ബ്രോക്കർ ചമഞ്ഞ് തട്ടിപ്പ്: തട്ടിപ്പുസംഘത്തിലെ രണ്ടാമൻ പിടിയിൽ
മൂവാറ്റുപുഴ: മാദ്ധ്യമങ്ങളിൽ സ്ഥലം വില്പനയ്ക്ക് പരസ്യം നൽകുന്നവരെ ഫോണിൽ വിളിച്ച് സൗഹൃദം സ്ഥാപിച്ച് പണം തട്ടുന്ന സംഘത്തിലെ രണ്ടാം പ്രതിയെ തിരുവനന്തപുരത്തെ ഒളിത്താവളത്തിൽ നിന്ന് മൂവാറ്റുപുഴ പൊലീസ് പിടികൂടി. തിരുവനന്തപുരം കവടിയാർ അമ്പലമുക്ക് ഭാഗത്ത് അനിയൻ ലൈനിൽ മുല്ലശ്ശേരി വീട്ടിൽ താമസിക്കുന്ന ചിറയിൻകീഴ് കാട്ടുമ്പുറം സ്വദേശി ഷേർമിള മൻസിൽ സജിത്ത് കുമാർ (ദീപക്ക്, 50) ആണ് പിടിയിലായത്. സ്ഥലം ബ്രോക്കർ എന്ന് പരിചയപ്പെടുത്തി, കൊടുക്കുന്ന തുകയ്ക്ക് ഇരട്ടി തുക നൽകും എന്ന് വാഗ്ദാനം നൽകി വൻതുകകൾ തട്ടിച്ചെടുക്കുന്ന സംഘത്തിന്റെ കണ്ണിയാണ് ഇയാൾ. ആലുവ സ്വദേശിയുടെ 15 ലക്ഷം രൂപയാണ് തട്ടിപ്പിലൂടെ നഷ്ടമായത്. മൂവാറ്റുപുഴ ഇൻസ്പെക്ടർ ബേസിൽ തോമസിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘമാണ് ഇയാളെ പിടികൂടിയത്.
സ്ഥലം വില്പനയ്ക്ക് എന്ന് പരസ്യം നൽകിയ പരാതിക്കാരനെ ഫോണിൽ വിളിച്ച് ജോഷി എന്ന പേരിൽ പരിചയപ്പെട്ട് സൗഹൃദം സ്ഥാപിച്ചു. സിനിമാ മേഖലയിൽ ബന്ധമുണ്ടെന്നും തന്റെ കയ്യിൽ പലരുടെയും പണം ഉണ്ടെന്നും വിശ്വസിപ്പിച്ചു. കേസിലെ ഒന്നാം പ്രതി കോട്ടയം വാഴൂർ സ്വദേശി മണിയെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇതറിഞ്ഞ സജിത്ത് ഒളിവിൽ കഴിഞ്ഞ് വരികയായിരുന്നു. കൂട്ടുപ്രതികളെപ്പറ്റിയും പൊലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. സബ് ഇൻസ്പെക്ടർമാരായ കെ.കെ രാജേഷ്, പി.സി ജയകുമാർ, സീനിയർ സി.പി.ഒ നിഷാന്ത് കുമാർ, ബിബിൽ മോഹൻ എന്നിവരായിരുന്നു അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
ഒരു തട്ടിപ്പിന് ഒരു സിം
നാഗമാണിക്യം, ഇരുതലമൂരി, പല്ലെനിയം, ഇറിഡിയം എന്നിങ്ങനെ വിവിധ തട്ടിപ്പുകൾ നടത്തുന്ന സംഘത്തിലെ അംഗമാണ്. വ്യാജപേരുകളിലാണ് ഇരകളെ ബന്ധപ്പെട്ടിരുന്നത്. ഒരു ഇടപാടിന് ഒരു സിംകാർഡ് ആണ് സംഘം ഉപയോഗിച്ച് വന്നിരുന്നത്. ശേഷം ആ സിം കാർഡ് ഉപേക്ഷിക്കും. വിവിധ ആളുകളുടെ പേരിലാണ് വ്യാജ സിം കാർഡുകൾ എടുത്തിരുന്നത്. കുറ്റകൃത്യത്തിനായി വ്യാജ നമ്പർ പ്ലേറ്റ് ഘടിപ്പിച്ച കാർ ഉപയോഗിച്ചതായും അന്വേഷണത്തിൽ വ്യക്തമായി.
കുറഞ്ഞ പലിശയ്ക്ക് പണം വാഗ്ദാനം നൽകിയും തമിഴ്നാട്ടിൽ നിന്ന് പണം കുറഞ്ഞ പലിശയ്ക്ക് നൽകാം എന്നും വാഗ്ദാനം നൽകി സിനിമാ ചിത്രീകരണത്തിന് ഉപയോഗിക്കുന്ന ഡമ്മി നോട്ടുകൾ മൂവാറ്റുപുഴയിൽ കൈമാറി തട്ടിപ്പ് നടത്തിയ സംഘത്തിലെ അംഗമാണ്
പത്ത് ലക്ഷം രൂപ അഡ്വാൻസായി നൽകിയാൽ കള്ളപ്പണത്തിൽ നിന്ന് 20 ലക്ഷം രൂപ നൽകുമെന്നും ബിസിനസ് നടത്തി ലാഭം കിട്ടിയ ശേഷം ബാക്കി പത്ത് ലക്ഷം തിരികെ കൊടുത്താൽ മതിയെന്നുമായിരുന്നു മറ്റൊരു വാഗ്ദാനം.