അകാലനര മാറും, തിളക്കമേറിയ ചർമ്മവും ലഭിക്കും, സ്‌മൂത്തിക്ക് ഒപ്പമോ തൈരിലോ ഈ വിത്തുകൾ ഉൾപ്പെടുത്തി നോക്കൂ
എത്ര സൗന്ദര്യ വർദ്ധക വസ്‌തുക്കളും ഹെയർകെയർ ഉത്പന്നങ്ങളും ഉപയോഗിച്ചിട്ടും ആരോഗ്യമേറിയ മുടി സ്വന്തമാക്കാൻ പലർക്കും കഴിയാറില്ല. അകാലനരയോ മുടി പൊട്ടിപ്പോകുന്നതോ പോലെയുള്ള പ്രശ്‌നങ്ങളോ അവരെ അലട്ടിക്കൊണ്ടുമിരിക്കും. ഓരോ സാധനങ്ങൾ വാങ്ങി പരീക്ഷിക്കുന്നതിന് പകരം തിളക്കമാർന്ന ഇടതൂർന്ന തലമുടി സ്വന്തമാക്കാൻ രണ്ട് വിത്തുകൾ ഭക്ഷണത്തിൽ കൃത്യമായി ഉപയോഗിക്കുന്നത് നല്ലതാണ്.
ദിവസേന നാം കഴിക്കുന്ന പച്ചക്കറികൾ, പഴങ്ങൾ തുടങ്ങി പല വിഭവങ്ങളും സൗന്ദര്യം നിലനിർത്താനുള്ള പ്രധാന പങ്ക് വഹിക്കുന്നവയാണ്. എന്നാൽ ഈ വിഭവങ്ങൾ കൂടാതെ ദൈനംദിന ഭക്ഷണത്തിൽ ചിയ സീഡ്‌സ്, ചണ വിത്തുകൾ എന്നിങ്ങനെയുള്ള വിത്തുകളെ കൂടി ഉൾപ്പെടുത്തിയാൽ മികച്ച ചില മാറ്റങ്ങൾ അനുഭവപ്പെടുമെന്നാണ് ആരോഗ്യവിദഗ്ദ്ധർ സൂചിപ്പിക്കുന്നത്. ഇവ രണ്ടും നമ്മുടെ മുടിയുടെ വളർച്ചയ്ക്കും തിളക്കമുള്ള ചർമ്മത്തിനും ഉത്തമമാണ്. ഇവ എങ്ങനെ ദിനചര്യയിൽ ഉൾപ്പെടുത്തണമെന്നു നോക്കാം.
ചണവിത്തുകളിൽ ഒമേഗ3 ഫാറ്റി ആസിഡുകൾ അടങ്ങിയിട്ടുണ്ട്. ഇത് ചർമ്മത്തിലെ ഫോളിക്കിളുകളെ പോഷിപ്പിക്കുകയും രക്തയോട്ടം വർദ്ധിപ്പിക്കുകയും ചെയ്യുന്നു. ദിവസവും ചണവിത്ത് കഴിക്കുമ്പോൾ ഒമേഗ3 ഫാറ്റി ആസിഡുകളുടെ ഗുണം മുടിയിഴകൾക്ക് ഉണ്ടാകും. മുടി പൊട്ടൽ കുറയ്ക്കുകയും ചർമ്മത്തിൽ തിളക്കം വർദ്ധിപ്പിക്കുകയും മുടിവളർച്ചയെ സഹായിക്കുന്ന തരത്തിൽ തലയോട്ടി ആരോഗ്യത്തോടെയിരിക്കുകയും ചെയ്യുന്നു. ചണവിത്ത് ചർമ്മത്തെ ഈർപ്പമുള്ളതാക്കുകയും മുഖക്കുരു വളർച്ച കുറയ്ക്കുകയും ചെയ്യുന്നു. സ്മൂത്തിയായും, തൈരിലോ വെള്ളത്തിലോ കലർത്തിയും ഇത്
കഴിക്കാം.
ചിയസീഡ്‌സ് അതേസമയം ചർമ്മത്തിൽ ഈർപ്പം നിലനിർത്താനുള്ള പ്രധാനപങ്ക് വഹിക്കുന്നു. ശരീരത്തിൽ ജലാംശം നൽകുന്നതിനുള്ള മികച്ച മാർഗമാണ് ചിയസീഡ്‌സ്. ചർമ്മത്തിൽ ചുളിവുണ്ടാകുന്നത് വൈകിപ്പിക്കുന്നതിന് ഇതിന് കഴിവുണ്ട്. നാരുകൾകൊണ്ട് സമ്പുഷ്ടമായ ഇത് ദഹനത്തെയും കുടലിന്റെ ആരോഗ്യത്തേയും സംരക്ഷിക്കുന്നു. ചണത്തിലേത് പോലെ ചിയസീഡ്‌സിലും ഒമേഗ 3 ഫാറ്റി ആസിഡുകൾ നിറഞ്ഞിരിക്കുന്നതിനാൽ ഇത് മുടിയെ ആരോഗ്യകരവും കട്ടിയുള്ളതുമായും നിലനിർത്തുന്നു.
ഇതും നിങ്ങൾക്ക് സ്മൂത്തിയിലോ തൈരിലോ, വെള്ളത്തിലോ കലർത്തി കഴിക്കാം. ചിയസീഡ്‌സിനും ചണവിത്തിനും സാധാരണ ഉപയോഗത്തിൽ പാർശ്വഫലങ്ങൾ ഉണ്ടാകില്ല. എന്നാൽ ആവശ്യത്തിലധികം വെള്ളത്തിൽ ചേർത്തുകഴിച്ചാൽ ദഹനസംബന്ധമായ പ്രശ്നങ്ങൾ, ഗ്യാസ് എന്നിവ ഉണ്ടാകാനുള്ള സാദ്ധ്യതയുണ്ട്. അതിനാൽ മതിയായ അളവേതെന്ന് വിദഗ്ദ്ധരോട് ചോദിച്ചറിഞ്ഞ ശേഷം കഴിക്കുക.