കൊടുത്തതിനു ശേഷം തട്ടിപ്പറിക്കരുത്
കൊതിപ്പിച്ച് പട്ടിണിക്കിടുക എന്ന് നാട്ടിൻപുറത്തൊക്കെ ഒരു ചൊല്ലുണ്ട്. ആഗ്രഹിച്ചിരുന്ന കാര്യം കൈയിൽ കിട്ടുമെന്നാകുമ്പോൾ തട്ടിപ്പറിച്ച് നഷ്ടപ്പെടുത്തുന്നതാണ് കാര്യം! ഏതാണ്ട് ആ അവസ്ഥയിലാണ് സംസ്ഥാനത്തെ ക്ഷീരകർഷകരുടെ അവസ്ഥ. മിൽമ പാലിന് ഓരോ തവണ വില കൂട്ടുമ്പോഴും പറഞ്ഞുകേൾക്കാറുള്ള ഒരു കാര്യം, വരുമാന വർദ്ധനവിന്റെ ഏറിയ പങ്കും ക്ഷീരകർഷകർക്ക് ലഭിക്കുമെന്നാണ്. അങ്ങനെ നൽകുന്ന വിഹിതത്തിന്റെ കണക്കും പ്രഖ്യാപിക്കും. പക്ഷേ, തൊട്ടുപിന്നാലെ വരും, മിൽമയും സർക്കാർ സ്ഥാപനമായ കേരള ഫീഡ്സും ഉത്പാദിപ്പിക്കുന്ന കാലിത്തീറ്റയുടെ വില ഉയർത്തിക്കൊണ്ടുള്ള അറിയിപ്പ്. ഒരുകൈകൊണ്ട് കൊടുത്തിട്ട് മറുകൈ കൊണ്ട് തട്ടിപ്പറിക്കുന്നതാണ് ഈ പരിപാടിയെന്ന് ക്ഷീരകർഷർ ആക്ഷേപം ഉന്നയിക്കുന്നതിൽ കഴമ്പില്ലെന്ന് എങ്ങനെ പറയാനാകും? ഈ ഡിസംബറോടെ പാൽ വില വർദ്ധിപ്പിക്കുമെന്ന് ക്ഷീരവികസന മന്ത്രി ജെ. ചിഞ്ചുറാണി കഴിഞ്ഞ ദിവസം നിയമസഭയിൽ പറഞ്ഞതു കേട്ട് ക്ഷീരകർഷകർ ആ പഴയ ചോദ്യം തന്നെയാണ് ആവർത്തിക്കുന്നത്: 'തന്നിട്ട് തട്ടിപ്പറിക്കാനാണോ?"
2022 ഡിസംബറിലാണ് മിൽമ പാൽവില അവസാനം കൂട്ടിയത്. നിലവിൽ നീല കവറിലെ ഒരു ലിറ്റർ പാലിന് 52 രൂപയാണ് വിപണിവില. മിൽമ നിഷ്കർഷിക്കുന്ന അളവിൽ കൊഴുപ്പും ഖരപദാർത്ഥങ്ങളും ഉണ്ടെങ്കിൽ പാൽ നൽകുന്ന കർഷകന് ലിറ്ററിന് ശരാശരി 44 രൂപ ലഭിക്കും. അതേസമയം, രണ്ടരവർഷം മുമ്പ് പാൽവില കൂട്ടിയതിനു ശേഷം കാലിത്തീറ്റയും തീറ്റപ്പുല്ലും വൈക്കോലും ഉൾപ്പെടെ പശുപരിപാലനവുമായി ബന്ധപ്പെട്ട എല്ലാറ്റിനും പലതവണ വില വർദ്ധിച്ചു. ധാതുലവണ മിശ്രിതങ്ങൾക്കും മരുന്നുകൾക്കും വില കൂടി. പത്തു ലിറ്റർ പാൽ നൽകുന്ന ഒരു പശുവിനെ വളർത്താൻ പ്രതിദിനം 350 രൂപ വരെ ചെലവുണ്ടെന്ന് ക്ഷീരകർഷകർ ചൂണ്ടിക്കാട്ടുന്നു. ഇതനുസരിച്ച് കണക്കുകൂട്ടിയാൽ ചെലവുകൾ കഴിഞ്ഞ് ഒരു കുടുംബം നടത്തിക്കൊണ്ടുപോകാൻ മിച്ചംപിടിക്കാവുന്ന തുക കഷ്ടി. ഈ നഷ്ടക്കച്ചവടം കാരണം കഴിഞ്ഞ രണ്ടുവർഷത്തിനിടെ സംസ്ഥാനത്ത് രണ്ടുലക്ഷത്തോളം ക്ഷീരകർഷകർ കാലിവളർത്തൽ മതിയാക്കിയെന്നാണ് കണക്ക്.
പാൽവില വർദ്ധിപ്പിക്കുന്നത് പഠിക്കാൻ നിയോഗിച്ച അഞ്ചംഗ വിദഗ്ദ്ധ സമിതിയുടെ റിപ്പോർട്ട് അനുസരിച്ചാണ് ഈ ഡിസംബറിൽ നടപ്പാക്കാൻ ഉദ്ദേശിക്കുന്ന വിലവർദ്ധന. ക്ഷീരകർഷകർക്ക് പരമാവധി പ്രയോജനകരമായ വിധത്തിലായിരിക്കും വർദ്ധനവെന്നും വകുപ്പു മന്ത്രി നിയമസഭയിൽ പറഞ്ഞിരുന്നു. കേൾക്കാൻ സുഖമുണ്ടെങ്കിലും നേരത്തേയുള്ള അനുഭവം അത്ര സുഖകരമല്ലെന്നാണ് ക്ഷീരകർഷകർ പറയുന്നത്.അതിനിടെ ജി.എസ്.ടി പരിഷ്കാരം നിലവിൽ വന്ന ദിവസംതന്നെ മിൽമ പാൽ ഉത്പന്നങ്ങളുടെ വില കുറച്ചിരുന്നു. വെണ്ണ, നെയ്യ്, പാൽക്കട്ടി, മറ്റ് ഡെയറി ഫാറ്റ്സ് എന്നിവയ്ക്ക് നേരത്തേ 12 ശതമാനമായിരുന്ന ജി.എസ്.ടി അഞ്ചു ശതമാനത്തിലേക്കാണ് കുറച്ചത്. പനീറിനെയാകട്ടെ, നികുതിയിൽ നിന്ന് ഒഴിവാക്കുകയും ചെയ്തു. നികുതി ഇളവിലൂടെ ലഭിക്കുന്ന ആനുകൂല്യത്തിന്റെ ഒരു ഭാഗം ഉപഭോക്താക്കൾക്ക് നൽകിക്കഴിഞ്ഞാലും മിൽമയ്ക്ക് ലാഭം തന്നെ. പാൽ ഉത്പന്നങ്ങളുടെ അടിസ്ഥാനഘടകമായ പാൽ നല്കുന്ന കർഷകർക്കു മാത്രം കടവും കണ്ണീരുമോ എന്നാണ് അവരുടെ ചോദ്യം.
തീർച്ചയായും ഈ സങ്കടം മിൽമയും സംസ്ഥാന സർക്കാരും കേൾക്കാതെ പോകരുത്. തെങ്ങിന്റെ പരിപാലനച്ചെലവും തെങ്ങുകയറ്റത്തിനുള്ള കൂലിയും ഉയർന്നതും, തേങ്ങയിടാൻ ആളെക്കിട്ടാത്തതുമാണ് കേരളത്തിൽ നാളികേരത്തിന് പൊന്നുംവില വരാൻ കാരണം. വിപണിയിൽ കിട്ടുന്നത് അധികവും തമിഴ്നാട്ടിൽ നിന്നുള്ള വരവ് തേങ്ങയാണുതാനും. ഫലത്തിൽ, കേരളം 'കേരമില്ലാ സംസ്ഥാന"മായി മാറിക്കൊണ്ടിരിക്കുന്നു. മതിയായ പരിഗണനയും സഹായവും കിട്ടിയില്ലെങ്കിൽ പാൽ ഉത്പാദനത്തിന്റെ സ്ഥിതിയും അതുതന്നെയായിരിക്കും. അതുകൊണ്ട്, വീണ്ടും പാൽവില വർദ്ധനവിന് അരങ്ങൊരുങ്ങുന്ന ഈ വേളയിലെങ്കിലും പരമാവധി വരുമാന വിഹിതം ക്ഷീരകർഷകർക്ക് ഉറപ്പാക്കണം. അതുകൊണ്ടുമാത്രം കാര്യമില്ല; അങ്ങനെ കിട്ടാൻ സാദ്ധ്യതയുള്ള അധികതുക കാലിത്തീറ്റ വർദ്ധനവിലൂടെ തിരികെ ഈടാക്കുന്ന പഴയ ചെപ്പടിവിദ്യ ആവർത്തിക്കാതിരിക്കുകയും വേണം.