വെടിനിറുത്തൽ വേണം: ട്രംപ്
വാഷിംഗ്ടൺ: ഗാസയിൽ വെടിനിർത്തൽ എങ്ങനെയെങ്കിലും നടപ്പാക്കണമെന്നും ബന്ദികളെ ഉടൻ വിട്ടയക്കണമെന്നും യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. യു.എസ് ഇന്ന് ലോകത്തിലെ ഏറ്റവും ശക്തമായതും എല്ലാ രാജ്യങ്ങളും ഏറ്റവുമധികം ബഹുമാനിക്കുന്ന രാജ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഏഴ് യുദ്ധങ്ങൾ 7 മാസം കൊണ്ട് അവസാനിപ്പിച്ചെന്നും അതിനാൽ നൊബേൽ പ്രൈസ് തനിക്ക് അവകാശപ്പെട്ടതാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ- പാക്കിസ്ഥാൻ യുദ്ധം അവസാനിപ്പിച്ചതും താനാണെന്നും എന്നാൽ ഒരു നന്ദി പോലും യു.എൻ രേഖപ്പെടുത്തിയില്ലെന്നും ട്രംപ് പറഞ്ഞു.യുഎന്നിന് നിലനിൽക്കാൻ കഴിയുമോ എന്ന് പോലും സംശയമാണെന്നും. ലോകത്തിന് നേതൃത്വം നൽകേണ്ടത് അമേരിക്കയാണെന്നും അദ്ദേഹം പറഞ്ഞു.
ഐക്യരാഷ്ട്രസഭയിലെ വാർഷിക സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.ട്രംപിന്റെ പ്രസംഗം തുടങ്ങുന്നതിന് മുൻപ് ടെലിപ്രോംപ്റ്റർ പ്രവർത്തന രഹതമായി.തനിക്ക് യുഎൻ നൽകിയത് പ്രവർത്തിക്കാത്ത ടെലിപ്രോംപ്റ്ററും, കേടു വന്ന ഒരു എസ്കലേറ്ററുമാണെന്നും മെലാനിയ ട്രംപ് അത് കാരണം വീഴാൻ പോയെന്നും ഡൊണാൾഡ് ട്രംപ് യു.എന്നിൽ പറഞ്ഞു.
അനധികൃത കുടിയേറ്റം ഭയാനകം
യൂറോപ്പിൽ അനധികൃത കുടിയേറ്റം ഭയാനകമാണെന്നും. ശരിയ നിയമങ്ങളിലേക്ക് ലണ്ടൻ പോകുകയാണെന്നും പറഞ്ഞ ട്രംപ് ലണ്ടൻ മേയർ സാദിഖ് ഖാനേയും വിമർശിച്ചു.അനധികൃത കുടിയേറ്റം തടഞ്ഞില്ലെങ്കിൽ യൂറോപ്പ് നരകത്തിലേക്കാണ് പോവുന്നതെന്നും ട്രംപ് കൂട്ടിച്ചേർത്തു.കൂടാതെ റഷ്യ- യുക്രെയ്ൻ യുദ്ധത്തിന്റെ പ്രധാന സ്പോൺസർ ഇന്ത്യയും ചൈനയുമാണെന്നും റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് നിർത്തണമെന്നും യൂറോപ്യൻ യൂണിയൻ ഇന്ത്യക്കും ചൈനക്കും എതിരെ ഉയർന്ന തീരുവകൾ ചുമത്തണെന്നും ട്രംപ് പറഞ്ഞു.