ഡേറ്റിംഗ് ആപ്പിലൂടെ ലഹരിവിതരണം: സഹോദരങ്ങൾ അറസ്റ്റിൽ
കൊച്ചി: ഡേറ്റിംഗ് ആപ്പിലൂടെ പരിചയപ്പെട്ടവർക്ക് രാസലഹരി വിതരണം ചെയ്യുന്ന സഹോദരങ്ങൾ അറസ്റ്റിൽ. ബംഗളൂരുവിൽ നിന്ന് കൊണ്ടുവന്ന എം.ഡി.എം.എ ഉൾപ്പെടെയാണ് പിടിയിലായത്. കണ്ണൂർ കല്ല്യാശേരി മാട്ടൂൽ ചർച്ച്റോഡ് സുബൈദാമൻസിലിൽ സി.എം.റിസ്വാൻ (30), റബീഹ് (22) എന്നിവരെയാണ് എറണാകുളം നോർത്തിലെ ഒരു ലോഡ്ജിൽ നിന്ന് എക്സൈസ് റെയ്ഞ്ച് ഇൻസ്പെക്ടർ ആർ. അഭിരാജിന്റെ നേതൃത്വത്തിലുള്ള സംഘം കസ്റ്റഡിയിലെടുത്തത്. പ്രതികളിൽ നിന്ന് വാണിജ്യ അളവിൽപ്പെട്ട 37.274 ഗ്രാം എം.ഡി.എം.എ കണ്ടെടുത്തു.
‘ടിന്റർ’ എന്ന ഡേറ്റിംഗ് ആപ്പിലൂടെയാണ് പ്രതികൾ എം.ഡി.എം.എ വിതരണം ചെയ്യുന്നത്. ആപ്പ് വഴി ഇടപാട് ഉറപ്പിച്ച ശേഷം രഹസ്യമായി രാസലഹരി കൈമാറും. ഇതിനായി കഴിഞ്ഞദിവസം ബംഗളൂരുവിൽ നിന്ന് കൊണ്ടുവന്ന എം.ഡി.എം.എയുമായി ലോഡ്ജിൽ തങ്ങിയപ്പോഴാണ് പിടിയിലായത്.
കടത്തിക്കൊണ്ടുവന്ന എം.ഡി.എം.എ ഇതിനകം രണ്ടുപേർക്ക് വിതരണം ചെയ്തു. അന്വേഷണ സംഘത്തിൽ സീനിയർ സിവിൽ എക്സൈസ് ഓഫീസർമാരായ അമൽദേവ്, പത്മഗിരീഷൻ, ജിബിനാസ്, സെബിൻ എന്നിവരും ഉൾപ്പെടുന്നു. വാണിജ്യ അളവിന്റെ പരിധിയിൽപ്പെട്ട മയക്ക്മരുന്ന് വിതരണം ചെയ്യുന്നത് 20 കൊല്ലം വരെ തടവ് കിട്ടാവുന്ന കുറ്റമാണ്. പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും.