ഓണ്‍ലൈന്‍ ബെറ്റിംഗ് ആപ്പ് കേസ്, യുവരാജ് സിംഗിനെ ഇ ഡി ചോദ്യംചെയ്തു

Tuesday 23 September 2025 11:26 PM IST

ന്യൂഡല്‍ഹി: അനധികൃത ഓണ്‍ലൈന്‍ ബെറ്റിംഗ് പ്ലാറ്റ്ഫോമുകള്‍ക്കെതിരായ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം യുവരാജ് സിംഗിനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യംചെയ്തു. ഇന്നലെ രാവിലെ 11.30 ഓടെ ഡല്‍ഹിയിലെ ഇ.ഡി ഓഫീസിലെത്തിയ യുവരാജിന്റെ മൊഴി ഉദ്യോഗസ്ഥര്‍ രേഖപ്പെടുത്തി.

വണ്‍ എക്സ് ബെറ്റ് എന്ന ഓണ്‍ലൈന്‍ ബെറ്റിംഗ് ആപ്പുമായി ബന്ധപ്പെട്ട കേസിലാണ് നടപടി. ഇതേ കേസില്‍ തിങ്കളാഴ്ച മുന്‍ ഇന്ത്യന്‍ ക്രക്കറ്റര്‍ റോബിന്‍ ഉത്തപ്പയെ ഇ.ഡി ചോദ്യംചെയ്തിരുന്നു. നേരത്തെ മുന്‍ ക്രിക്കറ്റ് താരങ്ങളായ സുരേഷ് റെയ്ന, ശിഖര്‍ ധവാന്‍ എന്നിവരെയും ചോദ്യംചെയ്തിരുന്നു.

മുന്‍ തൃണമൂല്‍ കോണ്‍ഗ്രസ് എം.പിയും നടിയുമായി മിമി ചക്രവര്‍ത്തി, ബംഗാളി നടന്‍ അംകുഷ് ഹസ്ര എന്നിവരെയും ചോദ്യം ചെയ്തിരുന്നു. ബൊളിവുഡ് നടന്‍ സോനു സൂദിന് ഇന്ന് ഹാജരാകാന്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്.

വണ്‍ എക്സ് ബെറ്റ് ഉള്‍പ്പെടെയുള്ള ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകള്‍ നികുതി വെട്ടിപ്പ് ഉള്‍പ്പെടെ കോടിക്കണക്കിന് രൂപയുടെ തട്ടിപ്പ് നടത്തിയെന്ന സംശയത്തെ തുടര്‍ന്നാണ് ഇ.ഡി കള്ളപ്പണം തടയല്‍ നിയമപ്രകാരം കേസെടുത്തത്.