രോഗമുക്തി വാഗ്ദാനം ചെയ്ത് വ്യാജപരസ്യങ്ങൾ തകർക്കുന്നു ഓപ്പറേഷൻ മാജിക് ആഡിൽ 25 കേസുകൾ
കണ്ണൂർ: ആരോഗ്യവുമായി ബന്ധപ്പെട്ട് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്കെതിരെ കടുത്ത നടപടിയുമായി സംസ്ഥാന ഡ്രഗ്സ് കൺട്രോൾ വകുപ്പ്. 'ഓപ്പറേഷൻ മാജിക് ആഡ് "എന്ന പേരിൽ നടത്തിയ പരിശോധനയിൽ ഇതിനകം 25 കേസുകൾ രജിസ്റ്റർ ചെയ്തുകഴിഞ്ഞു.
വിവിധ രോഗങ്ങൾക്ക് ഫലപ്രദമെന്ന് കാണിച്ചാണ് സമൂഹമാദ്ധ്യമങ്ങളിലൂടെ വ്യാജപരസ്യങ്ങൾ ജനങ്ങളിലേക്കെത്തിക്കുന്നത്. ഇത്തരം മരുന്നുകൾ വാങ്ങി ഉപയോഗിച്ച് അസുഖം മൂർച്ഛിച്ച് ഡോക്ടർമാരെ തേടിയെത്തുന്നവരുടെ എണ്ണം വർദ്ധിക്കുന്നതാണ് ഡ്രഗ് കൺട്രോൾ വകുപ്പിന്റെ നടപടിക്ക് പിന്നിൽ.
ത്വക്ക് സംബന്ധമായ അസുഖങ്ങൾ, മുഖസൗന്ദര്യം വർദ്ധിപ്പിക്കാനുള്ള പൊടിക്കെകൾ, മുടി വളരാനുള്ള മരുന്നുകൾ, പേശീവേദന പൂർണമായും മാറാനുള്ള ഗുളികകൾ തുടങ്ങി നിരവധി മരുന്നുകളാണ് അശാസ്ത്രീയമായി ഓൺലൈനിലൂടെ വിൽപന നടത്തുന്നത്. ജിമ്മുകളിൽ അനബോളിക് സ്റ്റിറോയിഡുകൾ ഉൾപ്പെടെയുള്ള അനധികൃത മരുന്നുകളും കണ്ടെത്തിയിട്ടുണ്ട്. ഓപ്പറേഷൻ ശരീരസൗന്ദര്യ എന്ന പേരിൽ സംസ്ഥാനത്ത അമ്പതോളം ജിമ്മുകളിൽ പരിശോധന നടത്തിയിട്ടുണ്ട്.ഹൃദ്രോഗം, പ്രമേഹം തുടങ്ങിയ രോഗങ്ങളുള്ളവർ ചില മരുന്നുകൾ കഴിക്കാൻ പാടില്ല. ഓൺലൈൻ വഴി ഓർഡർ ചെയ്യുന്നവർ ഇക്കാര്യമൊന്നും അന്വേഷിക്കാറില്ലെന്ന അപകടവുമുണ്ട്. വ്യാജ മരുന്നുകൾ വിൽക്കുന്നതിനും ഓൺലൈൻ പ്ലാറ്റ്ഫോമുകളെ മറയാക്കുന്നുണ്ട്. കാലാവധി കഴിയാറായ മരുന്നുകൾ വിലക്കുറവിൽ വിറ്റ് ഒഴിവാക്കാൻ ഓൺലൈനുകളെ ഉപയോഗിക്കുന്നവരുമുണ്ട്.
അവകാശവാദമരുത് 54 രോഗങ്ങളിൽ
ഡ്രഗ്സ് ആൻഡ് മാജിക്കൽ റെമെഡീസ് ഒബ്ജക്ഷണബിൾ അഡ്വർടൈസ്മെന്റ് ആക്ട് പ്രകാരം കാൻസർ, പ്രമേഹം, അപ്സമാരം, ഹൃദ്രോഗം, കുഷ്ടം, വന്ധ്യത, ലൈംഗിക അസുഖങ്ങൾ തുടങ്ങി 54 ഇനം രോഗാവസ്ഥകൾ ചികിത്സിച്ച് ഭേദപ്പെടുത്താമെന്ന് അവകാശവാദങ്ങൾ ഉന്നയിച്ച് മരുന്നുകൾ വിൽക്കാൻ പാടില്ലെന്ന് നിഷ്‌ക്കർഷിച്ചിട്ടുണ്ട്. എന്നാൽ ആയുർവേദ ചേരുവകൾ ഉപയോഗിച്ച് ഡ്രഗ്സ് ലൈസൻസുകൾ ഇല്ലാതെ ഇത്തരം മരുന്നുകൾ വ്യാപകമായി വിറ്റഴിക്കുന്നുണ്ടെന്ന് ഡ്രഗ്സ് കൺട്രോൾ വകുപ്പ് നടത്തിയ ഓപ്പറേഷൻ മാജിക്-ആഡ് റെയ്ഡിലൂടെ കണ്ടെത്തിയിട്ടുണ്ട്. .
ആരുണ്ട് ഓൺലൈൻ വില്പനയ്ക്ക് മണികെട്ടാൻ
നിലവിൽ ഡ്രഗ്സ് ആൻഡ് കോസ്മെറ്റിക് ആക്ട് 1940, ഡ്രഗ്സ് റൂൾസ് 1945 പ്രകാരം ഓൺലൈൻ മരുന്നു വ്യാപാരം നിയമാധിഷ്ഠിതമല്ല. ഈ നിയമം ഉപയോഗിച്ച് സംസ്ഥാനത്തിനകത്ത് ഇത്തരം വ്യാപാരം നടത്തുന്ന ഓൺലൈൻ പ്ലാറ്റ്ഫോമുകൾക്കെതിരേ ഡ്രഗ്സ് കൺട്രോൾ വകുപ്പ് നടപടിയെടുക്കുന്നുണ്ട്. അതെ സമയം സംസ്ഥാനത്തിന് പുറത്ത് നിന്നും വ്യാപാരം നടത്തുന്ന ഇന്ത്യാ മാർട്ട്, നെറ്റമെജ്, 1 എം.ജി തുടങ്ങിയ വെബ്സൈറ്റുകൾ വഴി മരുന്നുകൾ ഡോക്ടറുടെ കുറിപ്പടിയോ വിൽപന ബില്ലുകളോ നൽകാതെ വിറ്റഴിക്കുന്നുണ്ട്. ഇത്തരം സൈറ്റുകൾക്കെതിരേ നടപടി സ്വകരിക്കാൻ സംസ്ഥാന ഡ്രഗ്സ് കൺട്രോൾ വകുപ്പിന് സാധിക്കില്ല. ഓൺലൈൻ പ്ലാറ്റ്ഫോമുകൾ വഴിയുള്ള മരുന്നു വിൽപനയ്ക്ക് കേന്ദ്രസർക്കാരും കർശനനിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.