യുപിയിൽ പൊതുസ്ഥലങ്ങളിൽ ഇനി ആ പരിപാടി പറ്റില്ല, തെറ്റിച്ചാൽ പിഴ ഈടാക്കാൻ സർക്കാർ

Tuesday 23 September 2025 11:44 PM IST

ന്യൂഡൽഹി: ജാതി അടിസ്ഥാനത്തിലുള്ള രാഷ്ട്രീയ റാലികളും പൊതുപരിപാടികളും നിരോധിച്ച് ഉത്തർ പ്രദേശ് സർക്കാർ. പൊലീസ് രേഖകളിലും പൊതു അറിയിപ്പുകളിലും ജാതി സംബന്ധമായ പരാമർശങ്ങൾ ഉപയോഗിക്കരുതെന്നും ഉത്തരവിട്ടു. ജാതിവിവേചനം ഇല്ലാതാക്കാൻ ലക്ഷ്യമിട്ടുള്ള അലഹബാദ് ഹൈക്കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിലാണ് നടപടി. ഉത്തരവ് ലംഘിച്ച് വാഹനങ്ങളിലും പൊതുസ്ഥലങ്ങളിലും ജാതി അടിസ്ഥാനത്തിലുള്ള സ്റ്റിക്കറുകളോ മുദ്രാവാക്യങ്ങളോ പതിച്ചാൽ പിഴ ഈടാക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. സമൂഹ മാദ്ധ്യമങ്ങളിൽ ജാതിയുടെ പേരിലുള്ള അഭിമാനമോ വിദ്വേഷമോ പ്രോത്സാഹിപ്പിക്കുന്ന തരം പോസ്റ്റുകൾ നിരീക്ഷിക്കും.

പൊലീസ് എഫ്.ഐ.ആറിലും അറസ്റ്റ് രേഖകളിലും ജാതി രേഖപ്പെടുത്തരുതെന്ന് ആക്ടിംഗ് ചീഫ് സെക്രട്ടറി ദീപക് കുമാർ നിർദ്ദേശം നൽകി. തിരിച്ചറിയാനായി ജാതിക്ക് പകരം രക്ഷിതാക്കളുടെ പേര് ചേർക്കാം. സംസ്ഥാനത്തെ ക്രൈം ആൻഡ് ക്രിമിനൽ ട്രാക്കിംഗ് നെറ്റ് വർക്ക് ആൻഡ് സിസ്റ്റംസ് പോർട്ടലിൽ നിന്ന് ജാതി രേഖപ്പെടുത്താനുള്ള കോളം നീക്കംചെയ്യും.അതേസമയം, പട്ടികജാതി പട്ടികവർഗക്കാർക്കെതിരായ അതിക്രമം തടയൽ നിയമപ്രകാരമുള്ള കേസുകളിൽ ഇതിന് ഇളവുണ്ടാകും. ഇത്തരം കേസുകളിൽ ജാതി ചേർക്കേണ്ടത് നിയമപരമായ ആവശ്യമായതിനാൽ ജാതി പരാമർശിക്കാം.

ജാതി അടിസ്ഥാനത്തിലുള്ള റാലികൾ പൊതുക്രമത്തിനും ഭരണഘടനാ മൂല്യങ്ങൾക്കും എതിരാണെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. എഫ്.ഐ.ആർ, അറസ്റ്റ് മെമ്മോകൾ, മറ്റ് പൊലീസ് രേഖകൾ എന്നിവയിൽ ജാതി പരാമർശിക്കരുതെന്ന് പൊലീസിന് പ്രത്യേകം നിർദ്ദേശം നൽകിയിട്ടുണ്ട്. തിരിച്ചറിയാൻ മാതാപിതാക്കളുടെ പേര് നൽകാം. ജില്ലാ മജിസ്‌ട്രേറ്റുമാർ, പൊലീസ് മേധാവികൾ, മറ്റ് ഉന്നത ഉദ്യോഗസ്ഥർ എന്നിവർക്ക് കഴിഞ്ഞ ഞായറാഴ്ചയാണ് കോടതി നിർദ്ദേശം നൽകിയത്.