വീട്ടുകാരുടെ പരാതി ശരിവച്ച് പോസ്റ്റുമോർട്ടം റിപ്പോർട്ട് നൃത്താദ്ധ്യാപകന്റെ മരണ കാരണം മർദ്ദനം

Wednesday 24 September 2025 1:31 AM IST

സ്വകാര്യ ആശുപത്രി ജീവനക്കാർക്കെതിരെ കുടുംബം

നേമം: വെള്ളായണിയിലെ നൃത്ത അദ്ധ്യാപകന്റെ മരണകാരണം ശരീരത്തിലേറ്റ ക്ഷതം കാരണമാണെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്. വെള്ളായണി കുരുമി റോഡിൽ മഹേശ്വര ഡാൻസ് അക്കാഡമിയിലെ അദ്ധ്യാപകൻ മഹേഷിന്റെ (29) മരണത്തിലാണ് നിർണായക വഴിത്തിരിവ്.

മഹേഷ് മാനസികപ്രശ്‌നത്തിന് ചികിത്സ തേടിയ സ്വകാര്യ ആശുപത്രിയിലെ ജീവനക്കാർ ക്രൂരമായി മർദ്ദിച്ചെന്നും ഇതാണ് മരണത്തിലേക്ക് നയിച്ചതെന്നും കുടുംബം നേരത്തെ ആരോപിച്ചിരുന്നു. മ്യൂസിയം പൊലീസിൽ നൽകിയ പരാതി ശരിവയ്ക്കുന്നതാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട്. എന്നാൽ ആശുപത്രി അധികൃതർ ആരോപണം നിഷേധിച്ചു.

മഹേഷിന്റെ ശരീരത്തിൽ ഗുരുതരമായ 22 ​മുറിവുകളുണ്ടെന്നും ശ്വാസകോശത്തിൽ രക്തം കയറിയതാണ് മരണകാരണമെന്നും പോസ്റ്റുമോർട്ടം റിപ്പോർട്ടിലുണ്ട്. ശാന്തിവിള കുരുമി ദുർഗ ദേവീ ക്ഷേത്രത്തിനു സമീപം വലിയവിള പുത്തൻവീട്ടിൽ മധുസൂദനന്റെയും പദ്മിനിയുടെയും മകനായ മഹേഷ് മാനസിക ബുദ്ധിമുട്ടുകളെ തുടർന്ന് കഴിഞ്ഞമാസം ഏഴിനാണ് ശാസ്‌തമംഗലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

അടുത്ത ദിവസങ്ങളിൽ ബഹളമുണ്ടാക്കിയപ്പോൾ ഏഴോളം ആശുപത്രി ജീവനക്കാർ മഹേഷിനെ മർദ്ദിച്ചെന്നും ഒപ്പമുള്ളവർ വാർഡിന് പുറത്തുപോകുമ്പോഴായിരുന്നു മർദ്ദനമെന്നും കുടുംബാംഗങ്ങൾ പറയുന്നു. ഓടിപ്പോകാതിരിക്കാൻ ആശുപത്രി അധികൃതർ കൈയും കാലും കെട്ടിയിട്ടു. 12ന് രാവിലെ ബാത്ത്റൂമിലേക്ക് അമ്മ കൈപിടിച്ച് കൊണ്ടുപോകുന്നതിനിടെ കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു.

ഹൃദയാഘാതമാണ് മരണകാരണമെന്നായിരുന്നു ആശുപത്രി അധികൃതരുടെ വാദം. അമ്മ പദ്മിനി തൊഴിലുറപ്പ് തൊഴിലാളിയും അച്ഛൻ കിടപ്പുരോഗിയുമാണ്. സഹോദരി മനൂജ വികലാംഗയാണ്. വിവാഹിതനായ സഹോദരൻ മനോജ് കൂലിപ്പണിയെടുത്താണ് കുടുംബം പോറ്റുന്നത്.

പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ചിട്ടും പൊലീസ് നടപടി സ്വീകരിക്കുന്നില്ല. കുറ്റക്കാരെ സംരക്ഷിക്കുന്നു. പണമില്ലാത്തതിനാൽ ഞങ്ങൾക്ക് നീതി ലഭിക്കില്ല.

പദ്മിനി,​ മഹേഷിന്റെ അമ്മ