ഭൂട്ടാൻ വാഹനതട്ടിപ്പ്, '2014ൽ ഇറങ്ങിയ വാഹനം പരിവാഹനിൽ 2005 !

Wednesday 24 September 2025 2:41 AM IST

കൊച്ചി: ഭൂട്ടാനിൽനിന്ന് ഒരുലക്ഷം രൂപമുതൽ മൂന്നുലക്ഷംരൂപവരെ വിലമതിക്കുന്ന കാറുകളും മറ്റും ഹിമാചൽ പ്രദേശിൽ എത്തുന്നതോടെ ആഡംബര വാഹനങ്ങളാകും! ഷിംല റൂറൽ എച്ച്.പി 52 നമ്പറിൽ രജിസ്‌ട്രേഷൻകൂടി പൂർത്തിയായാൽ പിന്നെ പറയേണ്ട. ഒന്നിന് കൂടുന്നത് പത്തിരട്ടി വില. അതായത് 20 മുതൽ 30 ലക്ഷംവരെ. മറ്റ് സാദ്ധ്യതകൾ തട്ടിച്ച് നോക്കുമ്പോൾ 30ലക്ഷം കുറവെന്നതാണ് മലയാളികൾ കൂട്ടത്തോടെ ഇത്തരം വാഹനങ്ങൾക്ക് പിന്നാലെ പോകാൻ കാരണം.

ഭൂട്ടാനിൽ 2014ൽ പുറത്തിറങ്ങിയ വാഹനങ്ങൾ ഇന്ത്യയിൽ രജിസ്റ്റർ ചെയ്യുന്നത് 2005ൽ മുതലുള്ള കാലങ്ങളിലാണ്. ഇന്ത്യൻ സൈന്യത്തിന്റെ പേരിലും അമേരിക്കൻ എംബസി ഉൾപ്പെടെയുള്ളവയുടെ പേരിലും വ്യാജരേഖകൾ ചമച്ചുമാണ് രജിസ്‌ട്രേഷൻ. കേരളത്തിൽ എത്തിച്ച 90ശതമാനം വാഹനങ്ങളും കൃത്രിമരേഖകളാണ് ഉപയോഗിച്ചിരിക്കുന്നത്. എം പരിവഹൻ വെബ്‌സൈറ്റിൽ കൃത്രിമം നടത്തിയാണ് വാഹനങ്ങളുടെ റജിസ്‌ട്രേഷൻ നടത്തുന്നത്. ഇതിനാൽ കടത്ത് സംഘത്തിന് വലിയ പിൻബലമുണ്ടെന്ന് സംശയിക്കുന്നു.

അക്കൗണ്ട് വഴി വാങ്ങാതെ നേരിട്ടാണ് പണമിടപാടെല്ലാം. വാഹനങ്ങൾ കടത്തുന്നതിന്റെ മറവിൽ സ്വർണവും മയക്കുമരുന്നും എത്തിക്കുന്നതായി കസ്റ്റംസ് സംശയിക്കുന്നു. നിയമവിരുദ്ധമായാണ് വാഹനങ്ങളുടെ വില്പന നടക്കുന്നതെന്നും കസ്റ്റംസ് കമ്മിഷണർ ഡോ. ടി. ടിജു പറഞ്ഞു.