അലമാരയിൽ സൂക്ഷിച്ചിരുന്ന 73,500 രൂപ കവർന്നു

Wednesday 24 September 2025 2:50 AM IST

നെടുമ്പാശേരി: പട്ടാപ്പകൽ വീടിനകത്തെ അലമാരയിൽ സൂക്ഷിച്ചിരുന്ന 73,500 രൂപ കവർന്നു. പുതുവാശ്ശേരി പള്ളിപ്പറമ്പിൽ ബിനുവിന്റെ വീട്ടിലായിരുന്നു മോഷണം. ബിനുവും ഭാര്യയും ഹൈസ്‌കൂൾ വിദ്യാർത്ഥികളായ രണ്ട് മക്കളും ഒരു കിലോമീറ്ററോളം ദൂരത്തുള്ള പള്ളിയിൽ പോയിരിക്കുകയായിരുന്നു. മടങ്ങിയെത്തിയ ശേഷം ചിട്ടിപ്പണം അടക്കാൻ പണം എടുക്കാനെത്തിയപ്പോഴാണ് മോഷണം അറിയുന്നത്.

പള്ളിയിൽ പോയപ്പോൾ വാതിൽ പൂട്ടി താക്കോൽ ചവുട്ടിക്ക് താഴെയാണ് സൂക്ഷിച്ചിരുന്നത്. പള്ളിയിൽ നിന്നെത്തിയപ്പോൾ വാതിലിന്റെ താക്കോലും അലമാരയുടെ താക്കോലും ബാഗും യഥാസ്ഥാനത്തുണ്ടായിരുന്നുവെന്നും പറയുന്നു. കഴിഞ്ഞ ദിവസം ബാങ്കിൽ നിന്ന് പിൻവലിച്ച 75000 രൂപയിൽ നിന്നും 1500 രൂപ എടുത്തതായും ബാക്കി തുക ബാഗിൽ സൂക്ഷിച്ച ശേഷമാണ് പള്ളിയിൽ പോയതെന്നുമാണ് ബിനു പറയുന്നത്. ചെങ്ങമനാട് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി അന്വേഷണം ആരംഭിച്ചു.