കോഴിക്കോടൻ ബീച്ചിൽ രുചി ലോകം
നല്ല ചൂടുള്ള കല്ലുമ്മക്കായും ചായയും ഫെെവ് സ്റ്റാർ ലെവലിൽ കഴിക്കാൻ കോഴിക്കോട്ടുകാർക്ക് ഇനി അധികസമയം കാത്തിരിക്കേണ്ടി വരില്ല. കോഴിക്കോടൻ ബീച്ചിലെ വൈകുന്നേരങ്ങളിലെ ഭംഗി കൂടുതൽ മനോഹരമാക്കാൻ സംസ്ഥാനത്തെ ആദ്യത്തെ വെന്റിംഗ് മാർക്കറ്റ് കം ഫുഡ് സ്ട്രീറ്റ് ബീച്ചിൽ ഒരുങ്ങിക്കഴിഞ്ഞു. പ്രത്യേക ഡിസൈനിലും നിറത്തിലുമുള്ള ഉന്തുവണ്ടികൾ ഭൂരിഭാഗവും ബീച്ചിന്റെ ഓരങ്ങളിൽ ഇടംപിടിച്ചിട്ടുണ്ട്. ഇനി കുറച്ച് മിനുക്കുപണികൾ മാത്രം. അതിനുശേഷം വൃത്തിയുള്ള ബീച്ചിലെ ഭക്ഷണത്തെരുവുകൾ പൊതുജനങ്ങൾക്കായി തുറന്നു നൽകും.
ബീച്ചിന്റെ ഭംഗി ആസ്വദിച്ച് ഭക്ഷണം കഴിക്കാൻ ഇഷ്ടപ്പെടുന്നവർക്കായി സ്വാദിഷ്ഠമായ ഭക്ഷണം വിളമ്പാൻ പ്രത്യേക രൂപഭംഗിയിലുള്ള 87 ഉന്തുവണ്ടികലാണ് സജ്ജമാകുന്നത്. ഡി എർത്ത് ആർകിടെക്റ്റ് രൂപകല്പന ചെയ്ത് പൊതുമേഖല സ്ഥാപനമായ മെറ്റൽ ഇൻഡസ്ട്രീസാണ് തട്ടുകടകൾ നിർമ്മിച്ചത്. ബാക്കിയുള്ള നാലു തട്ടുകടകൾ കൂടി സ്ഥാപിക്കുന്ന പ്രവൃത്തികൾ പുരോഗമിക്കുകയാണ്. ശുദ്ധജലത്തിനായി ജല അതോറിറ്റിയുടെ കണക്ഷനുകളും മാലിന്യ സംസ്കരണ സംവിധാനങ്ങൾക്കായി സജ്ജീകരണമൊരുക്കുകയും ചെയ്തിട്ടുണ്ട്. വെെദ്യുതി എത്തിക്കാൻ ട്രാൻസ്ഫോർമറും സ്ഥാപിച്ചു കഴിഞ്ഞു. ഇനി ഭൂമിക്കടിയിലൂടെയുള്ള കേബിളിടൽ പൂർത്തിയാക്കി വെെദ്യുതി കണക്ഷൻ ലഭിക്കുന്ന മുറയ്ക്ക് മാസാവസാനത്തോടെ ഉദ്ഘാടനം നടത്താനാണ് കോർപറേഷന്റെ നീക്കം.
കോഴിക്കോടിന്റെ പരമ്പരാഗത രുചിയും ഗുണനിലവാരവുമുള്ള ഭക്ഷണവും ശുചിത്വ പൂർണമായ അന്തരീക്ഷത്തിൽ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ബീച്ചിൽ ഭക്ഷണത്തെരുവ് ഒരുങ്ങുന്നത്. കോഴിക്കോടൻ വിഭവങ്ങൾക്കൊപ്പം ഉത്തര-ദക്ഷിണേന്ത്യൻ ഭക്ഷണങ്ങളും ലഭ്യമാകും. ഇവ ഗുണമേന്മയുള്ളതാണെന്ന് കോർപ്പറേഷൻ കൃത്യമായി ഉറപ്പാക്കുകയും ചെയ്യും.
ഫുഡ് സ്ട്രീറ്റ് ഇവിടെ
കോർപ്പറേഷൻ ഓഫീസിന് മുൻവശത്ത് നിന്നാരംഭിച്ച് ഫ്രീഡം സ്‌ക്വയർ വരെയുള്ള 240 മീറ്റർ നീളത്തിലുള്ള സ്ഥലത്താണ് ഭക്ഷണത്തെരുവ് ഒരുങ്ങുന്നത്. കടൽക്കാറ്റേറ്റ് തുരുമ്പ് പിടിക്കാതിരിക്കാൻ ഗുണമേന്മയുള്ള സ്റ്റീലാണ് ബങ്കുകളിൽ ഉപയോഗിച്ചിരിക്കുന്നത്. വാഹനങ്ങളിൽ ശുദ്ധജലം, വെെദ്യുതി, ഭക്ഷണ സാധനങ്ങൾ കേടുകൂടാതെ സൂക്ഷിക്കാനുള്ള സൗകര്യവുമുണ്ട്. മഴയത്തും കച്ചവടം മുടങ്ങാത്ത തരത്തിലു ള്ള ക്രമീകരണങ്ങളും സജ്ജമാണ്. വണ്ടിയിൽ നിന്നുണ്ടാകുന്ന മലിനജല സംസ്‌കരണത്തിന് എസ്.ടി.പി സൗകര്യവും സജ്ജമാക്കും. ഒരു തട്ടുകടയ്ക്ക് മൂന്നുലക്ഷത്തിലേറെയാണ് ചെലവ്. കോർപ്പറേഷൻ എൻജിനിയറിംഗ് വിഭാഗത്തിന്റെ നേതൃത്വത്തിലാണ് പ്രവൃത്തികൾ പുരോഗമിക്കുന്നത്. വാഹനങ്ങൾക്ക് പ്രത്യേകം നമ്പർ നൽകുന്നതിനാൽ എളുപ്പത്തിൽ ആളുകൾക്ക് തിരിച്ചറിയാൻ സാധിക്കും. ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അതോറിട്ടി ഒഫ് ഇന്ത്യയുടെ നിബന്ധനകൾക്കും നിർദ്ദേശങ്ങൾക്കും അനുസരിച്ചായിരിക്കും ഭക്ഷണം ലഭിക്കുക. ഇടയ്ക്കിടയ്ക്ക് ഭക്ഷ്യസുരക്ഷ വകുപ്പിന്റെ പരിശോധന ഉണ്ടാകുന്നതിനാൽ ഗുണമേന്മയുള്ള ഭക്ഷണം മടി കൂടാതെ കഴിക്കാം. ഭക്ഷ്യസുരക്ഷാ വകുപ്പ്, ദേശീയ ആരോഗ്യ ദൗത്യം, കോർപ്പറേഷൻ എന്നിവ ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത്.
ഭക്ഷ്യസുരക്ഷാവകുപ്പും ദേശീയ ആരോഗ്യ ദൗത്യവും തദ്ദേശസ്ഥാപനവുമായി ചേർന്ന് ഫുഡ് ഹബ് ഒരുക്കുന്നതായിരുന്നു കേന്ദ്രപദ്ധതി. പിന്നീട് കോർപ്പറേഷന്റെ വെൻഡിംഗ് സോൺ പദ്ധതിക്കൊപ്പം ചേർത്ത് ഒറ്റ പദ്ധതിയായി നടപ്പാക്കുകയായിരുന്നു. 4.06 കോടിയാണ് പദ്ധതിക്ക് ചെലവ്. ഇതിൽ 2.41 കോടി രൂപ ദേശീയ ആരോഗ്യ മിഷനും ഒരു കോടി രൂപ ഭക്ഷ്യസുരക്ഷാവകുപ്പും ശേഷിക്കുന്ന തുക കോർപ്പറേഷനുമാണ് വഹിക്കുന്നത്. തട്ടുകടകളിലേക്ക് ആവശ്യമായ ശുദ്ധജലം, വൈദ്യുതി, തട്ടുകട സ്ഥാപിക്കാനുള്ള അടിത്തറ, ബീച്ചിലെ വൈദ്യുതി അലങ്കാരങ്ങൾ എന്നിവയെല്ലാം കോർപറേഷനാണ് ഒരുക്കിയത്. കഴിഞ്ഞ ഫെബ്രുവരിയിൽ നടന്ന ഫുഡ് സ്ട്രീറ്റിന്റെ ശിലാസ്ഥാപനവും പ്രവൃത്തി ഉദ്ഘാടനവും മന്ത്രി എം.ബി രാജേഷ് ആണ് നിർവഹിച്ചത്.
തലപൊക്കി വിവാദവും
ഭക്ഷണത്തെരുവിന്റെ ഉദ്ഘാടനം അടുത്തെത്തിയതോടെ വിവാദങ്ങളും തലപൊക്കി തുടങ്ങിയ മട്ടാണ്. ഏതൊക്കെ ഉന്തുവണ്ടികൾ ആർക്കൊക്കെ എന്നറിയാൻ നറുക്കെടുത്ത് നൽകുന്നതിനെച്ചൊല്ലിയാണ് വിവാദങ്ങൾ ഉടലെടുത്തത്. ആവശ്യത്തിനു സമയം നൽകാതെ കഴിഞ്ഞ ദിവസം നടത്തിയ നറുക്കെടുപ്പ് ഒരു വിഭാഗം തൊഴിലാളികൾ ബഹിഷ്കരിച്ചിരുന്നു. രണ്ടാം ഘട്ട നറുക്കെടുപ്പിന് മുൻപ് തന്നെ ആദ്യത്തെ നറുക്കെടുപ്പ് ഒഴിവാക്കി വീണ്ടും നറുക്കിടണമെന്നാണ് ഇക്കൂട്ടരുടെ ആവശ്യം. നറുക്കെടുപ്പ് നടക്കുന്നതിന്റെ തലേദിവസമാണ് കച്ചവടക്കാരെ വിവരം അറിയിച്ചതെന്നും അതിനാൽ എല്ലാവർക്കും പങ്കെടുക്കാൻ കഴിയില്ലെന്നും ചൂണ്ടിക്കാട്ടിയെങ്കിലും നറുക്കെടുപ്പുമായി കോർപറേഷൻ മുന്നോട്ട് പോകുകയായിരുന്നു. ആകെയുള്ള 90 കച്ചവടക്കാരിൽ ഇരുപത്തിയഞ്ചിൽ താഴെ പേർ മാത്രമാണ് നറുക്കെടുപ്പിന് എത്തിയത്. ആവശ്യത്തിനു സമയം നൽകിയ ശേഷമാണ് നറുക്കെടുപ്പ് നടത്തിയതെന്നാണ് കോർപറേഷൻ വിശദീകരണം. എന്തായാലും രണ്ടാംഘട്ട നറുക്കെടുപ്പ് ഉടൻ നടത്തി പദ്ധതിയുമായി മുന്നോട്ടു പോകാൻ തന്നെയാണ് കോർപറേഷൻ തീരുമാനിച്ചിരിക്കുന്നത്. പരാതിരഹിതമായി പ്രശ്നങ്ങൾ ഒത്തുതീർപ്പാക്കി ഗുണമേന്മയുള്ള ഭക്ഷണം ഉറപ്പാക്കുന്നതിനായിരിക്കണം അധികൃതരുടെ ഭാഗത്തുനിന്ന് കൂടുതൽ ശ്രദ്ധിക്കേണ്ടത്.