വഴിയൊരുക്കി ഗ്രാമവണ്ടി

Wednesday 24 September 2025 1:25 AM IST

ബാലരാമപുരം: ഗ്രാമീണമേഖലയിൽ യാത്രാക്ലേശം നേരിടുന്നവർക്കായി കെ.എസ്.ആർ.ടി.സിയുടെ സഹായത്തോടെ പള്ളിച്ചൽ പഞ്ചായത്തിൽ ഗ്രാമവണ്ടി സർവ്വീസ് ആരംഭിച്ചു. പൊതുഗതാഗതം കുറവായ പ്രദേശങ്ങളിലൂടെയാണ് ഗ്രാമവണ്ടി സഞ്ചരിക്കുന്നത്. പള്ളിച്ചൽ പഞ്ചായത്ത് ഫാമിലി ഹെൽത്ത് സെന്ററിലെത്താൻ ഗ്രാമവണ്ടി വഴിയൊരുക്കും. പാമാംകോട് നിന്നും ആരംഭിക്കുന്ന സർവീസ് വെള്ളായണിമുക്ക്,​ പ്രാവച്ചമ്പലം,​ അരിക്കടമുക്ക്,​ മൊട്ടമൂട്,​ നരുവാമൂട്,​ നടുക്കാട്,​ വലിയറത്തല,​ മുക്കമ്പാലമൂട്,​ താന്നിവിള,​ മുടവൂർപ്പാറ,​ കൊടിനടയിൽ അവസാനിപ്പിക്കും.

തുടക്കത്തിൽ അഞ്ച് സർവീസാണ് ക്രമീകരിച്ചിരിക്കുന്നത്. പള്ളിച്ചൽ പഞ്ചായത്ത് വാർഷിക പദ്ധതിയുടെ ഭാഗമായാണ് ഗ്രാമവണ്ടി യാഥാർത്ഥ്യമാക്കിയത്. ഐ.ബി.സതീഷ് എം.എൽ.എ ഗ്രാമവണ്ടി ഫ്ലാഗ് ഓഫ് ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് കെ.രാകേഷ് അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ശശികല,​ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ വി.വിജയൻ,​ ടി.മല്ലിക,​ സി.ആർ.സുനു,​ ജില്ലാ പഞ്ചായത്ത് മെമ്പർ ഭഗത് റൂഫസ്,​ ബ്ലോക്ക് മെമ്പർമാരായ ലതകുമാരി,​ എ.ടി.മനോജ്,​ പഞ്ചായത്ത് മെമ്പർമാരായ രാജേഷ് സുജാത,​ സജികുമാർ,​ ബിന്ദു,​ മാലിനി,​ സരിത,​പ്രീത,​ഗീത,​കവിത,​തമ്പി,​പാപ്പനംകോട് ഡിപ്പോ എ.ടി.ഒ അനിൽകുമാർ എന്നിവർ പങ്കെടുത്തു.