തൊഴിലാളികളെ സംഘടിപ്പിക്കണം: കേരളത്തിലെ 'ഭായി'മാരെ കൂടെക്കൂട്ടാൻ ബിജെപി; പുതിയ സെൽ രൂപീകരിക്കും

Tuesday 23 September 2025 10:42 AM IST

തിരുവനന്തപുരം: കേരളത്തിലെത്തുന്ന അതിഥി തൊഴിലാളികളെ സംഘടിപ്പിക്കാൻ ബിജെപിയുടെ നേതൃത്വത്തിൽ പുതിയ നീക്കം. ഇവർക്കായി 'മൈഗ്രന്റ് വർക്കേഴ്സ് സെൽ' എന്ന പേരിൽ സംഘടന രൂപീകരിക്കാനാണ് പദ്ധതി. പോഷക സംഘടനകളായ വിവിധ മോർച്ചകൾക്ക് കീഴിൽ ഇതിനെയും ഉൾപ്പെടുത്തും. ഓരോ സംസ്ഥാനങ്ങളിലെ പാർട്ടി നേതൃത്വവുമായി ചർച്ച ചെയ്ത് കേരളത്തിലേക്ക് വന്ന പാർട്ടി പ്രവർത്തകരുടെ പട്ടിക തയ്യാറാക്കാനാണ് നീക്കം.

ബിജെപി സംസ്ഥാന സെൽ കോർഡിനേറ്റർ വികെ സജീവനാണ് സെല്ലിന്റെ ചുമതല നൽകിയിരിക്കുന്നത്. ബംഗാൾ, അസം തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നാണ് കേരളത്തിലേക്ക് കൂടുതൽ തൊഴിലാളികൾ എത്തുന്നത്. ഈ സംസ്ഥാനങ്ങളിൽ എല്ലാം ബിജെപി പ്രധാന കക്ഷിയായി ഉയർന്നുകഴിഞ്ഞു. ഈ സാഹചര്യത്തിലാണ് അവിടെ നിന്നുള്ള തൊഴിലാളികളെ സംഘടിപ്പിക്കാൻ ബിജെപി തീരുമാനിച്ചിരിക്കുന്നത്. നിലവിൽ ബിജെപിക്ക് കീഴിൽ ലീഗൽ സെൽ, മെഡിക്കൽ സെൽ, ഇന്റലക്ച്വൽ സെൽ, പ്രവാസി സെൽ തുടങ്ങിയ 20ഓളം സെല്ലുകളുണ്ട്.

ഓരോ സെല്ലിനും സംസ്ഥാനത്ത് ഒരു കൺവീനർ, രണ്ട് കോ-കൺവീനർമാർ പത്ത് അംഗങ്ങൾ എന്നിങ്ങനെ 13 അംഗ കമ്മിറ്റിയാണ് രൂപീകരിക്കുക. ജില്ലാ മണ്ഡലതലത്തിലും അതത് തൊഴിൽമേഖലയിലുള്ളവരെ കണ്ടെത്തി സെല്ലുകൾ രൂപീകരിക്കാനാണ് നിർദ്ദേശം. ജില്ലാതലത്തിൽ ഒരു കൺവീനർ, ഒരു കോ-കൺവീനർ, ഏഴ് അംഗങ്ങൾ, മണ്ഡലം തലത്തിൽ ഒരു കൺവീനർ, ഒരു കോ-കൺവീനർ, അഞ്ച് അംഗങ്ങൾ എന്നിങ്ങനെയുമാണ് സെല്ലുകളുടെ ഘടന. പഞ്ചായത്ത് മുതൽ സംസ്ഥാന തലത്തിൽ വരെ പ്രവർത്തിച്ച 500 നേതാക്കൾക്ക് ഭാരവാഹിത്വം നൽകാനാണ് തീരുമാനം.