തദ്ദേശ തിരഞ്ഞെടുപ്പ് കാഹളം ഉയർന്നു, എങ്ങും നെട്ടോട്ടം
കോട്ടയം : തദ്ദേശ തിരഞ്ഞെടുപ്പിന് കാഹളമുയരുമ്പോൾ ജനപ്രതിനിധികളും, രാഷ്ട്രീയ നേതാക്കളും നെട്ടോട്ടത്തിലാണ്. പെരുമാറ്റച്ചട്ടത്തിന് മുൻപേ പദ്ധതികൾ പൂർത്തിയാക്കി ഉദ്ഘാടനം നടത്തണം, പിടിവിട്ടുപോയ ഭരണം തിരിച്ചു പിടിക്കാൻ തന്ത്രങ്ങൾ പയറ്റണം. ഇതിനിടയിൽ ഫണ്ടും കണ്ടെത്തണം. 26 ന് കളക്ടറേറ്റിലാണ് സംവരണ വാർഡുകളുടെ നറുക്കെടുപ്പ് സംബന്ധിച്ച് ഉദ്യോഗസ്ഥരുടെ പരിശീലനം. ഇതിന് ശേഷം 13 മുതൽ 21 വരെയാണ് നറുക്കെടുപ്പ്. തുടർന്നുള്ള ദിവസങ്ങളിൽ തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ ആരംഭിക്കും. തീയതി പ്രഖ്യാപിച്ച് പെരുമാറ്റച്ചട്ടം നിലവിൽ വരുമെന്നതിനാൽ തിരക്കിട്ട ഓട്ടത്തിലാണ് ഓരോ പഞ്ചായത്ത് ഭരണസമിതികളും അംഗങ്ങളും. മിക്ക പഞ്ചായത്തുകളിലും പല പദ്ധതികളും പാതിവഴിയിലും ചിലത് മുടന്തി നീങ്ങുന്നവയുമാണ്. ഗ്രാമീണ റോഡുകൾ, പാലങ്ങൾ, കുഴൽക്കിണറുകൾ, മഴവെള്ള സംഭരണികൾ, വഴിവിളക്കുകൾ, ബസ് സ്റ്റാൻഡുകൾ, ഷോപ്പിംഗ് കോംപ്ലക്സുകൾ, മാർക്കറ്റ് സമുച്ചയം, ഗ്യാസ് ക്രിമിറ്റോറിയം തുടങ്ങി പലതും നിർമ്മാണം പൂർത്തിയായിട്ടില്ല. ഇതിനിടെ സെക്രട്ടറിമാർ, എ.ഇ.മാർ, വി.ഇ.ഒ മാർ അടക്കം പല ജീവനക്കാരും ഇല്ലാതെ പദ്ധതികൾ പൂർത്തിയാക്കാൻ കഴിയാതെ ഭരണ സമിതി അംഗങ്ങളും ജീവനക്കാരും തമ്മിൽ ശീതസമരം നടത്തുന്ന പഞ്ചായത്തുകളുമുണ്ട്.
ഒരുപാടുണ്ട് ചെയ്യാൻ പദ്ധതികളുടെ പൂർത്തിയാക്കൽ
പൂർത്തിയായവയുടെ ഉദ്ഘാടനം കരാറുകാരുടെ വീഴ്ചയിൽ മുടങ്ങിയവ
വാർഡ് വിഭജനം : സമവാക്യങ്ങൾ മാറി വാർഡ് വിഭജനത്തിന് ശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പ് പുത്തൻപരീക്ഷണമാണ്. വാർഡുകൾ എല്ലാ പഞ്ചായത്തുകളിലും വർദ്ധിച്ചതോടെ പഴയ സമവാക്യങ്ങൾ മാറി. വാർഡുകളിലെ രൂപമാറ്റങ്ങൾ പഠന വിധേയമാക്കി പുതിയ വാർഡുകളിൽ ആരെ പരീക്ഷിക്കും എന്നത് ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ പരിഹരിക്കണം. എണ്ണം വർദ്ധിച്ചതോടെ സീറ്റുമോഹികളെ സമാധാനിപ്പിക്കണം. വിമതശല്യം ഒഴിവാക്കുകയും വേണം.
പഞ്ചായത്തുകൾ : 72
ബ്ളോക്ക് പഞ്ചായത്ത് : 11
നഗരസഭകൾ : 6