നിർണ്ണായക പങ്കാളിയാണ് ഇന്ത്യയെന്ന് അമേരിക്ക, ചർച്ചകൾ തുടരുമെന്ന് പ്രഖ്യാപനം
ന്യൂഡൽഹി: ഇന്ത്യ, യു.എസിന്റെ നിർണ്ണായക പങ്കാളിയാണെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ. വ്യാപാരം, പ്രതിരോധം, ഊർജ്ജം, മരുന്നുകൾ, ധാതുക്കൾ തുടങ്ങിയ വിഷയങ്ങളിൽ ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറുമായി ചർച്ച നടത്തിയതായും റൂബിയോ എക്സ് പോസ്റ്റിൽ പറഞ്ഞു.
ഉഭയകക്ഷി, രാജ്യാന്തര വിഷയങ്ങൾ ചർച്ചയായയെന്നും മുൻഗണനാ മേഖലകളിൽ സഹകരണത്തിനുള്ള ചർച്ചകൾ തുടരാൻ തീരുമാനിച്ചുവെന്നും ജയശങ്കർ കൂടിക്കാഴ്ചയ്ക്കുശേഷം പറഞ്ഞു. യു.എൻ വാർഷിക അസംബ്ലിയിൽ പങ്കെടുക്കാൻ ന്യൂയോർക്കിലെത്തിയതായിരുന്നു ജയശങ്കർ.
യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇന്ത്യക്കുമേൽ 50 ശതമാനം ഇറക്കുമതി തീരുവ ചുമത്തിയതിനുശേഷം ആദ്യമായാണ് ജയശങ്കറും മാർക്കോ റൂബിയോയും നേരിട്ട് ചർച്ച നടത്തുന്നത്. ഇന്ത്യ, റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നതാണ് അധികത്തീരുവ ചുമത്താൻ ട്രംപിനെ പ്രേരിപ്പിച്ചത്.
അധികത്തീരുവ ചുമത്തിയതിന് പിന്നാലെ ഇന്ത്യ-യു.എസ് ബന്ധം വെല്ലുവിളി നേരിട്ടെങ്കിലും അടുത്തിടെ ഇരുഭാഗത്തുനിന്നും ബന്ധം മെച്ചപ്പെടുത്താനുള്ള ശ്രമങ്ങളുണ്ടായി. ഇന്ത്യ-യു.എസ് വ്യാപാര ചർച്ചകൾ പുനരാരംഭിക്കാനായി കേന്ദ്ര വാണിജ്യ മന്ത്രി പിയൂഷ് ഗോയലിന്റെ നേതൃത്വത്തിലുള്ള സംഘവും യു.എസിലെത്തിയിട്ടുണ്ട്. നേരത്തെ വ്യാപാര ചർച്ചകൾക്കായി ഇന്ത്യയിലെത്തേണ്ടിയിരുന്ന യു.എസ് സംഘം യാത്ര റദ്ദാക്കിയിരുന്നു.