വന്യജീവി ആക്രമണങ്ങൾ തുടരുന്നു: ഹെൽപ്പ് ഡസ്കിലേക്ക് പരാതി പ്രവാഹം
ഒറ്റ ദിവസം വന്നത് 200 പരാതികൾ
കണ്ണൂർ: വനംവകുപ്പ് തീവ്രയജ്ഞ പരിപാടിയുടെ ഭാഗമായി ജില്ലയിലെ ഹെൽപ്പ് ഡെസ്കുകളിലേക്ക് പരാതി പ്രവഹിക്കുന്നു. പഞ്ചായത്ത് ഓഫീസുകളിലും ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസുകളിലും പ്രവർത്തിക്കുന്ന ഹെൽപ്പ് ഡസ്കുകളിലേക്ക് കഴിഞ്ഞ ദിവസം മാത്രം 200 പരാതികളാണ് എത്തിയത്. കാട്ടുപന്നി, കുരങ്ങ് ,മരപ്പട്ടി എന്നിവയെക്കൊണ്ടുള്ള ശല്യമാണ് കൂടുതലെങ്കിലും കാട്ടാന, പുലി, കടുവ, എന്നിവയിൽ നിന്നുള്ള ഭീഷണിയും പരാതികളായി എത്തിയവയിൽ പെടുന്നു.
കൊട്ടിയൂർ, കണ്ണവം എന്നീ റെയ്ഞ്ചുകൾക്ക് കീഴിൽ നാല് വീതവും തളിപ്പറമ്പിന് കീഴിൽ അഞ്ചും ആറളത്ത് ഒന്നുമായി ജില്ലയിൽ 14 ഹെൽപ്പ്ഡസ്കുകളാണുള്ളത്. അയ്യൻകുന്ന്, കൊട്ടിയൂർ, കണിച്ചാർ, കേളകം, ആറളം, കോളയാട്, ചിറ്റാരിപ്പറമ്പ്, തൃപ്പങ്ങോട്ടൂർ, പാട്യം, ചെറുപുഴ, ഉദയഗിരി, നടുവിൽ, പയ്യാവൂർ, ഉളിക്കൽ എന്നീ പഞ്ചായത്തുകളിലാണ് ഇവ പ്രവർത്തിക്കുന്നത്. ജില്ലയിൽ വന്യജിവിശല്യം ഏറ്റവും രൂക്ഷമായ പ്രദേശങ്ങളാണിവ. കഴിഞ്ഞ 16നാണ് ജില്ലയിൽ തീവ്രയജ്ഞം പരിപാടി ആരംഭിച്ചത്.
ലഭിച്ച പരാതികൾ പരിഹരിച്ചു തുടങ്ങിയെന്ന് അധികൃതർ അവകാശപ്പെടുന്നതിനിടയിലും ജില്ലയിലെ പലപ്രദേശങ്ങളിലും കാട്ടാനയുടെ ഉൾപ്പെടെ ശല്യം തുടരുന്നുണ്ട്.
നടപ്പാകുമോ വാഗ്ദാനങ്ങൾ
ജില്ലയിലെ പരാതികളും നിർദ്ദേശങ്ങളും സ്വീകരിച്ച് ഘട്ടംഘട്ടമായി പരിഹാര നടപടികൾ സ്വീകരിക്കുമെന്നാണ് വാഗ്ദാനം. എന്നാൽ മുൻകാലങ്ങളിലേതുപോലെ പാലിക്കപ്പെടുമോ എന്ന ആശങ്കയും വന്യമൃഗശല്യം രൂക്ഷമായ ആറളം അടക്കമുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവരിലുണ്ട്. ആറളം ഫാമിലെ പുനരധിവാസമേഖലയിൽ വൃദ്ധ ദമ്പതികൾ കാട്ടാനക്കിരയായതിനെ തുടർന്ന് നിരവധി വാഗ്ദാനങ്ങൾ വനംവകുപ്പ് നൽകിയിരുന്നു.ഇതിൽ അടിക്കാട് വെട്ടാനുള്ള നിർദ്ദേശം പോലും ഫണ്ട് ലഭ്യതയുടെ പേരിൽ പൂർണമായി നടപ്പായിട്ടില്ല. കഴിഞ്ഞ ദിവസം കോളേജിലേക്ക് പോവുകയായിരുന്ന വിദ്യാർത്ഥി തലനാരിഴയ്ക്കാണ് കാട്ടാനയിൽ നിന്നും രക്ഷപ്പെട്ടത്. കുരങ്ങ് കാട്ടുപന്നി ശല്യങ്ങളിൽ കൃത്യമായി ഇടപെടുന്നതിനും പരിഹാരം കാണുന്നതിനുള്ള ബുദ്ധിമുട്ടും വനം വകുപ്പിനുണ്ട്. ഷെഡ്യൂൾ വണ്ണിൽ ഉൾപ്പെടുന്നതായതിനാൽ ശല്യക്കാരായ കുരങ്ങുകളെ കൂടുവച്ച് പിടിച്ച് വനത്തിൽ തുറന്നുവിടുകയാണ് ചെയ്യേണ്ടത്. ഇതിനുള്ള പ്രായോഗിക ബുദ്ധിമുട്ടും ചിലവും വനംവകുപ്പിനെ പിന്നോട്ടടിപ്പിക്കുന്നുണ്ട്.
കാട്ടുപന്നിശല്യം പഞ്ചായത്തിന് വിട്ട് തലയൂരി
കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിച്ച് വെടിവെച്ച് കൊല്ലാനുള്ള അധികാരം പഞ്ചായത്തുകൾക്ക് നൽകിയതിനാൽ വനംവകുപ്പിന്റെ തലവേദന അല്പം ഒഴിഞ്ഞിട്ടുണ്ട്. ഇത്തരം പരാതികൾ നിലവിൽ പഞ്ചായത്തുകൾക്ക് കൈമാറുകയാണ് ഇപ്പോൾ ചെയ്യുന്നത്.
പരാതികൾ ലഭിക്കുന്ന മുറയ്ക്ക് പരിഹരിക്കാനുള്ള നടപടികൾ നടക്കുന്നുണ്ട്. പലയിടത്തും നടപടികൾ ആരംഭിച്ചു കഴിഞ്ഞു. ജനങ്ങൾക്ക് ഉപകാരപ്രദമായാണ് ഹെൽപ് ഡസ്ക് ഒരുക്കിയിട്ടുള്ളത്.- വനം വകുപ്പ് അധികൃതർ