പോത്തൻകോട് കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ വിദ്യാർത്ഥികൾ തമ്മിൽ സംഘർഷം; പ്ലസ്ടുക്കാരന് കുത്തേറ്റു
തിരുവനന്തപുരം: പോത്തൻകോട് കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ വിദ്യാർത്ഥികൾ തമ്മിലുണ്ടായ സംഘർഷത്തിൽ ഒരാൾക്ക് കുത്തേറ്റു. തുണ്ടത്തിൽ സ്കൂളിലെ പ്ലസ്ടു വിദ്യാർത്ഥിക്കാണ് കുത്തേറ്റത്. മുഖത്തുൾപ്പടെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ കുത്തേറ്റ വിദ്യാർത്ഥി അടുത്തുള്ള ആശുപത്രിയിൽ ചികിത്സ തേടിയെന്നാണ് വിവരം. കഴിഞ്ഞ വർഷം പ്ലസ്ടു കഴിഞ്ഞ വിദ്യാർത്ഥിയാണ് ആക്രമണം നടത്തിയതെന്നാണ് റിപ്പോർട്ട്.
ഇന്നലെ വെെകുന്നേരവും ഇവിടെ വിദ്യാർത്ഥികൾ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയിരുന്നു. ഇതിൽപ്പെട്ട വിദ്യാർത്ഥികളെ പൊലീസ് പിടികൂടി രക്ഷിതാക്കൾക്കൊപ്പം വിട്ടയച്ചിരുന്നു. അതിന്റെ തുടർക്കഥയാണ് ഇന്നത്തെ സംഘർഷം എന്നാണ് പൊലീസ് കരുതുന്നത്. പൊലീസ് എത്തുമ്പോഴേക്കും കുത്തേറ്റ വിദ്യാർത്ഥിയെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുകയാണെന്ന് പൊലീസ് അറിയിച്ചു. പോത്തൻകോട് ബസ് സ്റ്റാൻഡിൽ വിദ്യാർത്ഥികൾ തമ്മിൽ സ്ഥിരം സംഘർഷം നടക്കാറുണ്ടെന്നാണ് പൊലീസ് പറയുന്നത്.