കനത്ത മഴയിൽ വിറച്ച് കൊൽക്കത്ത; അഞ്ച് മരണം, മെട്രോ സർവീസുകളും നിർത്തിവച്ചു

Tuesday 23 September 2025 11:23 AM IST

കൊൽക്കത്ത: കൊൽക്കത്തയിലും പരിസരപ്രദേശത്തും ഇന്നലെ രാത്രി പെയ്ത കനത്ത മഴയിൽ അഞ്ചു മരണം റിപ്പോർട്ട് ചെയ്തു. നഗരത്തിലെ പല പ്രദേശങ്ങളും വെള്ളത്തിനടിയിലായി. ഗതാഗതം പൂർണമായും സ്തംഭിച്ചുവെന്നാണ് വിവരം. ബെനിയാപുകൂർ, കലികപൂർ, നേതാജി നഗർ, ഗരിയാഹത്ത്, എക്ബാൽപൂർ എന്നിവിടങ്ങളിലാണ് മരണം റിപ്പോർട്ട് ചെയ്തത്. പല സ്റ്റേഷനുകളിലും വെള്ളം കയറിയതോടെ ഒട്ടുമിക്ക മെട്രോ സർവീസുകളും നിർത്തിവച്ചു. നഗരങ്ങളിലെ താഴ്ന്ന് പ്രദേശത്തെ വീടുകളിലും സ്ഥാപനങ്ങളും വെള്ളം കയറി.

സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിച്ചതായി അധികൃതർ അറിയിച്ചു. നഗരത്തിന്റെ തെക്ക്,​ കിഴക്ക് ഭാഗങ്ങളിൽ മഴയുടെ തീവ്രത കൂടുതലായിരുന്നു. ഗാരിയ കാംദഹാരിയിൽ ഏതാനും മണിക്കൂറുകൾക്കുള്ളിൽ 332 മില്ലിമീറ്റർ മഴയാണ് രേഖപ്പെടുത്തിയതെന്ന് കൊൽക്കത്ത മുൻസിപ്പൽ കോർപ്പറേഷൻ അറിയിച്ചു. ജോധ്പുർ പാർക്കിൽ 285 മില്ലിമീറ്റർ, കാളിഘട്ടിൽ 280 മില്ലിമീറ്റർ, ടോപ്സിയയിൽ 275 മില്ലിമീറ്റർ, ബാലിഗഞ്ചിൽ 264 മില്ലിമീറ്റർ മഴയും രേഖപ്പെടുത്തി. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദമാണ് കനത്തമഴയ്ക്ക് കാരണമായതെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കനത്തമഴയെ തുടർന്ന് എയർ ഇന്ത്യ, ഇൻഡിഗോ വിമാനങ്ങൾ ഇന്ന് വെെകിയേക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.