പാലിയേക്കരയിൽ ടോൾപിരിവ് നീളുമോ?

Wednesday 24 September 2025 12:14 AM IST

തൃശൂർ: പാലിയേക്കരയിലെ ടോൾ പിരിവ് പുനരാരംഭിക്കുന്നതിൽ വിധി പറയാനിരിക്കെ ഹൈക്കോടതിയെ ഉറ്റുനോക്കി ടോൾവിരുദ്ധ ഹർജിക്കാരും ദേശീയപാതാ അതോറിറ്റിയും കരാർ കമ്പനിയും. മുരിങ്ങൂരിൽ സർവീസ് റോഡിന്റെ വശം ഇടിഞ്ഞതോടെ തിങ്കളാഴ്ച ടോൾപിരിക്കാൻ ഉപാധികളോടെ അനുമതി നൽകാമെന്ന് പ്രഖ്യാപിച്ച കോടതി പിന്തിരിഞ്ഞിരുന്നു. ഒരാഴ്ച മുൻപ് ടാറിംഗ് നടത്തിയ സർവീസ് റോഡാണ് ഞായറാഴ്ച രാവിലെ ഏഴോടെ ഇടിഞ്ഞത്. മുരിങ്ങൂരിനും കോട്ടമുറിക്കും ഇടയിൽ നരസിംഹമൂർത്തി ക്ഷേത്രത്തിന് സമീപം അടിപ്പാതയുടെ അനുബന്ധ നിർമ്മാണത്തിനായി എട്ട് അടിയോളം ആഴത്തിൽ കുഴിച്ചിരുന്നു. ഈ കുഴിയിൽ മഴവെള്ളം നിറഞ്ഞതാണ് റോഡ് ഇടിയാൻ കാരണം. മുരിങ്ങൂരിലെ പ്രശ്‌നം കളക്ടർ അർജുൻ പാണ്ഡ്യനാണ് തിങ്കളാഴ്ച കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തിയത്. ഇതേത്തുടർന്ന് റോഡ് നന്നാക്കിയശേഷം ടോൾ പിരിവിൽ തീരുമാനമെടുക്കാമെന്ന് കോടതി അറിയിക്കുകയായിരുന്നു. പാലിയക്കേരയിൽ ടോൾ നിറുത്തിവച്ചിട്ട് ഇന്നേക്ക് 48 ദിവസം തികയും. സർവീസ് റോഡിലെ പ്രശ്‌നവും ഇഴഞ്ഞുനീങ്ങുന്ന വാഹനങ്ങളും തുടർക്കഥയായ മണ്ണുത്തി - ഇടപ്പള്ളി ദേശീയപാതയിലെ പാലിയേക്കരയിൽ കഴിഞ്ഞ ആഗസ്റ്റ് ആറിനാണ് പിരിവ് നിറുത്തിവയ്ക്കാൻ ഹൈക്കോടതി ഉത്തരവിട്ടത്.

പിരിച്ചത് 1700 കോടിയിലേറെ

ടോൾപിരിവ് തുടങ്ങിയത് മുതൽ ഇതുവരെ ഏകദേശം 1700 കോടിയിലേറെ രൂപ പിരിച്ചെന്നാണ് ഔദ്യോഗിക കണക്ക്. വിശദമായ പദ്ധതിരേഖയിൽ 302 കോടി ചെലവ് കണക്കാക്കിയ പാതയ്ക്ക് 723 കോടി രൂപ ചെലവഴിച്ചെന്നാണ് കണക്ക്. തുകയുടെ ഇരട്ടിയിലേറെ തുക പിരിച്ചെടുത്ത സ്ഥിതിക്ക് ടോൾ പിരിവ് പൂർണമായും ഒഴിവാക്കണമെന്നാണ് പാലിയേക്കര ടോൾ പിരിവ് കേസിലെ ഹർജിക്കാരൻ അഡ്വ. ഷാജിയുടെ ആവശ്യം. പാലിയേക്കര ടോൾ പ്ലാസയിൽ നിന്നും ഒരു ദിവസം മാത്രം 50 - 60 കോടി രൂപ വരെ ഇപ്പോൾ പിരിച്ചെടുക്കുന്നുണ്ട്.

കെ.എസ്.ആർ.ടി.സിക്ക് 90 ലക്ഷം ലാഭം

തൃശൂർ: പാലിയേക്കര ടോൾ പിരിവ് താത്കാലികമായി നിറുത്തിയതോടെ കെ.എസ്.ആർ.ടി.സിക്ക് 90 ലക്ഷം രൂപയുടെ ലാഭം. കഴിഞ്ഞ മാസം ആറിനാണ് ടോൾ പിരിവ് നിറുത്തിവയ്ക്കാൻ ഹൈക്കോടതി ഉത്തരവിട്ടത്. പാലിയേക്കര ടോൾ വഴി 800 ഓളം കെ.എസ്.ആർ.ടി.സി ബസ് ട്രിപ്പുകളാണ് കടന്നു പോകുന്നത്. ടോൾ ഇനത്തിൽ ഒരു മാസം മറ്റു സംസ്ഥാനങ്ങളിലേക്ക് പോകുന്ന ബസുകൾക്കടക്കം രണ്ട് കോടി രൂപയാണ് നൽകുന്നത്. ഇതിൽ ഏറ്റവും പ്രധാനപ്പെട്ട ടോളാണ് പാലിയേക്കര ടോൾ. ഇതുവഴിയാണ് കൂടുതൽ ബസുകളും കടന്നു പോകുന്നത്.

കെ.എസ്.ആർ.ടി.സി ബസുകൾക്ക് മാത്രമല്ല, സ്വകാര്യ ബസുകൾക്കും ലോറികൾക്കും സ്വകാര്യ വാഹനങ്ങൾക്കും വലിയ ആശ്വാസമാണ് പിരിവ് നിറുത്തി വച്ചത്. കോടതി ടോൾ പുനഃസ്ഥാപിക്കുമ്പോൾ പുതിയ നിരക്കിലുള്ള ടോളായിരിക്കും ഈടാക്കുക.

അഞ്ച് അടിപ്പാതകളുടെ നിർമ്മാണം നടക്കുന്നതിനാൽ ദേശീയപാതയിലൂടെയുള്ള യാത്രയ്ക്ക് ഇരട്ടിസമയം ചെലവഴിക്കേണ്ടി വരുന്നുണ്ട്. ടോൾ പകുതിയായെങ്കിലും കുറയ്ക്കണം. 2024 വരെ മാത്രം ടോൾ പിരിക്കാൻ ഉണ്ടായിരുന്ന അനുമതി 2028 വരെ ദീർഘിപ്പിച്ചത് അന്യായമാണ്.

അഡ്വ. ഷാജി കോടങ്കണ്ടത്ത്