വിമാനത്തിലെ സാഹസിക യാത്ര, അഫ്ഗാൻ ബാലനെ തിരിച്ചയച്ചു

Wednesday 24 September 2025 12:29 AM IST

ന്യൂഡൽഹി: വിമാനത്തിന്റെ പിൻചക്രക്കൂടിൽ ഒളിച്ചിരുന്ന് മണിക്കൂറോളം യാത്ര ചെയ്ത അഫ്ഗാൻ ബാലനെ അതേ വിമാനത്തിൽ തിരിച്ചയച്ചു.

കാബൂളിൽ നിന്നുള്ള വിമാനത്തിന്റെ ലാൻഡിംഗ് ഗിയറിൽ ആരും കാണാതെ കയറിയിരുന്നാണ് ബാലൻ ഡൽഹിയിലെത്തിയത്. ഞായറാഴ്ച രാവിലെ കാബൂളിൽ നിന്ന് പുറപ്പെട്ട കാം എയറിന്റെ ആർ.ക്യൂ 4401 വിമാനത്തിൽ 94 മിനിറ്റ് യാത്ര ചെയ്താണ് കഴിഞ്ഞ ദിവസം ഡൽഹിയിലെത്തിയത്. വിമാനത്താവളത്തിലെ ജീവനക്കാരാണ് ലാൻഡിംഗ് ഗിയർ കംപാർട്ട്‌മെന്റിൽ ഒളിച്ചിരിക്കുന്ന കുട്ടിയെ കണ്ടെത്തിയത്. അഫ്ഗാൻ കുർത്ത ധരിച്ച കുട്ടിയ ജീവനക്കാർ സംശയം തോന്നിയ ജീവനക്കാർ സി.ഐ.എസ്.എഫിന് കൈമാറി. കുട്ടിയുടെ കൈയിൽ ചുവന്ന നിറത്തിലുള്ള ഒരു ഓഡിയോ സ്പീക്കറുമുണ്ടായിരുന്നു. ഇമിഗ്രേഷൻ വിഭാഗം ഉദ്യോഗസ്ഥരും കുട്ടിയോട് കാര്യങ്ങൾ ചോദിച്ചുമനസിലാക്കി. ഇറാനിലേക്ക് പോകാനാണ് വിമാനത്തിൽ ഒളിച്ചിരുന്നതെന്നാണ് കുട്ടി പറഞ്ഞത്. എന്നാൽ കയറിയ വിമാനം മാറിപ്പോയി. എത്തിയത് ഡൽഹിയിലാണ്. ഞായറാഴ്ച വൈകിട്ട് കാബൂളിലേക്ക് തിരിച്ചയച്ചു.

1996ലും, ഒരാൾ രക്ഷപ്പെട്ടു

ഇന്ത്യയിൽ ഇത്തരത്തിലുള്ള രണ്ടാമത്തെ സംഭവമാണിത്. 1996 ഒക്ടോബർ 14ന് പ്രദീപ് സൈനി (22), വിജയ് സൈനി(19) എന്നീ സഹോദരൻമാർ സമാനരീതിയിൽ ബ്രിട്ടീഷ് എയർവേസ് വിമാനത്തിൽ ഡൽഹിയിൽ നിന്ന് ലണ്ടനിലേക്ക് യാത്ര ചെയ്തു. ലണ്ടനിലെത്തിയപ്പോഴേക്കും വിജയ് സൈനി മരിച്ചിരുന്നു. പ്രദീപ് രക്ഷപ്പെട്ടു. വിമാനത്തിൽ ഗിയർ കംപാർട്ട്‌മെന്റിലിരുന്ന് ഒന്നരമണിക്കൂറിലധികം സമയം യാത്ര ചെയ്ത കുട്ടി രക്ഷപ്പെട്ടത് അദ്ഭുതകരമാണെന്നാണ് വ്യോമയാന മേഖലയിലെ വിദഗ്ദ്ധർ പറയുന്നത്. 30,000 അടി ഉയരത്തിൽ യാത്ര ചെയ്യുമ്പോൾ കൊടുംതണുപ്പും ഓക്‌സിജന്റെ കുറവും കാരണം അബോധാവസ്ഥയിലാകാനും മരണം സംഭവിക്കാനും സാദ്ധ്യതയുണ്ട്.

ലാൻഡിംഗ് ഗിയർ

വിമാനത്തിനെ ടേക്ക് ഓഫ് ചെയ്യാനും ലാൻഡ് ചെയ്യാനും ടാക്‌സിയിംഗിനും സഹായിക്കുന്ന ചക്രങ്ങളും സ്ട്രറ്റുകളും ബ്രേക്കുകളും ചേർന്ന സംവിധാനം. ചിറകുകൾക്കടിയിൽ രണ്ട് പ്രധാന ചക്രങ്ങളും മുന്നിൽ ചെറിയ ചക്രവുമുള്ള ട്രൈസിക്കിൾ ലാൻഡിംഗ് ഗിയർ ആണ് മിക്ക വിമാനങ്ങളിലും ഉപയോഗിക്കുന്നത്. മുന്നിൽ രണ്ട് പ്രധാന ചക്രങ്ങളും പിന്നിൽ ഒരു ചക്രവുമുള്ള ടെയ്ൽ വീൽ ലാൻഡിംഗ് ഗിയറാണ് ചെറിയ വിമാനങ്ങളിൽ ഉപയോഗിക്കുന്നത്.