'മാടമ്പി അക്രോശങ്ങൾ കേരളത്തിന്റെ മണ്ണിൽ വിലപ്പോവില്ല', രാജീവ് ചന്ദ്രശേഖറിനെതിരെ മന്ത്രി ആർ ബിന്ദു

Tuesday 23 September 2025 9:10 PM IST

തിരുവനന്തപുരം: മാദ്ധ്യമപ്രവർത്തകരും ജനങ്ങളും വിനീത വിധേയരും ദാസന്മാരുമായി നിൽക്കണമെന്ന മട്ടിലുള്ള മാടമ്പി ആക്രോശങ്ങൾ കേരളത്തിന്റെ മണ്ണിൽ വിലപ്പോവില്ലെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. ആർ ബിന്ദു. ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ മാദ്ധ്യമങ്ങളോട് പ്രതികരിച്ച സംഭവത്തെയാണ് മന്ത്രി വിമർശിച്ചത്. തിരുവനന്തപുരം കോർപറേഷനിലെ ബിജെപി കൗൺസിലർ തിരുമല അനിലിന്റെ മരണം റിപ്പോർട്ട് ചെയ്യാനെത്തിയ മാദ്ധ്യമപ്രവർത്തകർക്കെതിരെയാണ് രാജീവ് ചന്ദ്രശേഖർ കഴിഞ്ഞദിവസം തട്ടിക്കയറിയത്. സംഭവം അപലപനീയമെന്ന് മന്ത്രി ആർ ബിന്ദു പറഞ്ഞു. ആഗോള മാദ്ധ്യമ സ്വാതന്ത്ര്യ സൂചികയിൽ ഇന്ത്യ വാലറ്റത്ത് നിൽക്കുന്നത് എന്തുകൊണ്ടെന്ന് തെളിയിക്കുക കൂടിയാണ് മുൻ കേന്ദ്ര മന്ത്രിയെന്ന് ആർ ബിന്ദു വിമർശിച്ചു.

മാദ്ധ്യമപ്രവർത്തകരും ജനങ്ങളും വിനീത വിധേയരും ദാസന്മാരുമായി നിൽക്കണമെന്ന മട്ടിലുള്ള മാടമ്പി ആക്രോശങ്ങൾ കേരളത്തിന്റെ മണ്ണിൽ വിലപ്പോവില്ല. കേരളത്തിലെ മാദ്ധ്യമപ്രവർത്തകർ ഗോദി മീഡിയ ആവണമെന്ന ബിജെപി അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖരന്റെ ധാരണ തിരുത്താൻ ഒരു മാധ്യമപ്രവർത്തക തന്നെ ഉണ്ടായത് അഭിമാനകരമാണ്. സത്യത്തോട് പക്ഷം പിടിച്ച് ലോകമെങ്ങുമുള്ള മാദ്ധ്യമപ്രവർത്തകർ മാദ്ധ്യമധർമ്മത്തെ എങ്ങനെ മുന്നോട്ടുകൊണ്ടുപോകണമെന്ന് തെളിയിക്കുന്നതാണിതെന്നും മന്ത്രി പറഞ്ഞു.