ആന്റണിയുടെ വെളിപാടുകൾ
മൂന്നുതവണ കേരള മുഖ്യമന്ത്രിയും കേന്ദ്ര പ്രതിരോധമന്ത്രിയും കോൺഗ്രസിന്റെ ദേശീയ നേതാവുമായ എ.കെ ആന്റണി ആറു പതിറ്റാണ്ടിലേറെ നീണ്ട രാഷ്ട്രീയ ജീവിതത്തിൽ നിന്ന് വിരമിച്ച് തിരുവനന്തപുരം പൂജപ്പുരയിലെ വസതിയായ 'അഞ്ജന"ത്തിൽ വിശ്രമ ജീവിതം നയിക്കുകയാണ്. നാലുവർഷമായി അദ്ദേഹം കേരള രാഷ്ട്രീയത്തിലോ ദേശീയ രാഷ്ട്രീയത്തിലോ ഇടപെടാതെ, രാഷ്ട്രീയ വിവാദങ്ങളിലൊന്നും ഉൾപ്പെടാതെ നിശബ്ദനാണ്. കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ മാദ്ധ്യമങ്ങളെ കണ്ടതൊഴിച്ചാൽ കോൺഗ്രസ് പാർട്ടിയുമായി ബന്ധപ്പെട്ട് ഒട്ടേറെ വിവാദങ്ങളുണ്ടായപ്പോഴും അതിലൊന്നും അഭിപ്രായം പറയാതെ മൗനം പാലിക്കുകയായിരുന്നു. എന്നാൽ കോൺഗ്രസിനെയും രാഷ്ട്രീയ കേന്ദ്രങ്ങളെയും അത്ഭുതപ്പെടുത്തിക്കൊണ്ട് ഏതോ വെളിപാടുണ്ടായത് പോലെ കഴിഞ്ഞദിവസം അദ്ദേഹം ഇന്ദിരാഭവനിൽ ഒരു പത്രസമ്മേളനം നടത്തി. 1996ൽ താൻ മുഖ്യമന്ത്രിയായിരിക്കെ ഉണ്ടായ വിവാദ വിഷയങ്ങളെക്കുറിച്ച് സംസാരിക്കാനായിരുന്നു പത്രസമ്മേളനം. ശിവഗിരിയിലും മുത്തങ്ങയിൽ ആദിവാസികൾക്കെതിരായും നടന്ന പൊലീസ് അതിക്രമങ്ങൾ, മാറാട് കലാപം എന്നിവയിൽ തനിക്ക് ദുഃഖവും വേദനയുമുണ്ടെന്ന് പറഞ്ഞ അദ്ദേഹം, അന്നത്തെ സംഭവങ്ങളിൽ വർഷങ്ങൾക്കുശേഷം ഖേദം പ്രകടിപ്പിക്കുകയും ചെയ്തു. കോൺഗ്രസിനെ സംബന്ധിച്ച് മൂന്നുസംഭവങ്ങളും അന്ന് ഏറെ തിരിച്ചടിയുണ്ടാക്കിയതും വീണ്ടും ഓർക്കാൻ ഇഷ്ടപ്പെടാത്തതുമായവയാണ്. തിരഞ്ഞെടുപ്പ് അടുത്ത ഘട്ടത്തിൽ ഈ സംഭവങ്ങൾ വീണ്ടും വലിച്ചു പുറത്തിട്ട് പുലിവാൽ പിടിക്കുന്നതെന്തിനെന്ന് കോൺഗ്രസുകാരെല്ലാം അത്ഭുതപ്പെട്ടു. ഈ സംഭവം ഭരണപക്ഷത്തെ രാഷ്ട്രീയ കക്ഷികളിലും കൗതുകമുണർത്തി. നിയമസഭയിൽ പൊലീസ് അതിക്രമം സംബന്ധിച്ച് പ്രതിപക്ഷം അവതരിപ്പിച്ച അടിയന്തര പ്രമേയ ചർച്ചയിൽ ശിവഗിരി, മുത്തങ്ങ, മാറാട് സംഭവങ്ങൾ ഭരണപക്ഷ അംഗങ്ങൾ പ്രതിപക്ഷത്തിനെതിരെ ചർച്ചയാക്കിയ സാഹചര്യത്തിലാണ് ആ സംഭവങ്ങൾ നടക്കുമ്പോൾ മുഖ്യമന്ത്രിയായിരുന്ന ആന്റണി തിടുക്കത്തിൽ വാർത്താസമ്മേളനം വിളിച്ച് ഖേദ പ്രകടനം നടത്തിയത്. 1996ന് ശേഷം നിരന്തരമായി ഈ സംഭവങ്ങളുടെ പേരിൽ തനിക്കെതിരെ നടക്കുന്ന നുണ പ്രചാരണങ്ങളെ പ്രതിരോധിക്കാൻ കോൺഗ്രസിൽ നിന്ന് പോലും ആരും വരുന്നില്ലെന്നതിനാലാണ് താൻ തന്നെ നേരിട്ടിറങ്ങി ഇക്കാര്യത്തിൽ വ്യക്തത വരുത്തുന്നതെന്നായിരുന്നു ആന്റണി പറഞ്ഞത്. നിയമസഭയിൽ ഭരണപക്ഷാംഗങ്ങൾ ആന്റണിയുടെ കാലത്തെ പൊലീസ് നടപടികളുടെ പേരിൽ പ്രതിപക്ഷത്തെ കുറ്റപ്പെടുത്തിയിട്ടും അതിനെ ചെറുക്കാനോ മറുപടി പറയാനോ കോൺഗ്രസിലെ ഒരാൾ പോലും ശ്രമിച്ചിരുന്നില്ല. ഇതാകാം ആന്റണിയെ ചൊടിപ്പിച്ചത്. 'വരുന്ന നിയമസഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞ് പല കാര്യങ്ങളും പറയാൻ കരുതിയിരുന്നതാണ്. താൻ മുഖ്യമന്ത്രിയായിരുന്ന കാലത്തെ ചില സംഭവങ്ങളെക്കുറിച്ച് ഇപ്പോഴത്തെ ഭരണപക്ഷം ആരോപണങ്ങൾ ഉന്നയിച്ചതു കൊണ്ടാണ് ഇപ്പോൾ സംസാരിക്കാൻ തീരുമാനിച്ചത്. ഞാൻ മുഖ്യമന്ത്രിപദം ഒഴിഞ്ഞ് കേരള രാഷ്ട്രീയം വിട്ടുപോയിട്ട് 21 വർഷമായി. അവർ ഇപ്പോഴും പഴയ പല്ലവി പാടി നടക്കുകയാണ്. ശിവഗിരിയിലെ പൊലീസ് നടപടിയും മുത്തങ്ങയിലെ പൊലീസ് വെടിവയ്പും സംബന്ധിച്ച ജുഡിഷ്യൽ, സി.ബി.ഐ അന്വേഷണ റിപ്പോർട്ടുകൾ പുറത്തുവിടാൻ ആന്റണി മുഖ്യമന്ത്രി പിണറായി വിജയനോട് ആവശ്യപ്പെടുകയും ചെയ്തു.
പ്രതിരോധിക്കാൻ
തിരുവഞ്ചൂരെത്തി
ശിവഗിരി, മുത്തങ്ങ വിഷയങ്ങളിൽ തന്നെ പ്രതിരോധിക്കാൻ നിയമസഭയിൽ ആരുമുണ്ടായിരുന്നില്ലെന്ന ആന്റണിയുടെ പ്രതികരണത്തിൽ നിന്നുള്ള കുറ്റബോധം കൊണ്ടാകാം അടുത്ത ദിവസം നിയമസഭയിൽ ശിവഗിരി സംഭവത്തിൽ ആന്റണിക്കെതിരായ വിമർശനത്തെ പ്രതിപക്ഷ നേതാവ് വി.ഡി സതീശനും തിരുവഞ്ചൂർ രാധാകൃഷ്ണനും നേരിട്ടു. ശിവഗിരി വിഷയം സംബന്ധിച്ച് വി. ജോയി നടത്തിയ പ്രതികരണത്തിലാണ് തിരുവഞ്ചൂർ ഇടപെട്ടത്. ആന്റണി ചില കാര്യങ്ങൾ മാത്രമേ പറഞ്ഞിട്ടുള്ളുവെന്നും കൂടുതൽ പറഞ്ഞാൽ തങ്ങൾക്കും പറയേണ്ടി വരുമെന്നും തിരുവഞ്ചൂർ പറഞ്ഞു. അടിയന്തര പ്രമേയ ചർച്ചയിൽ ശിവഗിരിയെക്കുറിച്ച് പരാമർശിച്ചത് ശരിയായില്ലെന്നും ഇതനുവദിക്കരുതെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശനും ചൂണ്ടിക്കാട്ടി.
മുത്തങ്ങയിലെ
നരവേട്ടയ്ക്ക് മാപ്പില്ലെന്ന് ജാനു
മുത്തങ്ങയിലെ ഭൂസമരത്തിൽ പങ്കെടുത്ത ആദിവാസികൾക്കെതിരായി നടന്ന നരവേട്ടയ്ക്കും അതിക്രൂര മർദ്ദനത്തിനും പീഡനത്തിനും മാപ്പ് നൽകാനാകില്ലെന്ന് അന്നത്തെ ഭൂസമര നായികയും ആദിവാസി നേതാവുമായ സി.കെ ജാനു പറഞ്ഞു. വൈകിയാണെങ്കിലും മുത്തങ്ങയിൽ നടന്നത് തെറ്റായിപ്പോയെന്ന തോന്നൽ ആന്റണിക്കുണ്ടായത് നല്ലകാര്യമാണ്. 30 വർഷം മുമ്പ് നടന്ന കസ്റ്റഡി മരണങ്ങളും പീഡനങ്ങളും ഇപ്പോൾ ചർച്ചയാകുകയും പൊലീസുകാർക്കെതിരെ കേസെടുക്കുകയും ചെയ്യുന്നു. മുത്തങ്ങയിലെ അതിക്രൂരമായ പൊലീസ് നടപടിക്ക് ഉത്തരവാദികളായ പൊലീസുകാരെയും ശിക്ഷിക്കണമെന്നും ജാനു ആവശ്യപ്പെട്ടു.
ആന്റണി
തുറന്നുവിട്ട ഭൂതം
ശിവഗിരിയിലെ പൊലീസ് അതിക്രമം സംസ്ഥാനത്ത് ഏറെ കോളിളക്കം സൃഷ്ടിക്കുകയും രാഷ്ട്രീയമായി കോൺഗ്രസിന് കനത്ത തിരിച്ചടി നേരിടുകയും ചെയ്ത സംഭവമാണ്. അതിൽ ഖേദമുണ്ടെന്ന് അന്ന് മുഖ്യമന്ത്രി ആയിരുന്ന ആന്റണിക്ക് മൂന്നപതിറ്റാണ്ടിനു ശേഷം ഉണ്ടായ ബോധോദയം കോൺഗ്രസിനെ വീണ്ടും പ്രതിക്കൂട്ടിലാക്കാൻ പോന്നതാണ്. കുടത്തിലടച്ചിരുന്ന ഭൂതത്തെ തുറന്നുവിട്ട ആന്റണി, കോൺഗ്രസിനെയും യു.ഡി.എഫിനെയും വട്ടം ചുറ്റിക്കുമെന്നുറപ്പാണ്. അടഞ്ഞ അദ്ധ്യായം ആന്റണി തുറന്നതോടെ വരാൻ പോകുന്ന തിരഞ്ഞെടുപ്പുകളിൽ കോൺഗ്രസും യു.ഡി.എഫും വിയർക്കുക തന്നെ ചെയ്യും. ആന്റണിയുടെ വെളിപ്പെടുത്തലുകളെ തുടർന്ന് വിഷയത്തിൽ ശിവഗിരി മഠത്തിലെ സന്യാസിമാരും പ്രതികരിച്ചിട്ടുണ്ട്. ശിവഗിരിയിൽ നടന്നത് നരനായാട്ടായിരുന്നുവെന്നും ശ്രീനാരായണീയരുടെ മനസിനേറ്റ മുറിവ് വർഷങ്ങൾക്ക് ശേഷമുള്ള ഖേദപ്രകടനത്തിലൂടെ മാറില്ലെന്നും ശിവഗിരി ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ പറഞ്ഞു. എന്നാൽ ശിവഗിരിയിലെ പൊലീസ് നടപടിക്ക് കാരണം ബലംപ്രയോഗിച്ച് അധികാര കൈമാറ്റം നടത്തണമെന്ന കോടതി നിർദ്ദേശമാണെന്നായിരുന്നു ശിവഗിരി മഠാധിപതി സ്വാമി സച്ചിദാനന്ദയുടെ പ്രതികരണം. രാഹുൽ മാങ്കൂട്ടം വിഷയത്തിൽ പ്രതിരോധത്തിലായ കോൺഗ്രസിന്റെ പെട്ടിയിൽ മുത്തങ്ങയുടെയും ശിവഗിരിയുടെയും കൂടി ആണി അടിക്കുകയാണ് ആന്റണി ചെയ്തതെന്ന വികാരമാണ് കോൺഗ്രസ് നേതാക്കൾക്കുള്ളത്. ആന്റണിയുടെ വെളിപാടുകൾ കോൺഗ്രസിന് തലവേദനയാകുമെങ്കിലും അതിനെ നന്നായി മുതലാക്കാൻ ഭരണപക്ഷം ശ്രമിച്ചാൽ വരുന്ന തിരഞ്ഞെടുപ്പുകളിൽ മുത്തങ്ങയും ശിവഗിരിയും മാറാടുമൊക്കെ സജീവ ചർച്ചയാകുമെന്നുറപ്പാണ്.