45 വർഷം മുമ്പത്തെ പക; തൊഴിലുറപ്പ് ജോലിക്കെത്തിയ 75കാരനെ ക്രൂരമായി മർദിച്ച് മുൻ അയൽക്കാരൻ

Tuesday 23 September 2025 3:34 PM IST

കോഴിക്കോട്: തൊഴിലുറപ്പ് ജോലിക്ക് പോയ വയോധികന് നേരെ ക്രൂരമർദനം. താമരശേരി തച്ചംപൊയിലാണ് സംഭവം. പുളിയാറ ചാലിൽ മൊയ്‌തീൻ കോയയ്‌ക്കാണ് (72) മർദനമേറ്റത്. മുൻ അയൽവാസിയായ അസീസ് ഹാജിയാണ് മർദിച്ചത്.

ഇന്ന് രാവിലെ 9.30ഓടെയായിരുന്നു സംഭവം. 45 വർഷം മുമ്പ് മൊയ്‌തീൻ കോയയും അസീസ് ഹാജിയും തമ്മിൽ അതിർത്തി ത‌ർക്കമുണ്ടായിരുന്നു. അന്ന് നാട്ടുകാർ ഇടപെട്ട് പ്രശ്‌നം പരിഹരിച്ചിരുന്നു. പിന്നീട് അസീസ് ഹാജി മറ്റൊരിടത്തേക്ക് മാറിത്താമസിക്കുകയായിരുന്നു.

ഇന്നലെ മറ്റ് തൊഴിലാളികൾക്കൊപ്പം മൊയ്‌തീൻ കോയ, അസീസ് ഹാജിയുടെ പറമ്പിൽ തൊഴിലുറപ്പിന് പോയിരുന്നു. ഈ സമയം അസീസ് ഹാജി സ്ഥലത്തില്ലായിരുന്നു. എന്നാൽ, മൊയ്‌തീൻ കോയ എത്തിയെന്നറിഞ്ഞ അസീസ് തൊഴിലുറപ്പിന്റെ ചുമതലയുള്ള സുഹറയെ വിളിച്ച് മൊയ്‌തീൻ കോയയെ തന്റെ പറമ്പിൽ കയറ്റരുതെന്ന് ആവശ്യപ്പെട്ടു.

തുടർന്ന് ഇന്ന് മറ്റൊരു സ്ഥലത്തേക്കാണ് മൊയ്‌തീൻ കോയയെ ജോലിക്ക് നിയോഗിച്ചത്. ഇവിടേക്ക് പോകുന്ന സമയം റോഡിൽ കാത്തിരുന്ന അസീസ് ഹാജി, മൊയ്‌തീൻ കോയയെ വിളിച്ചുവരുത്തി റോഡിൽ വച്ച് മർദിക്കുകയായിരുന്നു. നിലത്തുവീണ മൊയ്‌തീൻ കോയയെ വടി ഉപയോഗിച്ച് ക്രൂരമായി മർദിച്ചു.

ബഹളം കേട്ട് ഓടിയെത്തിയ മറ്റ് തൊഴിലുറപ്പ് തൊഴിലാളികൾ ഇടപെട്ടാണ് അസീസ് ഹാജിയെ പിടിച്ചുമാറ്റിയത്. പിന്നീട് വീട്ടുകാരെത്തി മൊയ്‌തീൻ കോയയെ താമരശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇദ്ദേഹത്തിന്റെ ബന്ധുക്കൾ താമരശേരി പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.