ട്രംപിനു പോകണം: മാക്രോൺ തെരുവിൽ
ന്യൂയോർക്ക്: 'താൻ തെരുവിൽ നൽക്കുകയാണ്. താങ്കൾക്ക് പോകേണ്ടതിനാൽ എനിക്ക് പോകാൻ അനുവാദമില്ല " -
യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ വിളിച്ചു പരാതി പറഞ്ഞത് ഫ്രഞ്ച് പ്രസിഡന്റ് സാക്ഷാൽ ഇമ്മാനുവൽ മാക്രോൺ.
ട്രംപിന്റെ വാഹനവ്യൂഹം കടന്നുപോകുന്നതിനായി റോഡുകൾ അടച്ചതോടെ ന്യൂയോർക്കിലെ തെരുവിലാണ് മാക്രോൺ കുടുങ്ങിയത്.
ഐക്യരാഷ്ട്രസഭയുടെ പൊതുസമ്മേളനത്തിലെ (യു.എൻ.ജി.എ) പ്രസംഗത്തിനുശേഷം എംബസിയിലേക്ക് മടങ്ങുന്നതിനിടെയാണ് സംഭവം.
വഴി അടഞ്ഞതോടെ മാക്രോൺ കാറിൽ നിന്നിറങ്ങി റോഡ് തടഞ്ഞതിനെക്കുറിച്ച് പൊലീസിനോട് അന്വേഷിച്ചു. ട്രംപിന്റെ വാഹനവ്യൂഹം കടന്നുപോകുന്നതിനാലാണ് വഴിയടച്ചതെന്ന് പോലീസ് അറിയിച്ചതോടെ മാക്രോൺ ട്രംപിനെ ഫോണിൽ വിളിച്ചു.
ബാരിക്കേഡിന് സമീപം നിന്നാണ് വിളിച്ചത്. കുശലാന്വേഷണം നടത്തിയശേഷം വഴികൾ അടച്ചിരിക്കുന്നതിനാൽ താൻ തെരുവിൽ നൽക്കുകയാണെന്ന് ചിരിയോടെ പറഞ്ഞു.ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ സാമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
മാക്രോൺ സംസാരിക്കുന്നതിനിടയിൽ ട്രംപിന്റെ വാഹനവ്യൂഹം കടന്നുപോവുന്നുണ്ട്
എന്നാൽ, മാക്രോൺ ഫോൺ സംഭാഷണം തുടർന്നുകൊണ്ട് കാൽനടയായി യാത്ര തുടർന്നു. പ്രസിഡന്റിന് ചുറ്റുമുണ്ടാകുന്ന വലിയ സുരക്ഷാ സന്നാഹങ്ങളോ ബഹളങ്ങളോ ഇല്ലാതെ തെരുവിലൂടെ നടന്ന ഫ്രഞ്ച് പ്രസിഡന്റിനോടോപ്പം ആളുകളുടെ സെൽഫികൾക്കും ഫോട്ടോകൾക്കും തിരക്കുകൂട്ടി.ഇതിനിടയിൽ ഒരാൾ ഫ്രഞ്ച് പ്രസിഡന്റിന്റെ നെറ്റിയിൽ ചുംബിക്കുന്നതും വീഡിയോയിൽ കാണാം.