വിസ്‌പേഴ്സ് ഒഫ് കളേഴ്‌സുമായി സെലീനയും ദീപ്‌തിയും

Wednesday 24 September 2025 2:44 AM IST

തിരുവനന്തപുരം: ദീപ്‌തിയും സെലീനയും വരയ്‌ക്കുന്ന ചിത്രങ്ങൾ വരകളോടുള്ള അഭിനിവേശത്തിന്റെ അടയാളങ്ങളാണ്. ഇന്നുമുതൽ 28വരെ വൈലോപ്പിള്ളി സംസ്‌കൃതി ഭവനിൽ വിസ്‌പേഴ്സ് ഒഫ് കളേഴ്‌സ് എന്ന പേരിലുള്ള ഇരുവരുടെയും ചിത്രപ്രദർശനം നടക്കും.

സി -ഡാക്കിൽ നിന്ന് പ്രിൻസിപ്പൽ ടെക്നിക്കൽ ഓഫീസറായി വിരമിച്ച സെലീന ഹരിദാസും പന്ത്രണ്ട് വർഷത്തെ വിദേശവാസത്തിനു ശേഷം നാട്ടിലെത്തിയ ദീപ്‌തി വിനോദും പ്രമുഖ ചിത്രകാരനായ ബി.ഡി. ദത്തന്റെ ചിത്രകലാ കൂട്ടായ്‌മയായ ദത്തത്തിൽ അംഗങ്ങളാണ്. ബുധനാഴ്ചകളിൽ ദത്തത്തിൽ ഒരുമിച്ചിരുന്ന് വരയ്‌ക്കുന്ന ഇരുവരും ചിത്രപ്രദ‍ർശനത്തിലും ഒരുമിക്കുകയാണ്.

ഔദ്യോഗിക തിരക്കുകൾക്കിടയിൽ മുപ്പത് വർഷത്തോളം വരയിൽ നിന്ന് വിട്ടുനിൽക്കേണ്ടിവന്ന സെലീന ദത്തത്തിലൂടെ തന്റെ സർഗരചനകൾ തുടച്ചുമിനുക്കുകയാണ്. ഭർത്താവ് ബാബു രാജേന്ദ്രപ്രസാദ് 25 വർഷം മുമ്പ് മരിച്ചു. സോഫ്ട്‌വെയർ എൻജിനിയർമാരായ നീതു,​നിതിൻ എന്നിവർ മക്കളാണ്.

വിപ്രോയിൽ ജോലിചെയ്തിരുന്ന ദീപ്‌തി വിദേശത്തുനിന്ന് മടങ്ങിയെത്തിയശേഷം ചിത്രരചനയിൽ സജീവമാവുകയായിരുന്നു. ഭർത്താവ് വിനോദ് ഐ.ടി രംഗത്താണ്. മകൻ വസുദേവ് പ്ളസ് ടു കഴിഞ്ഞു. ഇന്ന് വൈകിട്ട് അഞ്ചിന് ദിവ്യ എസ്.അയ്യർ ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിൽ ബി.ഡി.ദത്തൻ അദ്ധ്യക്ഷനാകും. നേമം പുഷ്പരാജ്,​നന്ദൻ ഗോപിനാഥ് എന്നിവർ സംസാരിക്കും.