'ജീവിതത്തിലെ മികച്ച അദ്ധ്യായത്തിന്റെ തുടക്കം'; ചിത്രം പങ്കുവച്ച് കത്രീന കൈഫും വിക്കിയും
അമ്മയാകാനൊരുങ്ങുന്ന സന്തോഷവാർത്ത പങ്കുവച്ച് ബോളിവുഡ് നടി കത്രീന കൈഫ്. നിറവയറുമായി ഭർത്താവും നടനുമായ വിക്കി കൗശലിനൊപ്പം നിൽക്കുന്ന ചിത്രമാണ് 42കാരിയായ താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചിരിക്കുന്നത്. 'സന്തോഷവും നന്ദിയും നിറഞ്ഞ ഹൃദയങ്ങളോടെ ജീവിതത്തിലെ ഏറ്റവും മികച്ച അദ്ധ്യായം ആരംഭിക്കാനുള്ള യാത്രയിൽ'- എന്ന കുറിപ്പോടെയാണ് ചിത്രം പങ്കുവച്ചിരിക്കുന്നത്.
നിരവധിപേരാണ് താരദമ്പതിമാർക്ക് അഭിനന്ദനം അറിയിച്ചുകൊണ്ടുള്ള കമന്റുകളിട്ടിരിക്കുന്നത്. വർഷങ്ങൾ നീണ്ട പ്രണയത്തിനൊടുവിലാണ് വിക്കി കൗശലും കത്രീനാ കൈഫും 2021 ഡിസംബറിൽ വിവാഹിതരായത്. കത്രീന ഗർഭിണിയാണെന്ന തരത്തിൽ നേരത്തെയും വാർത്തകൾ പ്രചരിച്ചിരുന്നെങ്കിലും താരദമ്പതികൾ ഇതിനോട് പ്രതികരിച്ചിരുന്നില്ല.
കഴിഞ്ഞദിവസം കത്രീന പുറത്തുവിട്ട ചിത്രവും താരം ഗർഭിണിയാണെന്ന അഭ്യൂഹം ശക്തമാക്കിയിരുന്നു. ഫോട്ടോഷൂട്ടിന്റെ ചിത്രമാണ് കത്രീന പങ്കുവച്ചിരിക്കുന്നത്. പരസ്യത്തിന്റെയോ മറ്റോ 'ബിഹൈൻഡ് ദി സീൻ' ചിത്രമാണ് സമൂഹമാദ്ധ്യമങ്ങളിലൂടെ പുറത്തുവിട്ടിരിക്കുന്നത്. മെറൂൺ നിറത്തിലുള്ള ഗൗൺ ആണ് കത്രീന ധരിച്ചിരിക്കുന്നത്. ഗർഭിണിയെന്ന് തോന്നുംവിധത്തിലാണ് കത്രീന ചിത്രത്തിലുള്ളത്.