വിവാഹം കഴിഞ്ഞ് നാല് മാസമാകാറായിട്ടും ഗർഭിണിയായില്ല, ഭർത്താവിന് വദ്ധ്യതയെന്ന് യുവതി, നഷ്‌ടപരിഹാരമായി ആവശ്യപ്പെട്ടത് കോടികൾ
ബംഗളൂരു: വിവാഹം കഴിഞ്ഞ് നാല് മാസമായിട്ടും ഗർഭിണിയാകാത്തതിനാൽ ഭർത്താവിന് വദ്ധ്യതയുണ്ടെന്നും പീഡിപ്പിച്ചെന്നും ആരോപിച്ച് യുവതി. സംഭവം ഒടുവിൽ പൊലീസ് കേസുവരെയായി. ബംഗളൂരുവിലാണ് സംഭവം. ഗോവിന്ദരാജ്‌നഗർ സ്വദേശിയായ 35കാരനായ യുവാവ് 29കാരിയായ യുവതിയെ വിവാഹം ചെയ്‌തത് ഈ വർഷം മേയ് 5നാണ്. ബംഗളൂരുവിലെ സപ്‌തഗിരി പാലസിൽ ഒന്നിച്ച് താമസിച്ചു. മൂന്ന് മാസത്തിന് ശേഷം തനിക്ക് വദ്ധ്യതയുണ്ടെന്ന് സംശയിച്ച ഭാര്യ തന്നോട് മെഡിക്കൽ പരിശോധന നടത്തണമെന്ന് ആവശ്യപ്പെട്ടെന്ന് യുവാവ് പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. പീഡനം സഹിക്കവയ്യാതെയാണ് യുവാവ് പരാതി നൽകാൻ തയ്യാറായത്.
വൈദ്യപരിശോധനയിൽ തനിക്ക് കുഴപ്പമൊന്നുമില്ലെന്ന് ഡോക്‌ടർമാർ പറഞ്ഞു. മാനസിക പിരിമുറുക്കമാകാം പ്രശ്‌നകാരണം എന്ന് ഡോക്‌ടർമാർ അറിയിച്ചതായും യുവാവ് പറയുന്നു. എന്നാൽ ഭാര്യ ഇത് വിശ്വസിക്കാതെ പ്രശ്‌നമുണ്ടാക്കുകയും തന്നിൽനിന്ന് നഷ്‌ടപരിഹാരം ആവശ്യപ്പെടുകയും ചെയ്‌തെന്നാണ് യുവാവിന്റെ പരാതിയിലുള്ളത്. രണ്ട് കോടി രൂപയാണ് ഇത്തരത്തിൽ ആവശ്യപ്പെട്ടത്.
ഇക്കഴിഞ്ഞ ഓഗസ്റ്റ് 17ന് ഗോവിന്ദരാജ്‌നഗറിലെ തന്റെ വീട്ടിലെത്തിയ ഭാര്യയുടെ ബന്ധുക്കൾ തന്നെയും കുടുംബത്തെയും അപമാനിച്ചെന്ന് യുവാവ് നൽകിയ പരാതിയിലുണ്ട്. തുടർന്നാണ് യുവാവ് പൊലീസിൽ പരാതി നൽകാൻ തീരുമാനിച്ചത്. ഗോവിന്ദരാജ്‌നഗർ പൊലീസ് സംഭവത്തിൽ കേസെടുത്ത് അന്വേഷണം തുടങ്ങി. യുവതിയ്‌ക്കും കുടുംബത്തിനുമെതിരെ ദേഹോപദ്രവം ഏൽപ്പിച്ചതിനും ആക്രമിച്ചതിനുമാണ് കേസെടുത്തിരിക്കുന്നത്. യുവതിയ്ക്ക് രാഷ്‌ട്രീയപാർട്ടിയുമായി ബന്ധമുണ്ടെന്നും ഇതുപയോഗിച്ച് ഉപദ്രവിക്കുകയാണെന്നും യുവാവ് ഇടയ്‌ക്ക് ഒരു വീഡിയോ പോസ്റ്റ് ചെയ്‌തിരുന്നു.