാനിച്ചതിന് ഐടി ആക്ട് പ്രകാരമുള്ള വകുപ്പുകൾ ചുമത്തിയാണ് കേസ്. ഒരു പ്രമുഖ ദിനപത്രം, അഞ്ച് കോൺഗ്രസ് അനുകൂല വെബ് പോർട്ടലുകൾ, യൂട്യൂബ് ചാനലുകൾ, വിവിധ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ എന്നിവയ്‌ക്കെതിരെയാണ് പരാതി നൽകിയിരിക്കുന്നത്. തുടർന്ന് പറവൂരിലെ വീട്ടിലെത്തി പൊലീസ് സംഘം ഷൈനിന്റെ മൊഴിയെടുത്തിരുന്നു. അപകീർത്തികരമായ പോസ്റ്റുകളുടെ ലിങ്കുകളും സ്ക്രീൻഷോട്ടുകൾ ഉൾപ്പെടെയുള്ള തെളിവുകൾ ഷൈൻ പൊലീസിന് കൈമാറിയിട്ടുണ്ട്.