'അത് പുരാതന ചൈനീസ് തന്ത്രം, ഇന്ത്യയില്‍ അവര്‍ക്ക് പദ്ധതിയുണ്ട്; എല്ലാം എംബസി കേന്ദ്രീകരിച്ച്'

Tuesday 23 September 2025 9:01 PM IST

ന്യൂഡല്‍ഹി: ഇന്ത്യയില്‍ ഭരണമാറ്റം സൃഷ്ടിക്കാന്‍ ചൈന ശ്രമിക്കുന്നുവെന്ന ഗുരുതര ആരോപണവുമായി ടിബറ്റന്‍ നേതാവ്. ഇന്ത്യയിലെ ടിബറ്റന്‍ പ്രവാസി സര്‍ക്കാരിലെ മുന്‍ പ്രസിഡന്റായിരുന്ന ലൊബ്സാങ് സങ്ഗെയാണ് ഗുരുതരമായ ആരോപണം ഉന്നയിച്ചിരിക്കുന്നത്. ടിബറ്റിലും സിന്‍ജിയാങ്ങിലും ഒപ്പം മംഗോളിയയിലും നുഴഞ്ഞ് കയറാന്‍ ഉപയോഗിച്ച അതേ തന്ത്രമാണ് ഇപ്പോള്‍ ഇന്ത്യയിലും പരീക്ഷിക്കാന്‍ ഒരുങ്ങുന്നതെന്നാണ് ആരോപണം.

ഉന്നത സ്ഥാനങ്ങളില്‍ ഇരിക്കുന്നവരെ ഒപ്പം നിര്‍ത്തി പദ്ധതികള്‍ ആവിഷ്‌കരിക്കുകയെന്നത് ചൈനയുടെ പുരാതന നയമാണ്. രാഷ്ട്രീയ നേതാക്കള്‍, വ്യവസായികള്‍, ബുദ്ധിജീവികളേയും മാദ്ധ്യമപ്രവര്‍ത്തകരേയും ഒപ്പം ആധുനിക കാലത്ത് യൂട്യൂബര്‍മാരേയും ഒപ്പം നിര്‍ത്തുകയെന്നത് ചൈനയുടെ നയമാണ്. ഒരു ദേശീയ മാദ്ധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഗുരുതരമായ ആരോപണം ഉന്നയിച്ചിരിക്കുന്നത്. ചൈനയുടെ രാഷ്ട്രീയ ലക്ഷ്യങ്ങളില്‍ ഇന്ത്യയും ഉള്‍പ്പെടുന്നുണ്ടെന്നാണ് സങ്‌ഗെയുടെ മുന്നറിയിപ്പ്. 'ഡല്‍ഹിയിലെ ചൈനീസ് എംബസിയുടെ ദേശീയ ദിനാഘോഷങ്ങള്‍ നോക്കൂ. ആരാണ് പങ്കെടുക്കുന്നതെന്ന് പരിശോധിക്കുക. രാഷ്ട്രീയക്കാരുടെയും, വ്യവസായ പ്രമുഖരുടെയും, മറ്റുള്ളവരുടെയും ചിത്രങ്ങള്‍ നിങ്ങള്‍ക്ക് കാണാം. അവരെല്ലാവരും വിലക്കെടുക്കപ്പെട്ടവരല്ല, പക്ഷേ ചൈന ശ്രമം തുടര്‍ന്നുകൊണ്ടേയിരിക്കുന്നു,' ഡോ. സങ്ഗേ ചൂണ്ടിക്കാട്ടി. ഇന്ത്യയുടെ അയല്‍രാജ്യങ്ങളില്‍ നടക്കുന്ന സംഭവവികാസങ്ങളേക്കുറിച്ചും അദ്ദേഹം സംസാരിച്ചു.

ഇന്ത്യയുടെ തൊട്ടടുത്ത് കിടക്കുന്ന നേപ്പാള്‍, ശ്രീലങ്ക, മാലദ്വീപ് എന്നീ രാജ്യങ്ങളിലെ സ്ഥിതി നോക്കിയാല്‍ അവിടങ്ങളില്‍ ഒരു പാര്‍ട്ടി ഇന്ത്യയെ പിന്തുണയ്ക്കുമ്പോള്‍ മറുവശത്തുള്ള പാര്‍ട്ടികള്‍ ചൈനയെ പിന്തുണയ്ക്കുന്നതാണ് കാണാന്‍ കഴിയുക. 'ഭരണകക്ഷി, പ്രതിപക്ഷം, വ്യവസായ പ്രമുഖര്‍, മാദ്ധ്യമപ്രവര്‍ത്തകര്‍ എല്ലാവരും ജാഗ്രതയോടെയിരിക്കണം. സ്വന്തം അജണ്ട നടപ്പിലാക്കുന്നതിന് വേണ്ടി ആരെവേണമെങ്കിലും ചൈന വിലയ്ക്കെടുക്കും'- അദ്ദേഹം പറഞ്ഞു. ആഗോളതലത്തില്‍ സ്വാധീനം നേടുന്നതില്‍ നിന്ന് ഇന്ത്യയെ തടയുക എന്നതാണ് ചൈനയുടെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.