നവീകരണം കാത്ത് ഇണ്ടിളയപ്പൻ ക്ഷേത്രക്കുളം

Wednesday 24 September 2025 12:15 AM IST

നവീകരണമില്ലാത്ത 33 വർഷം

ആറ്റിങ്ങൽ: തിരുവിതാംകൂർ രാജഭരണക്കാലത്ത് നിർമ്മിച്ചതും ജില്ലയിലെ വലിപ്പമേറിയ ക്ഷേത്രക്കുളവുമായ അവനവഞ്ചേരി ഇണ്ടിളയപ്പൻ ക്ഷേത്രക്കുളം വൃത്തിയാക്കി നവീകരിക്കണമെന്ന ആവശ്യം ശക്തം.

മൂന്ന് ഏക്കറിലധികം വിസ്തൃതിയുള്ള ക്ഷേത്രക്കുളം ഒടുവിൽ നവീകരിച്ചത് 1992ലാണ്. 33 വർഷം കഴിഞ്ഞിട്ടും കുളം ശുചീകരിക്കാൻ അധികൃതർ തയ്യാറാകുന്നില്ലെന്ന് നാട്ടുകാർ പറയുന്നു.

കാർഷിക മേഖലയിലെ ജീവനാടിയാണീ ക്ഷേത്രക്കുളം.കുളത്തിലേക്ക് അധികമായി എത്തുന്ന വെള്ളം കുളത്തിന്റെ പടിഞ്ഞാറുവശത്തെ തൂമ്പ് വഴി കരിച്ചി തോട്ടിലേക്ക് ഒഴുക്കിവിടുകയാണ് പതിവ്. എന്നാൽ മാസങ്ങളായി വെള്ളം ഒഴുക്കിക്കളയാനില്ലാത്ത അവസ്ഥയാണ്. കുളം നവീകരിക്കണമെന്നാവശ്യപ്പെട്ട് അദ്ധ്യാപകനായ രാധാകൃഷ്ണൻ നായർ നവകേരളസദസിൽ മുഖ്യമന്ത്രിക്ക് നിവേദനം നൽകിയിരുന്നു.നിവേദനം മൈനർ ഇറിഗേഷന് കൈമാറിയതായി മറുപടി വന്നെങ്കിലും തുടർ നടപടികളുണ്ടായിട്ടില്ല.

കുളം അവസാനം നവീകരിച്ചത് - 1992ൽ

വർഷങ്ങളായി കെട്ടിക്കിടക്കുന്ന വെള്ളം ആരോഗ്യകരമല്ലെന്ന വിലയിരുത്തലാണിപ്പോൾ

കരിച്ചിൽ ഏലയുടെ തലക്കുളം

അഞ്ചിടങ്ങളിൽ കുളത്തിലിറങ്ങാൻ പടിക്കെട്ടുകൾ നിർമ്മിച്ചിട്ടുണ്ട്.ഒരിടത്ത് പടിപ്പുരയും

അടുത്തകാലംവരെ വിദ്യാർത്ഥികൾക്ക് നീന്തൽ പരിശീലനം നടത്തിരുന്നെങ്കിലും ഇപ്പോൾ അതും മുടങ്ങി. കുളത്തിൽ കെട്ടിക്കിടക്കുന്ന ജലം മലിനമെന്ന നിഗമനത്തിലാണ് പരിശീലനം നിറുത്തിയത്.

പണ്ടുകാലത്ത് ക്ഷേത്രക്കുളത്തിൽ നിന്ന് സമീപത്തെ പണ്ടാരക്കുളത്തിലേക്ക് വെള്ളം ഒഴുക്കിവിട്ട് ജല ക്രമീകരണം നടത്തിയിരുന്നു.

ഇണ്ടിളയപ്പൻ ക്ഷേത്രക്കുളം അടിയന്തരമായി നവീകരിക്കാൻ ബന്ധപ്പെട്ടവർ നടപടി സ്വീകരിക്കണം.

ശ്രീരംഗൻ,ജനറൽ സെക്രട്ടറി,കോൺഗ്രസ് നിയോജകമണ്ഡലം കമ്മിറ്റി,ആറ്റിങ്ങൽ

മൈനർ ഇറിഗേഷന്റെ കീഴിലുള്ള ക്ഷേത്രക്കുളം അടിയന്തരമായി നവീകരിക്കണം.

രാധാകൃഷ്ണൻ നായർ,അദ്ധ്യാപകൻ,​​ആറ്റിങ്ങൽ