സംരംഭമേഖലയിൽ വരുത്തേണ്ട മാറ്റങ്ങൾ ചർച്ച ചെയ്ത് പ്രതിനിധികൾ

Wednesday 24 September 2025 1:17 AM IST

ആലപ്പുഴ: കേരളകൗമുദി ആലപ്പുഴ യൂണിറ്റ് സംഘടിപ്പിച്ച ബിസിനസ് മീറ്റിൽ സംരംഭക മേഖലയിലെ പ്രതിസന്ധികളും വരുത്തേണ്ട മാറ്റങ്ങളെപ്പറ്റിയും വിവിധ മേഖലകളിൽ നിന്നുള്ള സംരംഭകർ സംസാരിച്ചു. ഈ ചർച്ചയിൽ നിന്നും ഉയർന്നുവന്ന ആശയങ്ങൾ സംരംഭക മേഖലയിലെ പുതിയ ചുവടുവപ്പിന് വഴിയൊരുക്കും.

അനു കണ്ണനുണ്ണി, സി.ഇ.ഒ, അനൂസ് ഹെർബ്സ്

കേരളത്തിലെ സംരംഭകർക്ക് മാർക്കറ്റിംഗ് എങ്ങനെ നടത്തണമെന്ന ആശയക്കുഴപ്പമുണ്ട്. ഇതിനുള്ള ആശയങ്ങൾ കൃത്യമായി ലഭ്യമാക്കണം

 വിദേശ ഉത്പന്നങ്ങൾക്ക് ഗുണമേന്മ കൂടുതലാണെന്ന തോന്നൽ പലർക്കുമുണ്ട്. എന്നാൽ കേരളത്തിൽ നിന്നുള്ള മികച്ച ഉത്പന്നങ്ങളുണ്ട്. ഇവയ്ക്ക് കൂടുതൽ സ്വീകാര്യത ഉറപ്പാക്കണം

 കേരളത്തിൽ നിരവധി സംരംഭകർ വരുന്നുണ്ട്. എന്നാൽ ഈ മേഖലയിലെത്തുന്ന വനിതാസംരംഭകർ വലിയ വെല്ലുവിളി നേരിടുന്നുണ്ട്.

നസീർ പുന്നക്കൽ, ഓൾ കേരള ഗോൾഡ് ആൻഡ‌് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി

 സ്വർണത്തിന്റെ നികുതി മൂന്ന് ശതമാനമെന്നത് ഒരു ശതമാനമാക്കി മാറ്രണം. ഇത് സ്വർണ മേഖല കൂടുതൽ മെച്ചപ്പെടുത്തും

 വ്യാപാര മേഖലയിലെ മാന്ദ്യത്തിന് പരിഹാരം കാണണം

 ചെറുകിട വ്യാപാരികളെ സംരക്ഷിക്കാൻ പദ്ധതികൾ തയ്യാറാക്കണം

എ.ആർ. പ്രവീൺ, എസ്.പി ഫാഷൻസ് മുല്ലക്കൽ ആലപ്പുഴ

ആലപ്പുഴയിൽ നൈറ്റ് ലൈഫിന് പ്രാധാന്യം നൽകി വ്യാപാരങ്ങൾ ആരംഭിക്കണം

 ഹൗസ് ബോട്ട്,​ ബീച്ച് എന്നിവ കഴിഞ്ഞാൽ നഗരത്തിൽ സഞ്ചാരികളെ ആകർഷിക്കുന്നതിന് മറ്റൊന്നുമില്ല. പുതിയ വിനോദ സഞ്ചാര മാർഗങ്ങൾ ആവിഷ്കരിക്കണം

 മുല്ലക്കൽ തെരുവിനെ ടൂറിസ വ്യാപാര കേന്ദ്രമാക്കണം

എം.അനിൽകുമാർ, കേരള കയർ ഗുഡ്സ് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ

 ആലപ്പുഴയുടെ പ്രതാപാകാലത്ത് ഏറെ പ്രാധാന്യം നൽകിയിരുന്ന കയർ മേഖല ഇപ്പോൾ വളരെ ദയനീയമാണ്. ഇതിന് പ്രത്യേക പദ്ധതികൾ വേണം

 സംസ്ഥാനത്തെ എല്ലാ സ്ഥാപനങ്ങളിലും കയർ ഉത്പന്നങ്ങൾ എത്തിക്കണം

 കയർ കോർപ്പറേഷൻ,​ കയർ ബോർഡ്,​ സർക്കാർ എന്നിവർ കയർ വ്യവസായത്തെ കൈപിടിച്ചുയർത്തണം

റോയി.പി.തിയോച്ചൻ, പ്രവാസി വ്യവസായി, പാം ബീച്ച് റിസോർട്ട് ഉടമ

 ആലപ്പുഴയിൽ ഹൗസ്,​ ബോട്ട്,​ ബീച്ച് പുന്നമട എന്നിവ കേന്ദ്രീകരിച്ചാണ് ഇപ്പോൾ വിനോദ സഞ്ചാരം നടക്കുന്നത്. കൂടുതൽ മാറ്റങ്ങൾ ആവശ്യമാണ്. 40 വർഷം മുമ്പ് കയർ അനുബന്ധ വ്യവസായങ്ങളാൽ സമ്പന്നമായിരുന്നു ആലപ്പുഴ.

 ജില്ലയിൽ രണ്ടോ മൂന്നോ ഫൈവ് സ്റ്റാർ ഹോട്ടലുകളാണുള്ളത്. ടൂറിസം വളരണമെങ്കിൽ ഇത് മതിയാകില്ല

 ബീച്ചിൽ എത്തുന്നവരെ കാത്തിരിക്കുന്നത് കൊതുകുകളും നായകളുമാണ്. ഇതിനെല്ലാം പരിഹാരം ആവശ്യമാണ്. ഇത് ഒന്നോരണ്ടോ പേർ വിചാരിച്ചാൽ മാറുന്നതല്ല

ബഷീർ കോയാപറമ്പിൽ, വ്യാപാരി, മുൻ നഗരസഭാംഗം

 ആലപ്പുഴയിൽ നിന്ന് അന്യം നിന്ന് പോയ നിരവധി വ്യവസായങ്ങളുണ്ട്. അവ തിരിച്ചുകൊണ്ടുവരാനുള്ള പ്രവർത്തനങ്ങൾ നടപ്പിലാക്കണം

 കയർ വ്യവസായം നിരവധി പ്രതിസന്ധി നേരിടുന്നുണ്ട്. അവ മനസിലാക്കി കൃത്യമായ ഇടപെടലുകൾ നടപ്പാക്കണം

 പണ്ട് കൊപ്രായ്ക്ക് പേരുകേട്ട സ്ഥലം ചുങ്കമായിരുന്നു. ഇന്ന് അതെല്ലാം ഇവിടെ നിന്ന് നഷ്ടമായി. ഇവയെല്ലാം ആലപ്പുഴയിലേക്ക് തിരിച്ചെത്തിക്കണം

സൂര്യാ സുവി, കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ

 റസ്റ്ററന്റ് മേഖലയിൽ പൊലൂഷൻ സർട്ടിഫിക്കറ്റ് ലഭിക്കാൻ വലിയ ബുദ്ധിമുട്ടാണ് നേരിടുന്നത്. വ്യവസായം മുന്നോട്ട് പോകാൻ ഈ പ്രശ്നങ്ങൾ പരിഹരിക്കണം

 ജി.എസ്.ടിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ അടിയന്തരമായി പരിഹരിക്കണം

 ഇപ്പോഴത്തെ തലമുറയെ സംരക്ഷിക്കാതെ വരാനിരിക്കുന്ന തലമുറയെ സംരക്ഷിക്കുന്ന പ്രവണത മാറണം. ഈ തലമുറയെക്കൂടി പരിഗണിച്ച് മുന്നോട്ട് പോകണം