ആഘോഷം മധുരമാക്കി മധുവിന്റെ ജന്മദിനം
തിരുവനന്തപുരം: ജന്മദിനം എത്രാമെത്തേതാണെങ്കിലും ആഘോഷിക്കാറില്ലെന്നാണ് മലയാള സിനിമയുടെ കാരണവർ മധു എപ്പോഴും പറയുന്നത്. എന്നാൽ, ആരാധകരും സിനിമ പ്രവർത്തകരും സ്നേഹിതരും വെറുതെയിരുന്നില്ല. 92-ാം ജന്മദിനത്തിൽ കണ്ണമ്മൂലയിലെ ശ്രീഭവനത്തിലെത്തിയ അവർ പായസവും മധുരവും വിളമ്പി ആഘോഷമാക്കി.
സാധാരണ വൈകിയുറങ്ങി വൈകിയെഴുന്നേൽക്കുന്ന ശീലമാണെങ്കിലും ഇന്നലെ രാവിലെ ഏഴിന് തന്നെ വിളിച്ചുണർത്തിയെന്ന് മധു പറഞ്ഞു. ഫോണിലൂടെ എത്തിയ ജന്മദിനാശംസകൾക്കും സ്നേഹാദരവുകൾക്കും മറുപടി പറയുകയായിരുന്നു ഉച്ചയ്ക്ക് 12 വരെ. ഉച്ചയോടെ സി.പി.ഐ നേതാവ് പന്ന്യൻ രവീന്ദ്രനെത്തി പൊന്നാട അണിയിച്ചു. തോപ്പിൽ ഭാസിയുടെ തിരഞ്ഞെടുത്ത കഥകൾ എന്ന പുസ്തകം സമ്മാനിച്ചു. നടൻ അലൻസിയർ, സംവിധായകൻ വയലാർ മാധവൻകുട്ടി എന്നിവരടക്കമുള്ള സിനിമ പ്രവർത്തകരും വിവിധ സംഘടനകളും പൊന്നാട അണിയിച്ച് ആശംസകൾ നേർന്നു.
തുടർന്ന് നടി ജലജ,നിർമ്മാതാവ് കല്ലിയൂർ ശശി, നടൻ ജഗദീഷ് എന്നിവരുമെത്തി. മധു അഭിനയിച്ച പ്രസിദ്ധവും അല്ലാത്തതുമായ സിനിമകളിലെ അനശ്വര രംഗങ്ങളും ഗാനങ്ങളും ഓർമ്മിച്ചെടുത്ത ജഗദീഷ്, ഒരു മണിക്കൂറോളം അദ്ദേഹത്തോടൊപ്പം ചെലവഴിച്ചു.അതിനിടയിൽ ആശംസകൾ നേരുന്നതിനായി നടൻ മോഹൻലാൽ അടക്കമുള്ളവരുടെ ഫോൺ കോളുകളുമെത്തി.നടൻ മമ്മൂട്ടി എക്സിലൂടെ (ട്വിറ്റർ) ആശംസകളറിയിച്ചു.എന്റെ സൂപ്പർ സ്റ്റാറിന് ആശംസകൾ എന്നാണ് കുറിപ്പിൽ പങ്കുവച്ചത്.പനമ്പിള്ളി സാംസ്കാരിക കേന്ദ്രത്തിന്റെ നേതൃത്വത്തിൽ ചെയർമാൻ പാലോട് രവി, ചെമ്പഴന്തി അനിൽ, വി.ആർ.പ്രതാപൻ തുടങ്ങിയവരും വസതിയിലെത്തി ആശംസകൾ നേർന്നു.
ഉച്ചകഴിഞ്ഞ് കെ.എസ്.എഫ്.ഡി.സി ചെയർമാൻ കെ.മധു, നടൻ ജോസ്, ചലച്ചിത്ര പ്രവർത്തകരായ ചന്ദ്രകുമാർ, സുകുമാർ, നൗഷാദ്, മുൻ എം.എൽ.എ കെ.എസ്.ശബരിനാഥ്, സത്യൻ സ്മാരക സമിതി പ്രവർത്തകർ, സുഗമോ ദേവി സിനിമാ ടീം പ്രവർത്തകർ എന്നിവരുമെത്തി. മകൾ ഉമയും ചെറുമകൻ വിശാഖും അദ്ദേഹത്തിന്റെ ഭാര്യ വർഷയും ചെറുമകന്റെ മകൻ ത്രിലോക് വർഷ വിശാഖും മുത്തച്ഛനെ കാണാനെത്തിയിരുന്നു.