പ്രധാനമന്ത്രിയുടെ ചിത്രം മോർഫ് ചെയ്‌ത് സമൂഹമാദ്ധ്യമത്തിൽ പ്രചരിപ്പിച്ചു, കോൺഗ്രസ് പ്രവർത്തകനെ പിടികൂടി സാരിയുടുപ്പിച്ച് ബിജെപി
മുംബയ് : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം മോർഫ് ചെയ്ത് പ്രചരിപ്പിച്ച സംഭവത്തിൽ മുതിർന്ന കോൺഗ്രസ് നേതാവിനെ സാരിയുടുപ്പിച്ച് ബിജെപി പ്രവർത്തകർ. 73 വയസ്സുള്ള കോൺഗ്രസ് പ്രവർത്തകനെയാണ് ബിജെപി പ്രവർത്തകർ നിർബന്ധിച്ചു സാരി ധരിപ്പിച്ചത്. മഹാരാഷ്ട്രയിലെ കല്യാൺ ജില്ലയിൽ ഡോമ്പിവ്‌ലിയിൽ നിന്നുള്ള കോൺഗ്രസ് പ്രവർത്തകനായ പ്രകാശ് പഗാരെയെയാണ് ബിജെപി പ്രവർത്തകർ സാരി ഉടുപ്പിച്ചത്. രണ്ട് ബിജെപി പ്രവർത്തകർ അദ്ദേഹത്തിന്റെ കൈകൾ പുറകിലേക്ക് പിടിക്കുകയും മറ്റ് രണ്ട് പേർ സാരി അദ്ദേഹത്തിന്റെ ശരീരത്തിൽ ധരിപ്പിക്കുകയുമായിരുന്നു. സാരി കണ്ടപ്പോൾ പ്രകാശ് പഗാരെ ആദ്യം 'എന്താണ് ചെയ്യാൻ പോകുന്നത്?' എന്ന് ചോദിച്ച് ഒഴിഞ്ഞുമാറാൻ ശ്രമിച്ചിരുന്നു. പക്ഷെ സാധിച്ചില്ല.
കോൺഗ്രസ് പ്രവർത്തകനായ പഗാരെ പ്രധാനമന്ത്രിയുടെ സാരി ഉടുത്ത മോർഫ് ചെയ്‌ത ചിത്രം ഒരു മറാത്തി ഗാനത്തിനൊപ്പം ചേർത്ത്സമൂഹമാധ്യമങ്ങളിൽ പോസ്റ്റുചെയ്‌തിരുന്നു. ഇത് വൈറലായതിന് പിന്നാലെയാണ് ബിജെപി പ്രവർത്തകർ ഇങ്ങനെ ചെയ്‌തത്. 'പ്രധാനമന്ത്രിയുടെ അത്തരമൊരു ചിത്രം പോസ്റ്റുചെയ്ത് അപകീർത്തിപ്പെടുത്തുന്നത് കുറ്റകരവും അസ്വീകാര്യവുമാണ്. സോഷ്യൽ മീഡിയയിലൂടെ ഞങ്ങളുടെ നേതാക്കളെ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്നവർക്ക് ഇതൊരു മുന്നറിയിപ്പായിരിക്കും.' ബിജെപി കല്യാൺ ജില്ലാ പ്രസിഡന്റ് നന്ദു പരാബ് പറഞ്ഞു.